വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ഗവർണർക്ക് താക്കീത്; മറുപടി കത്തില്‍ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ഗവർണർക്ക് താക്കീത്; മറുപടി കത്തില്‍ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

സ്വർണക്കടത്തടക്കമുള്ള കുറ്റകൃത്യങ്ങളിലെ തന്റെ നിലപാടുകളിലും മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ട്
Updated on
1 min read

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ വ്യക്തിപരമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള പരാമർശങ്ങളില്‍ ശക്തമായ വിയോജിപ്പുണ്ടെന്നും സർക്കാരിനൊന്നും മറയ്ക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നതായി അനുമാനിക്കാൻ താൻ നിർബന്ധിതനായിരിക്കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്വർണക്കടത്തടക്കമുള്ള കുറ്റകൃത്യങ്ങളിലെ തന്റെ നിലപാടുകളിലും മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ട്. സ്വർണക്കടത്ത് നാടിനെതിരായ കുറ്റകൃത്യമാണെന്ന് ഞാൻ പറഞ്ഞത് രണ്ട് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും നികുതി വരുമാനം ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നാണ്. ഇതില്‍ കൂടുതലായൊന്നും ചേർക്കാനില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

"സ്വർണക്കടത്ത് തടയുക എന്നതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്ന കാര്യത്തില്‍ രണ്ട് കാഴ്ചപ്പാടുകള്‍ പാടില്ല. സ്വർണം കടത്തുന്നവരെ കേരള പോലീസ് കണ്ടെത്തിയപ്പോള്‍ അവർ അതില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചു. ഇത്തരത്തില്‍ കണ്ടെത്തിയ സ്വർണം, പണം എന്നിവയെ സംബന്ധിച്ചുള്ള കൃത്യമായ കണക്കുകള്‍ കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇത് മാധ്യമപ്രവർത്തകരോട് ഞാൻ വിശദീകരിക്കുകയും ചെയ്തു. അതില്‍ കൂടുതലോ കുറവോ ഞാൻ ചേർത്തിട്ടില്ല. ഇപ്പോള്‍, അതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്, ഒരുപക്ഷേ മനപ്പൂർവം തന്നെയാകാം," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ഗവർണർക്ക് താക്കീത്; മറുപടി കത്തില്‍ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്; രഹസ്യ സ്വഭാവമുള്ള രേഖയെന്ന് വിശദീകരണം

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗവർണർ-മുഖ്യമന്ത്രി പോര് സജീവമാകുന്നത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഗവർണർ നേരത്തെ ഉന്നയിച്ചത്. മുഖ്യമന്ത്രി രാജ്‌ഭവനിലേക്ക് വരാൻ തയാറാകുന്നില്ലെന്നും മറ്റുള്ളവരെ വരാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. ഇതിന് പിന്നിലെ കാരണമായി ഗവർണർ ചൂണ്ടിക്കാണിക്കുന്നത് മുഖ്യമന്ത്രിക്ക് എന്തൊ ഒളിക്കാനുണ്ടെന്നാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സ്വർണക്കടത്തുകേസ് ഉദാഹരിച്ചായിരുന്നു ഗവർണറുടെ പരാമർശങ്ങള്‍..

സ്വർണക്കടത്തും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമെല്ലാം ഒരു സാധാരണ ക്രമസമാധാന പ്രശ്നമല്ലെന്നും അതിനാലാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതെന്നും ഗവർണർ പറയുന്നു. കാര്യമായി എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ് ഇരുവരേയും രാജ്‌ഭവനിലേക്ക് വിടാൻ മുഖ്യമന്ത്രി തയാറാകാത്തതുമെന്നായിരുന്നു ഗവർണറുടെ അവകാശവാദം.

ഗവർണറെ തള്ളുന്ന നിലപാട് ആവർത്തിക്കുകയായിരുന്നു സിപിഎമ്മും. കെയർടേക്കർ ഗവർണറുടെ ഭയപ്പെടുത്തൽ കേരളത്തിനെതിരെ വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. ഇതിലും വലിയ ഭയപ്പെടുത്തലുകൾ മുമ്പും കണ്ടതാണെന്നും അതിനെയെല്ലാം കേരളം അതിജീവിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ അഞ്ചിന് കാലാവധി അവസാനിച്ച ഗവർണർ നിലവില്‍ കെയർടേക്കർ ഗവർണർ മാത്രമാണെന്നും ഗോവിന്ദൻ ഓർമ്മപ്പെടുത്തി. മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്ന് ഗവർണർ പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഗോവിന്ദൻ പറയുന്നു.

logo
The Fourth
www.thefourthnews.in