വിശിഷ്ട സേവനത്തിനുശേഷം സ്പാർക്കിയും ഇവാനും ഇറങ്ങി; പകരം റൂബിയും ജൂലിയും സേനയിലേക്ക്
കൊച്ചി വിമാനത്താവളത്തില്‍ സിഐഎസ്എഫിന്റെ ഭാഗമായി ഇനി സ്പാര്‍ക്കിയും ഇവാനുമുണ്ടാകില്ല. ഡോഗ് സ്ക്വാഡിലെ അംഗങ്ങളായ രണ്ടുപേരുടേയും സേവന കാലാവധി പൂര്‍ത്തിയായി. 10 വയസ്സുള്ള ലാബ്രഡോർ ഇനമായ സ്പാർക്കിയും കോക്കർ സ്പാനിയൽ ഇനമായ ഇവാനും സേവനത്തിനുള്ള അംഗീകാരമായി ആദരങ്ങളും മെഡലുകളും ഏറ്റുവാങ്ങിയാണ് സേനയോട് വിടപറഞ്ഞത്. റൂബിയും ജൂലിയുമാണ് ഇരുവര്‍ക്കും പകരമായി സിഐഎസ്എഫിന്റെ ഭാഗമാകുന്നത്.
ഡോഗ് സ്‌ക്വാഡിലെ നായ്ക്കൾ വിരമിക്കുമ്പോൾ നൽകാറുള്ള പുള്ളിങ് ഔട്ട് ചടങ്ങിലൂടെയാണ് സ്പാര്‍ക്കിയേയും ഇവാനേയും യാത്രയയച്ചത്. ചുവന്ന പരവതാനിക്ക് മുകളിലൂടെ നായ്ക്കളെ അലങ്കരിച്ച ജീപ്പിലിരുത്തി സിഐഎസ്എഫ് അംഗങ്ങൾ വാഹനത്തിന് മുകളിൽ പുഷ്പവൃഷ്ടി നടത്തുന്ന പരമ്പരാഗത ചടങ്ങാണിത്. . റാഞ്ചിയിലെ ഡോഗ് ട്രെയിനിംഗ് സ്കൂളിൽ നിന്ന് ആറ് മാസത്തെ കഠിനമായ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് രണ്ടുപേരും സേനയുടെ ഭാഗമായത്.
2007 ജൂൺ 14ന് സൈന്യത്തിൽ നിന്ന് ലഭിച്ച രണ്ട് നായ്ക്കളെ ഉൾപ്പെടുത്തിയാണ് സിയാൽ എഎസ്ജി ഡോഗ് സ്ക്വാഡ് തുടങ്ങിയത്. നിലവിൽ 9 നായ്ക്കൾ വിമാനത്താവളത്തില്‍ ഡ്യൂട്ടി ചെയ്യുന്നുണ്ട്. സിയാൽ കെന്നൽ കെട്ടിടത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങുകള്‍.