പി കെ ഫിറോസ്
പി കെ ഫിറോസ്

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം: പി കെ ഫിറോസ് റിമാന്‍ഡില്‍; സംസ്ഥാനത്താകെ യൂത്ത് ലീഗ് പ്രതിഷേധം

അറസ്റ്റ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം. സമരത്തിൽ നിന്ന് പിന്മാറില്ല. മുന്നോട്ട് പോവുമെന്നും ഫിറോസ്.
Updated on
1 min read

സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്ത ഫിറോസിനെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് അറസ്റ്റെന്ന് ഫിറോസ് പ്രതികരിച്ചു. സമരത്തിൽ നിന്ന് പിന്മാറില്ലെന്നും മുന്നോട്ട് പോവുമെന്നും ഫിറോസ് വ്യക്തമാക്കി. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു ഫിറോസിന്‍റെ പ്രതികരണം. ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ജനുവരി 18നാണ് വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ 'സേവ് കേരള മാര്‍ച്ച്' എന്ന മുദ്രാവാക്യവുമായി ഫിറോസിന്റെ നേതൃത്വത്തില്‍ യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്. മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. മാർച്ച് അക്രമാസക്തമായതോടെ ഗ്രനേഡും കണ്ണീർ വാതകവും അടക്കം ഉപയോഗിച്ചാണ് പോലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്. കേസില്‍ ഒന്നാം പ്രതിയാണ് ഫിറോസ്. നിലവില്‍ 28 യൂത്ത് ലീഗ് പ്രവർത്തകർ കേസിൽ റിമാൻഡിലാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിക്കല്‍, അനുമതിയില്ലാതെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി, ഗതാഗത തടസമുണ്ടാക്കി എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ഫിറോസിനും പ്രവര്‍ത്തകര്‍ക്കുമെതിരെ സര്‍ക്കാര്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു. ഫിറോസിന്റെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കല്‍ത്തുറങ്കിലടക്കുകയാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഫിറോസിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി തീക്കളിയാണെന്ന് പിഎഎം സലാം പ്രതികരിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി സമരം ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. എന്നിട്ടും കലി തീരാതെയാണ് അറസ്റ്റ്. പോലീസ് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കിയപ്പോള്‍ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാന്‍ ചെന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പ്രവണത സംസ്ഥാനത്ത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. പോലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in