പ്ലാച്ചിമടയിലെ കോള പ്ലാന്റ്
പ്ലാച്ചിമടയിലെ കോള പ്ലാന്റ്

കൊക്കക്കോള പ്ലാന്റ് കൈമാറ്റം; ഇരകളോടുള്ള അനീതി, നഷ്ടപരിഹാരം നൽകുന്നതില്‍ നിന്ന് തടിയൂരാനുള്ള നീക്കമെന്ന് സമരസമിതി

കൊക്കക്കോള കമ്പനിയുടെ 36.7 ഏക്കർ ഭൂമിയും 35,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളുമാണ് സർക്കാരിന് കൈമാറാന്‍ സന്നദ്ധത അറിയിച്ചത്
Updated on
2 min read

പാലക്കാട് പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റ് സർക്കാരിന് സൗജന്യമായി കൈമാറാനുള്ള കമ്പനിയുടെ നീക്കം ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതില്‍ നിന്ന് പിന്മാറാനാണെന്ന് പ്ലാച്ചിമട സമരസമിതി. നഷ്ടപരിഹാരത്തുക നൽകുന്നതിന് മുൻപ്, കമ്പനിയും സ്ഥലവും സർക്കാരിന് കൈമാറാനുള്ള നീക്കം കൊക്കകോളയെ സഹായിക്കാൻ ലക്ഷ്യമിട്ടാണെന്ന് പ്ലാച്ചിമട സമരസമിതി ചെയർമാൻ വേലയോടി വേണുഗോപാൽ ദ ഫോർത്തിനോട് പറഞ്ഞു. പെരുമാട്ടി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കമ്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്ലാച്ചിമട സമരസമിതി വീണ്ടും സമരം ശക്തമാക്കിയിരിക്കെയാണ് കമ്പനിയുടെ പുതിയ നീക്കം.

ഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിച്ച് കമ്പനി അധികൃതർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇത് സർക്കാരിന്റെ പരിഗണനയിലാണ്. ഭൂമി പ്രാദേശിക കൃഷി പ്രവർത്തനങ്ങൾക്ക് സൗജന്യമായി വിട്ടുനൽകുമെന്ന ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡിന്റെ നിലപാടിൽ സംസ്ഥാന സർക്കാർ പാലക്കാട് ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

എസ് സി എസ് ടി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് പ്രോസിക്യൂഷൻ നടപടിക്ക് വിധേയമാക്കേണ്ട കമ്പനിയുമായി ഒത്തുകളിച്ച്, ജനങ്ങൾക്ക് ലഭ്യമാക്കേണ്ട നഷ്ടപരിഹാരം തടയാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കും

പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി കണ്‍വീനര്‍ എം സുലൈമാൻ

പ്ലാച്ചിമടയില്‍ നടന്ന സമരത്തില്‍ നിന്ന്
പ്ലാച്ചിമടയില്‍ നടന്ന സമരത്തില്‍ നിന്ന്

പ്ലാച്ചിമടയിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാതെ തടിയൂരാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഭൂമി കൈമാറ്റമെന്നും അതിന് കൊക്കക്കോളയെ ഇടത് സർക്കാർ അനുവദിക്കരുതെന്നും പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി കണ്‍വീനര്‍ എം സുലൈമാൻ ദ ഫോർത്തിനോട് പറഞ്ഞു. "ട്രിബ്യൂണൽ രൂപീകരിച്ച് നിയമ നടപടികൾ പൂർത്തീകരിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് മുൻപ് കൊക്കക്കോളയുടെ ഭൂമി കൈമാറ്റത്തിന് സർക്കാർ ശ്രമിക്കുന്നത് ഇരകളോടുള്ള അനീതിയാണ്. ട്രിബ്യൂണൽ നടപടി ക്രമങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം നൽകാൻ കൊക്കക്കോള തയ്യാറാവുന്നില്ലെങ്കിൽ, ഈ ഭൂമിയും കെട്ടിടങ്ങളും ജപ്തി നടപടിക്ക് വിധേയമാക്കേണ്ടതാണ്. അത് മുൻകൂട്ടി കണ്ട് നഷ്ടപരിഹാര നൽകുന്നതിൽ നിന്ന് തടിയൂരാനാണ് കമ്പനി ശ്രമിക്കുന്നത്. എസ് സി എസ് ടി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് പ്രോസിക്യൂഷൻ നടപടിക്ക് വിധേയമാക്കേണ്ട കമ്പനിയുമായി ഒത്തുകളിച്ച്, ജനങ്ങൾക്ക് ലഭ്യമാക്കേണ്ട നഷ്ടപരിഹാരം തടയാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കും"-എം സുലൈമാൻ പറഞ്ഞു.

പാലക്കാട് മീനാക്ഷിപുരം റോഡിൽ പ്ലാച്ചിമടയിലെ ബോട്ടിലിങ് പ്ലാന്റ് 2000ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 36.7 ഏക്കർ ഭൂമിയും 35,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളുമാണ് ഇവിടെ കോള കമ്പനിക്കുള്ളത്. എച്ച്സിസിബിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ഭൂമി പരിശോധിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി തഹസീൽദാറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ എത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി. പ്രാഥമിക റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചതായി ചിറ്റൂർ താലൂക്കിലെ തഹസിൽദാർ എ ശരവണൻ പറഞ്ഞു.

പ്ലാച്ചിമടയിലെ കോള പ്ലാന്റ്
കാലാവസ്ഥ ഉച്ചകോടി സ്‌പോണ്‍സര്‍ ചെയ്യുന്ന കൊക്കക്കോള കമ്പനിക്കറിയുമോ പ്ലാച്ചിമടയിലെ വെള്ളം വിലകൊടുത്തു വാങ്ങുന്ന ജനങ്ങളെ

കാർഷികോത്പനങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ഒരു ഫാർമർ പ്രൊഡ്യൂസർ കമ്പനി (എഫ്പിസി) തുടങ്ങുകയെന്ന ആശയമാണ് സർക്കാർ മുന്നോട്ട് വെച്ചത്. ഇതിനുള്ള നടപടിക്രമങ്ങൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രാദേശിക എംഎൽഎ കൂടിയായ അദ്ദേഹം, എച്ച്സിസിബി യൂണിറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയ പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ ആയിരുന്നു.

ശക്തമായ ബഹുജന പ്രക്ഷോഭത്തെ തുടർന്ന്, 2004ൽ കൊക്കകോള കമ്പനി പ്രവർത്തനം നിർത്തിയെങ്കിലും ജലമലിനീകരണം ഉൾപ്പെടെ വലിയ നാശമാണ് കമ്പനി വരുത്തിവെച്ചത്. കമ്പനിയുടെ പ്രവർത്തനങ്ങൾ ഭൂഗർഭ ജലത്തിന്റെ വൻ തോതിലുള്ള ശോഷണത്തിന് കാരണമായെന്ന് 2010ൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി വിലയിരുത്തിയിരുന്നു. ഇതിന് പുറമെ, കമ്പനി പുറന്തള്ളുന്ന ഖരമാലിന്യങ്ങൾ കർഷകർക്ക് വളമായി നൽകിയെന്നും സമിതി കണ്ടെത്തി. ഇവയിൽ വലിയ തോതിൽ ഈയത്തിന്റെയും കാഡ്മിയത്തിന്റെയും അംശമുണ്ടെന്നും ലബോറട്ടറികളിൽ നടത്തിയ വിശകലനത്തിൽ കണ്ടെത്തിയിരുന്നു.

പ്രദേശവാസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാമെന്ന വിദഗ്ധ സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 2011ൽ നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചിരുന്നു. എന്നാൽ വ്യക്തതക്കുറവിന്റെ പേരിൽ ബില്ല് മടക്കുകയായിരുന്നു. പിന്നീട് ഇതിൽ തുടർനടപടികൾ ഉണ്ടായില്ലെന്നും പരാതി ഉയർന്നിരുന്നു.

logo
The Fourth
www.thefourthnews.in