ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി

ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി

അതേസമയം, മാപ്പര്‍ഹിക്കാത്ത ക്രൂരതയ്ക്ക് ശിശുദിനത്തിലെത് ചരിത്രവിധിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു
Updated on
1 min read

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതുകൂടിയാണ്. സമൂഹമന:സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്.

ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി
കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍; അസ്ഫാഖ് ആലത്തിന് വധശിക്ഷ

പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. 35 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണയും പൂര്‍ത്തികരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിച്ചു. അന്വേഷണ സംഘവും പ്രോസിക്യൂഷനും ഏറ്റവും കൃത്യതയോടെയും ചടുലതയോടെയുമാണ് പ്രവര്‍ത്തിച്ചത്. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നു.

ആലുവയിലെ ക്രൂരതയ്ക്കിരയായ കുഞ്ഞിന്റെ കുടുംബത്തിന് എല്ലാതരത്തിലുള്ള സഹായങ്ങളും സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തിയിരുന്നു. അവരുടെ നഷ്ടത്തിന് പകരമാവുന്നതല്ല ഒന്നും. എങ്കിലും കോടതി വിധിയിലൂടെ നീതി ഉറപ്പാക്കാന്‍ കഴിഞ്ഞു.

കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഒരു അതിക്രമത്തെയും പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാര്‍ക്ക് നേരെ നടപടി സ്വീകരിക്കും. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി. ഇത്തരം കുറ്റവാളികളെ ഒറ്റപ്പെടുത്താന്‍ സമൂഹമൊന്നാകെ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മാപ്പര്‍ഹിക്കാത്ത ക്രൂരതയ്ക്ക് ശിശുദിനത്തിലെത് ചരിത്രവിധിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ല. ലോകം എന്തെന്ന് അറിയും മുന്‍പെ ആ കുഞ്ഞ് അനുഭവിച്ചത് അങ്ങേയറ്റത്തെ വേദനയാണ്. മാതാപിതാക്കളുടെ ഉളളില്‍ എന്നും നീറി പുകയുന്ന ഒരു ഓര്‍മ്മയാണവള്‍. കുറ്റവാളി ദയ അര്‍ഹിക്കുന്നില്ലെന്നും സതീശന്‍.

2023ലെ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആലുവ കേസില്‍ പരമാവധി ശിക്ഷയാണ് കോടതി പ്രതിയ്ക്ക് വിധിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിലാണ് ഈ വിധി. പോലീസ്, പ്രോസിക്യൂഷന്‍, പോക്സോ കോടതി തുടങ്ങിയ എല്ലാവര്‍ക്കും പ്രത്യേക നന്ദിയും ആദരവും അറിയിക്കുന്നതായും വീണ ജോര്‍ജ് പറഞ്ഞു.

അസ്ഫാഖ് ആലത്തിനു വധശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. അന്വേഷണം കൃത്യസമയത്തു പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെയും പ്രതിയെ പിടികൂടാന്‍ സഹായിച്ച നാട്ടുകാരെയും വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിനന്ദിച്ചു.

logo
The Fourth
www.thefourthnews.in