ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍

ഇതില്‍പ്പരം അസംബന്ധമില്ല, ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് വേണം സംസാരിക്കാൻ: ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായി പോയതിനാല്‍ ജോലിക്ക് അപേക്ഷിക്കാന്‍ പറ്റില്ല, ജോലി സ്വീകരിക്കാന്‍ പറ്റില്ല എന്നൊക്കെ പറയാന്‍ എന്ത് അധികാരം?
Updated on
1 min read

മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ബന്ധുനിയമനം നടക്കുമോയെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പ്രതികരണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായി പോയതിനാല്‍ ജോലിക്ക് അപേക്ഷിക്കാന്‍ പറ്റില്ല, ഒരു ജോലി സ്വീകരിക്കാന്‍ പറ്റില്ല എന്നൊക്കെ പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം? ഇതില്‍പ്പരം അസംബന്ധം ആര്‍ക്കും പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചായിരിക്കണം പ്രതികരണം. കുറച്ച് ഗൗരവത്തിലൊക്കെ കാര്യങ്ങള്‍ പറയണം. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശകുണ്ടെങ്കില്‍ പരിശോധിച്ചോട്ടെ. പിശക് ചെയ്തവര്‍ അനുഭവിക്കുകയും ചെയ്യട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ടുള്ള ഗവര്‍ണറുടെ പ്രതികരണമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ഇതാണോ ഗവര്‍ണര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? ഇതാണോ ചാന്‍സലര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് അപേക്ഷിക്കാന്‍ കഴിയില്ല എന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം? ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നത് ആരാണെന്ന് നാട് കാണുന്നുണ്ട്. എന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നില്‍ക്കുക ആയിരുന്നു ഇതുവരെ. ഏത് കൈക്കരുത്തും ഭീഷണിയും ആണ് പ്രയോഗിച്ചത്. എന്തും വിളിച്ചു പറയാമെന്നാണോ ധരിച്ചത്? സര്‍വകലാശാലകളില്‍ പോസ്റ്റര്‍ പതിക്കുന്നതിനെവരെ വിമര്‍ശിക്കുന്നു. പോസ്റ്റര്‍ രാജ്ഭവനിലാണോ കൊണ്ടുപോകേണ്ടത്? ഗവര്‍ണര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. അടുപ്പമുള്ളവരെങ്കിലും അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വയംഭരണം പരിപാവനമായ ആശയമാണെന്നും സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നുമായിരുന്നു ഗവര്‍ണര്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. താന്‍ റബ്ബര്‍ സ്റ്റാമ്പ് അല്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ബന്ധുനിയമനം നടക്കുമോ എന്നും ചോദിച്ചിരുന്നു. സര്‍ക്കാരിന്റെ ഇത്തരം ഇടപെടലുകളെ ഏത് വിധേനയും ചെറുക്കും. സര്‍വകലാശാലകളിലെ നിയമനം സംബന്ധിച്ചോ അധികാരം സംബന്ധിച്ചോ ഒരു ബില്ലും രാജ്ഭവനില്‍ എത്തിയിട്ടില്ല. ബില്ലുകളെ പറ്റി വായിച്ചറിവ് മാത്രമാണുള്ളത്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കൂ എന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in