മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

മേപ്പാടി പോളിടെക്നിക്ക് അക്രമം; 'വിദ്യാർത്ഥികൾ ലഹരിസംഘങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നു', അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി

യുഡിഎസ്എഫാണ് അപർണയെ മർദിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Updated on
2 min read

വയനാട് മേപ്പാടി പോളിടെക്‌നിക് കോളേജിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അപർണ ഗൗരിക്ക് എതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനാണ് അപർണയ്ക്കെതിരെ ആക്രമണം ഉണ്ടായത്. യുഡിഎസ്എഫാണ് അപർണയെ മർദിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

''കോളേജിലെ ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പെണ്‍കുട്ടിയാണ് അപർണ. തിരഞ്ഞെടുപ്പ് ദിവസത്തില്‍ കരുതിക്കൂട്ടിയുള്ള ചില പ്രശ്നങ്ങള്‍ നടന്നപ്പോള്‍ അതിനെതിരെ നിലപാടെടുത്ത അപര്‍ണ്ണയെ 30 ഓളം വരുന്ന യുഡിഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥി സംഘം അസഭ്യം പറയുകയും ഹീനമായി മര്‍ദ്ദിക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വസ്ത്രം വലിച്ചുകീറുകയും കഴുത്ത് ഞെരിക്കുകയും തല ചുമരിലിടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ആ പെണ്‍കുട്ടിക്കെതിരെ സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ലോകത്താകെ പ്രചരിച്ചിട്ടുണ്ട്. അപര്‍ണ ഗൗരി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരി സംഘങ്ങള്‍ക്കെതിരായ അപര്‍ണ ഗൗരിയുടെ നിലപാടാണ് ഈ ആക്രമണത്തിന് കാരണമായത്.'' സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ
മേപ്പാടി പോളിടെക്നിക്കിൽ എസ്എഫ്ഐ നേതാവിനെതിരായ ആക്രമണം; രണ്ട് പേ‍ർ കൂടി അറസ്റ്റിൽ, സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

സാധാരണക്കാരാടൊപ്പം ആദിവാസികളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെയും കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജ്. ഈ കുടുംബങ്ങള്‍ക്ക് പ്രതീക്ഷയായി തീരേണ്ട വിദ്യാര്‍ത്ഥികളാണ് കോളേജില്‍ ലഹരിസംഘങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നത്.

ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്താന്‍ പലപ്പോഴും മയക്കുമരുന്നിന് അടിമകളായവര്‍ ക്രിമിനല്‍ സ്വഭാവമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ മേപ്പാടി കോളേജില്‍ ലഹരിക്കെതിരായ 'നോ ടു ഡ്രഗ്സ്' ക്യാമ്പയിന്‍ ഏറ്റെടുത്തത്. ഇതിനിടെയാണ് 02-12-2022ന് നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത്. എസ്എഫ്ഐയും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടുകെട്ടായ യുഡിഎസ്എഫുമാണ് പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. ട്രബിയോക്ക് (TRABIOC) എന്ന കൂട്ടായ്മ യുഡിഎസ്എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെറിയ തോതില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായി. അവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ലഹരി ഉപയോഗിക്കുന്ന ചിലരുള്‍പ്പെട്ട സംഘം പ്രശ്നങ്ങള്‍ ഗുരുതരമാക്കുകയാണുണ്ടായത്. സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ വയനാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്കിടെ കോളേജിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചതിനും എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച സംഭവത്തിലും കോളേജിലെ ബസ്സിന്‍റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തതിനും മറ്റു അനുബന്ധ പ്രശ്നങ്ങളിലും മേപ്പാടി പോലീസ് സ്റ്റേഷനില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോളേജില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഈ മാസം 12 മുതല്‍ കോളേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡിസംബർ രണ്ടിനാണ് മേപ്പാടി പോളിടെക്നിക് കോളേജിൽ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കവേയാണ് അപ‍ർണ ക്രൂരമായി ആക്രമിക്കപ്പെടുന്നത്. അപർണയെ അക്രമികൾ സംഘം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തെത്തിയ മേപ്പാടി സിഐ വിപിനുനേരെയും ആക്രമണമുണ്ടായി. പോലീസിനെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 40 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in