പിണറായി വിജയന്‍
പിണറായി വിജയന്‍

'മാധ്യമങ്ങള്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് അടിമപ്പെടുന്നു'; വിമര്‍ശനവുമായി മുഖ്യമന്ത്രി

വിശ്വാസ്യത നില നിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധന നടത്തണം
Updated on
1 min read

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളി സമൂഹത്തില്‍ മാധ്യങ്ങള്‍ക്ക് ജന ജീവിതത്തില്‍ വലിയ പങ്ക് നിര്‍വഹിക്കാനുണ്ട്. എന്നാല്‍ മുന്‍കാലത്തേത് പോലുള്ള വിശ്വാസ്യത നില നിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധന നടത്തണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മാധ്യമങ്ങളുടെ വിശ്വാസ്യത മുന്‍പില്ലാത്ത വിധം ഇടിഞ്ഞു. വസ്തുതാ വിരുദ്ധമായ വാര്‍ത്തകളിലെ പൊള്ളത്തരം സമൂഹം കണ്ടെത്തുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമാവുന്നത്. വാര്‍ത്തകളുടെ പ്രളയമാണുള്ളത്. അതില്‍ സത്യം ഏത് അസത്യമേത് എന്നറിയാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. സര്‍ക്കാര്‍ നടപടികള്‍ ജനങ്ങള്‍ അറിയണം. ആ ഉത്തരവാദിത്തം മാധ്യമങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിശ്വാസ്യത നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം

നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഒരു സംഘം ഇറങ്ങി തിരിച്ചാല്‍ മാധ്യമങ്ങള്‍ നിയമപാലകര്‍ക്ക് വിവരം നല്‍കുകയാണ് വേണ്ടത്. എന്നാല്‍ കുറ്റകൃത്യം ഞങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തതെന്ന ക്രെഡിറ്റിനുള്ള മത്സരമാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാധ്യമ രംഗത്തുണ്ടായ അപചയം തിരുത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ തയ്യാറാകണം. ഇത് ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മാത്രം പ്രശ്‌നമല്ല തെറ്റ് പറ്റിയാല്‍ മാപ്പ് പറയാനുള്ള മാന്യത എത്രത്തോളം കാണിക്കാറുണ്ടെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ വാര്‍ത്ത തെറ്റി പോയാല്‍ ഖേദം പ്രകടിപ്പിക്കുമായിരുന്നെന്നും എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അത് കൈമോശം വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യധാര മാധ്യമങ്ങള്‍ക്ക് അടക്കം മനുഷത്വപരമല്ലാത്ത 'നിഷ്പക്ഷത' ഉണ്ടാകുന്നു. നിക്ഷിപ്ത താത്പര്യങ്ങളോടെയാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. വിശ്വാസ്യത നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. നശീകരണവാസനയോടെ വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ അത് വിലവെയ്ക്കില്ലന്നും അദ്ദേഹം പറഞ്ഞു.

ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയും ഇതേ വേദിയില്‍ കേരളത്തിലെ മാധ്യമങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ ആശങ്ക പ്രകടിപ്പിച്ച് സംസാരിച്ചിരുന്നു.

മാധ്യമങ്ങള്‍ രാവും പകലുമുള്ള ചര്‍ച്ചകള്‍ പ്രതികളെ ആശ്രയിച്ചാണ് മുന്നോട്ട് കൊണ്ടുപോകുന്നത് എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ കുറ്റപ്പെടുത്തല്‍. ഗവര്‍ണ്ണര്‍ ആയിട്ടല്ല മലയാളി എന്ന നിലയ്ക്കാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഎസ് ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശങ്ങള്‍. നീതിയുടെ പെന്‍ഡുലം എങ്ങനെ പോകും എങ്ങോട്ട് പോകും എന്ന് ആശങ്ക പെടുന്ന ഒരു മലയാളിയാണ് താനെന്നും കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

logo
The Fourth
www.thefourthnews.in