ക്രിസ്മസ് തലേന്ന് കുര്‍ബാന തര്‍ക്കം തെരുവിലേക്ക്
ഒരുമയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കുന്ന ക്രിസ്മസ് തലേന്ന് സിറോ മലബാര്‍ സഭയില്‍ തമ്മിലടി. നാളുകളായി സഭയില്‍ നിലനില്‍ക്കുന്ന കുര്‍ബാന തര്‍ക്കം സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. ജനാഭിമുഖ കുര്‍ബാന വിശ്വാസികളും അള്‍ത്താര അഭിമുഖ കുര്‍ബാന വിശ്വാസികളും തമ്മിലുള്ള തര്‍ക്കമാണ് രണ്ട് ദിവസങ്ങളായി സംഘര്‍ഷങ്ങളിലേക്ക് എത്തിയിരിക്കുന്നത്.
പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന നടക്കുമ്പോള്‍ മറ്റൊരു വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാന നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്
എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ഒരേ സമയം രണ്ട് തരം കുര്‍ബാനകള്‍ നടന്നു. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന നടക്കുമ്പോള്‍ മറ്റൊരു വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാന നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വെള്ളിയാഴ്ച രാത്രിയില്‍ തുടങ്ങിയ തര്‍ക്കങ്ങള്‍ ഇന്ന് രാവിലെ വലിയ സംഘര്‍ഷത്തിലേക്ക് നീളുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ പള്ളി അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ വരുന്നതറിഞ്ഞ് വിമത വിഭാഗം നേരത്തെ തന്നെ പള്ളിയില്‍ എത്തുകയും ജനാഭിമുഖ കുര്‍ബാന ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഫാ. ആന്റണി പുതുവേലില്‍ വന്ന് ഏകീകൃത കുര്‍ബാനയും അര്‍പ്പിച്ചു.
ഏകീകൃത കുര്‍ബാന കഴിഞ്ഞ് രാത്രി വൈകിയും ജനാഭിമുഖ കുര്‍ബാന തുടര്‍ന്നത് ഏകീകൃത കുര്‍ബാന വാദികളെ ചൊടിപ്പിക്കുകയും തര്‍ക്കമുണ്ടാവുകയുമായിരുന്നു. ഇന്ന് രാവിലെയും ഇത് ആവര്‍ത്തിച്ചു. പള്ളിക്കകത്തും പുറത്തേക്കും സംഘര്‍ഷം നീണ്ടു. തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാഴ്ച അടച്ചിട്ടിരുന്ന പള്ളി രണ്ട് ദിവസം മുൻപാണ് തുറന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പള്ളിക്കകത്ത് പോലീസ് കാവല്‍ ഒരുക്കി. മുൻപ് ആന്റണി പുതുവേലിന് ഈ വിഷയത്തില്‍ ഹൈക്കോടതി പോലീസ് സംരക്ഷണവും നല്‍കിയിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ഏത് സമയവും പൊട്ടാവുന്ന ബോംബ് ആയാണ് വിശ്വാസികള്‍ കുര്‍ബാന തര്‍ക്കത്തെ കാണുന്നത്.
കുര്‍ബാന തര്‍ക്കം
''കത്തോലിക്കാ സഭയില്‍ ലാറ്റിന്‍ പാരമ്പര്യം പിന്തുടരുന്നവരാണ് അധികപേരും. രണ്ട് ശതമാനം മാത്രമാണ് സിറിയന്‍ പാരമ്പര്യം പിന്തുടരുന്നവര്‍. സിറിയന്‍ പാരമ്പര്യ പ്രകാരം അള്‍ത്താരയ്ക്ക് അഭിമുഖമായി നിന്നുള്ള കുര്‍ബാനയാണ്. എന്നാല്‍ അതിന് കാലോചിതമായ മാറ്റങ്ങള്‍ വന്നു''- ഫാ. കിലുക്കന്‍ പറയുന്നു. 1968ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്ന് രണ്ട് തരം കുര്‍ബാനകള്‍ക്ക് അനുമതി നല്‍കി. അള്‍ത്താരയ്ക്ക് അഭിമുഖമായും അല്ലാതെ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കി ജനാഭിമുഖ കുര്‍ബാനയും നടത്താം എന്നായി. ചങ്ങനാശേരി അതിരൂപതയില്‍ അള്‍ത്താര അഭിമുഖ കുര്‍ബാനയാണ് പാരമ്പര്യം. എന്നാല്‍ പിന്നീട് പാരമ്പര്യത്തിലേക്ക് മടങ്ങിപ്പോവണമെന്നും ജനാഭിമുഖ കുര്‍ബാന വേണ്ടെന്നും ഒരുപക്ഷം വാദിച്ചു.
ജനാഭിമുഖ കുര്‍ബാന, അള്‍ത്താരാഭിമുഖ കുര്‍ബാന, രണ്ടും തുല്യമായി വരുന്ന ഏകീകരണ ഫോര്‍മുലയായ 50:50 ഇങ്ങനെ മൂന്ന് രീതികളാണ് കേരളത്തിലെ അതിരൂപതകള്‍ പിന്തുടര്‍ന്നിരുന്നത്. 1999ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌ക്കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. ഏകീകരണ ഫോര്‍മുലയ്ക്കായിരുന്നു ശുപാര്‍ശ. വിവിധ രൂപതകള്‍ ഇതില്‍ ഇളവ് വാങ്ങി പിന്തുടര്‍ന്ന രീതി തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വത്തിക്കാന്‍ സിനഡ് ശുപാര്‍ശയ്ക്ക് അനുമതി നല്‍കി. അതോടെയാണ് തര്‍ക്കം ശക്തമായത്.
അതിനിടെ 2019ല്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ വര്‍ക്കി വിതയത്തിലിന്റെ നേതൃത്വത്തില്‍ അനുനയ ചര്‍ച്ച നടന്നു. കുര്‍ബാനകള്‍ ഏകീകരിച്ച് '50-50' തീരുമാനം നടപ്പാക്കി തര്‍ക്കമില്ലാതെ മുന്നോട്ട് പോവാന്‍ തീരുമാനിച്ചു. കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വ്വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. തുടര്‍ന്ന് വടക്കന്‍ രൂപതകളായ താമരശേരി, മണ്ണാര്‍ക്കാട്, പാലക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട, എറണാകുളം രൂപതകളുടെ വിയോജിപ്പുണ്ടായിട്ട് പോലും അവിടങ്ങളില്‍ നിര്‍ബന്ധിതമായി ഏകീകൃത കുര്‍ബാന നടത്താന്‍ നിര്‍ബന്ധിച്ചു എന്നാണ് എതിര്‍ക്കുന്നവരുടെ വാദം.
കാലങ്ങളായി നിലനിന്നിരുന്ന രീതി മാറ്റുന്നതിലാണ് ഭൂരിപക്ഷത്തിന്റെയും എതിര്‍പ്പ്. ''കത്തോലിക്കാ സഭയില്‍ ഉണ്ടായ മുന്നേറ്റം കൂടിയായിരുന്നു ജനപങ്കാളിത്തത്തോടെ കുര്‍ബാന നടത്തുക എന്നത്. അത് തുറവിയാണ്. വീണ്ടും പഴയതിലേക്ക് തിരിച്ചുപോകാതെ കൂടുതല്‍ നവീകരിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ വിയോജിപ്പുള്ളവരെപ്പോലും നിര്‍ബന്ധിച്ച് ഏകീകൃത കുര്‍ബാന അടിച്ചേല്‍പ്പിക്കുകയായിരുന്നു. എറണാകുളം രൂപത എന്നാല്‍ അതിന് വഴങ്ങിയില്ല. അതാണ് ഇപ്പോള്‍ സംഘര്‍ഷത്തിലേക്ക് എത്തിയിരിക്കുന്നത്''- അതിരൂപത സംരക്ഷണ സമിതി അംഗമായ ഷൈജു ആന്റണി പ്രതികരിച്ചു. എറണാകുളം അങ്കമാലി തൃശൂര്‍ തലശേരി അതിരൂപതകളില്‍ തീരുമാനത്തിന് വിരുദ്ധമായി ജനാഭിമുഖ കുര്‍ബാനയാണ് നടത്തിവരുന്നത്.
''എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ പ്രശ്‌നം അതിരൂപതയുടെ ആഭ്യന്തര പ്രശ്‌നമാണ്. ഇതില്‍ സഭാ നേതൃത്വം ഇടപെടേണ്ട ആവശ്യമില്ല''
''എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ പ്രശ്‌നം അതിരൂപതയുടെ ആഭ്യന്തര പ്രശ്‌നമാണ്. ഇതില്‍ സഭാ നേതൃത്വം ഇടപെടേണ്ട ആവശ്യമില്ല. കുര്‍ബാനക്രമം നടപ്പാക്കാന്‍ മാര്‍പ്പാപ്പ നിയോഗിച്ച മാര്‍ ആന്‍ഡ്രൂസ് താഴത്ത് ക്രിസ്മസ് മുതല്‍ അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെയാണ് വിഭാഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്''- സിറോ മലബാര്‍ സഭ പി ആര്‍ ഒ ഫാ.ആന്റണി വടക്കേക്കര പ്രതികരിച്ചു.
ഏകീകൃത കുര്‍ബാന നടപ്പാക്കുന്നത് ഏകകണ്ഠമായ തീരുമാനമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ഷം ജനുവരിയില്‍ ആറ് മെത്രാന്‍മാര്‍ വത്തിക്കാന് കത്തയച്ചിരുന്നു. നാല് മെത്രാന്‍മാരും ചുരുക്കം വിശ്വാസികളും മാത്രമാണ് ഏകീകൃത കുര്‍ബാനയെ അംഗീകരിക്കുന്നതെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ മറ്റ് മെത്രാന്മാര്‍ വിമര്‍ശിക്കുന്നത്. 'ആന്‍ഡ്രൂസ് മെത്രാനാണ് എല്ലാ പ്രശ്‌നങ്ങളുടേയും കാരണക്കാരന്‍. സംഘര്‍ഷമുണ്ടാക്കുന്നതും അവരുടെ നേതൃത്വത്തിലാണ്.'ഷൈജു ആന്റണി കുറ്റപ്പെടുത്തി. എന്നാല്‍ സിനഡ് തീരുമാനമാണ് തങ്ങള്‍ നടപ്പാക്കുന്നത് എന്നാണ് മെത്രാനെ അനുകൂലിക്കുന്നവരുടെ നിലപാട്.