വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: തന്നെ അകറ്റി നിര്‍ത്തിയെന്ന പ്രചാരണം അവാസ്തവമെന്ന് സികെ ആശ എംഎൽഎ
സംസ്ഥാന സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ നിന്നും മണ്ഡലത്തിലെ എംഎല്‍എയായ തന്നെ മനഃപൂർവം അകറ്റി നിർത്തിയെന്ന പ്രചാരണം അവാസ്തവമെന്ന് സികെ ആശ എംഎൽഎ. ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും തന്നെ ഉൾപ്പെടുത്തുകയും അഭിപ്രായം ചോദിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി കെ ആശ പ്രതികരിച്ചു. സിപിഐയ്ക്ക് അതൃപ്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയത്.
രണ്ട് വർഷം നീണ്ടുനിൽക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ കൺവീനറാണ് സി കെ ആശ എംഎൽഎ. ആഘോഷ കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരായ മന്ത്രിമാരായ സജി ചെറിയാനും വി എൻ വാസവനും അടക്കമുളളവർ സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും തന്റെ കൂടി അഭിപ്രായം തേടിയിരുന്നെന്നും അവർ കുറിപ്പിൽ പറയുന്നു. ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടുളള കാര്യങ്ങളിൽ എംഎൽഎ എന്ന നിലയിൽ അർഹമായ പ്രാതിനിധ്യം തനിക്ക് ലഭിച്ചെന്ന് സി കെ ആശ വ്യക്തമാക്കുന്നു.
''ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ലോഗോ എനിക്ക് കൈമാറി കൊണ്ടാണ്. എന്നാൽ, വിവാദം സൃഷ്ടിച്ചവർ ഇത് ശ്രദ്ധിച്ചിട്ടില്ല'' - സി കെ ആശ പറുന്നു.
നേരത്തെ, എംഎൽഎയെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി സിപിഐ അതൃപ്തി പ്രകടിപ്പിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പരിപാടിയോട് അനുബന്ധിച്ച് പത്രങ്ങളിൽ വന്ന പരസ്യങ്ങളിൽ എംഎൽഎയുടെ പേരോ ഫോട്ടോയോ ഉൾപ്പെടുത്താത്തതില്‍ സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിന് പരാതിയുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.
സര്‍ക്കാര്‍ സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടി വന്‍ വിജയമായിരുന്നുവെന്നും പരിപാടിക്കെതിരെ സിപിഐക്ക് പരാതിയില്ലെന്നും വ്യക്തമാക്കി ജില്ലാ സെക്രട്ടറി വി ബി ബിനുവും രംഗത്തെത്തി.