പട്ടിണിയിൽ നട്ടം തിരിഞ്ഞ് ക്യൂബ; പഠിക്കാൻ മുഖ്യനും സംഘവും ഹവാനയിലേക്ക്
പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുകയാണ് ഒരുകാലത്ത് ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകളുടെ വാഗ്‌ദത്ത ഭൂമിയായിരുന്ന ക്യൂബ. സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും അതിരൂക്ഷമായതിനാല്‍ കഴിഞ്ഞ മെയ് ദിനത്തില്‍ പരമ്പരാഗത മെയ്ദിന പരേഡ് പോലും റദ്ദാക്കിയ ക്യൂബയുടെ മാതൃക പഠിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഒരു ഉന്നതതല സംഘം അടുത്ത മാസം പുറപ്പെടും. ആരോഗ്യമന്ത്രി വീണാ ജോർജ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ആരോഗ്യ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ പഠന സംഘത്തിലെ അംഗങ്ങളാണ്.
ജൂണ്‍ 8 മുതല്‍ 12 വരെ അമേരിക്കയിൽ വച്ച് നടക്കുന്ന ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷയോടൊപ്പമാണ് ക്യൂബൻ സന്ദര്‍ശനത്തിനുള്ള അപേക്ഷ മുഖ്യമന്ത്രി കേന്ദ്രത്തിന് നൽകിയത്
ജൂണ്‍ 13 മുതൽ 15 വരെയുള്ള ദിവസങ്ങളില്‍ ക്യൂബന്‍ സന്ദര്‍ശനത്തിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സംസ്ഥാന പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും യാത്രയ്ക്ക് അനുമതി നൽകി ബജറ്റിൽ നിന്ന് തുകയും അനുവദിച്ചുകൊണ്ട് ഏപ്രിൽ 17ന് പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് ദ ഫോർത്തിന് ലഭിച്ചു. ഈ മാസം അബുദാബിയിൽ നടക്കുന്ന നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെയും സംസ്ഥാന വ്യവസായ മന്ത്രി പി രാജീവിന്റെയും അപേക്ഷ കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ നിരസിച്ചിരുന്നു.
ജൂണ്‍ 8 മുതല്‍ 12 വരെ അമേരിക്കയിൽ വച്ച് നടക്കുന്ന ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷയോടൊപ്പമാണ് ക്യൂബൻ സന്ദര്‍ശനത്തിനുള്ള അപേക്ഷ മുഖ്യമന്ത്രി കേന്ദ്രത്തിന് നൽകിയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയനും പേഴ്സണല്‍ അസിസ്റ്റന്റ് വി എം സുനീഷും യാത്രയുടെ ഭാഗമാകും. ഇവരിൽ കമലയുടെ യാത്ര ചെലവ് അവര്‍ തന്നെയായിരിക്കും വഹിക്കുക.
നീണ്ട നാളുകളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ക്യൂബ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിലെ സർക്കാരും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേകിച്ച് അജണ്ട ഒന്നുമില്ലാതെ ക്യൂബൻ മാത്യക പഠിക്കാൻ എന്ന പേരിൽ ഉന്നതതല പ്രതിനിധി സംഘം രാജ്യം സന്ദര്‍ശിക്കുന്നത്. ആരോഗ്യ മാതൃക പഠിക്കാനായി വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്നത്തെ ആരോഗ്യ മന്ത്രി പി കെ ശ്രീമതി ക്യൂബ സന്ദർശിച്ചിരുന്നു. അവിടത്തെ ഫാമിലി ഡോക്ടർ ക്ലിനിക്കുകളെ മാതൃകയാക്കിയാണ് സംസ്ഥാനത്ത് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾക്ക് രൂപം നൽകിയത്. ഇതേ മാതൃക വീണ്ടും പഠിക്കാനാണ് ഇപ്പോഴത്തെ സന്ദർശനവുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
2021ല്‍ ഡ്യുവല്‍ കറന്‍സി സമ്പ്രദായം അവതരിപ്പിച്ചും രാജ്യത്തെ പിന്നോട്ട് ചലിപ്പിക്കുന്ന അശാസ്ത്രീയ ഭരണം നടത്തിലാക്കിയും മിഗ്വല്‍ ഡിയാസ് ക്യൂബയെ ഏറ്റവും വലിയ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജീവിത സൂചകങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കേരളത്തിൽ നിന്ന് ക്യൂബൻ മാതൃക പഠിക്കാനായി മുഖ്യമന്ത്രി നേരിട്ട് തുനിഞ്ഞിറങ്ങുന്നത്
ക്യൂബയിലെ കേന്ദ്രീകൃത ആസൂത്രിത സമ്പദ് വ്യവസ്ഥ പതിറ്റാണ്ടുകളായി സ്തംഭനാവസ്ഥയിലാണ്. രാജ്യത്തെ എണ്ണ ഉത്പാദനത്തിൽ കാര്യമായ കുറവുണ്ടായി. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. വരും ദിവസങ്ങളില്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില ഉയരുമെന്നും ഉത്പാദനക്ഷമത ഇനിയും കുറയുമെന്നും സാമ്പത്തിക വിദഗ്ധര്‍ ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മികച്ച പഞ്ചസാര കൃഷി നടക്കുന്ന രാജ്യത്ത് ഡീസല്‍ ക്ഷാമം കാരണം റിഫൈനറികളിലേക്ക് കരിമ്പ് എത്തിക്കാന്‍ സാധിക്കാതെ വന്നതോടെ പഞ്ചസാര വിളവെടുപ്പും ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.
കഠിനമായ സാമ്പത്തിക പ്രതിസന്ധിയാണ് സാധാരണ ജനങ്ങള്‍ രാജ്യത്ത് അനുഭവിച്ച് വരുന്നത്. 50 ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെയാണ് സാധാരണക്കാരുടെ ശരാശരി വരുമാനം. എന്നാല്‍ ഇന്ധനത്തിനായി മാത്രം കുറഞ്ഞത് 30 ഡോളറോളം ചെലവഴിക്കേണ്ട അവസ്ഥയാണിപ്പോള്‍. സാധാരണക്കാർ പലരും വീടുകൾ നഷ്ടമായി ഷെൽട്ടർ ഹോമുകളിലും ഉപേക്ഷിക്കപ്പെട്ട സർക്കാർ ഓഫിസുകളിലുമായാണ് ഇപ്പോൾ താമസം. ദീര്‍ഘകാലമായുള്ള അമേരിക്കയുടെ ഉപരോധങ്ങളാണ് പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയതെന്നാണ് ക്യൂബന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്.
വിമാന യാത്ര ഉൾപ്പെടെ 15 ദിവസത്തെ വിദേശ പര്യടനമാണ് മുഖ്യമന്ത്രിയും സംഘവും ലക്ഷ്യമിടുന്നത്
ഫിദല്‍ കാസ്ട്രോയുടെ സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ പിന്‍ഗാമിയായിയായി രാജ്യത്തിന്റെ ഭരണത്തലവനായ മിഗ്വല്‍ ഡിയാസ്-കാനല്‍ ബെര്‍മൂഡെസിന്റെ ഭരണത്തിന് കീഴിലാണ് ഇത്രമാത്രം പ്രതിസന്ധികള്‍ രാജ്യം അഭിമുഖീകരിച്ചത്. 2021ല്‍ ഡ്യുവല്‍ കറന്‍സി സമ്പ്രദായം അവതരിപ്പിച്ചും രാജ്യത്തെ പിന്നോട്ട് ചലിപ്പിക്കുന്ന അശാസ്ത്രീയ ഭരണം നടപ്പിലാക്കിയും മിഗ്വല്‍ ഡിയാസ് രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലെക്ക് തള്ളിവിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജീവിത സൂചകങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കേരളത്തിൽ നിന്ന് ക്യൂബൻ മാതൃക പഠിക്കാനായി മുഖ്യമന്ത്രി നേരിട്ട് തന്നെ തുനിഞ്ഞിറങ്ങുന്നത്.
ജൂൺ 8ന് അമേരിക്കയിൽ എത്തുന്ന സംഘം 12ന് വാഷിങ്ടണിൽ ലോക ബാങ്ക് ആസ്ഥാനം സന്ദർശിക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും ധനകാര്യ സെക്രട്ടറി മുഹമ്മദ് സഫറുള്ളയും ലോക ബാങ്ക് അധികൃതരുമായുള്ള ചർച്ചയ്ക്കായി വാഷിങ്ടണിൽ എത്തും. വിമാന യാത്ര ഉൾപ്പെടെ 15 ദിവസത്തെ വിദേശ പര്യടനമാണ് മുഖ്യമന്ത്രിയും സംഘവും ലക്ഷ്യമിടുന്നത്.