കേരളത്തിലെ അതിദാരിദ്ര്യം തുടച്ചുനീക്കും; മേഖല അവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി
കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കിമാറ്റുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ അടുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും വിവിധ വകുപ്പ് മന്ത്രിമാരുടെയും നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ചേര്‍ന്ന മേഖല യോഗത്തിന്റെ വിലയിരുത്തലുകള്‍ പങ്കുവച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയോഗങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ഭാവം നല്‍കിയെന്ന് അവകാശപ്പെട്ടായിരുന്നു മുഖ്യമന്ത്രി തീരുമാനങ്ങള്‍ വിശദീകരിച്ചത്.
ഈ കുടുംബങ്ങളിലെ 93 ശതമാനത്തോളം വരുന്നവരെയും 2024 നവംബര്‍ ഒന്നോടെ ഈ പട്ടികയ്ക്ക് പുറത്ത് എത്തിക്കാനാവും
അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം അതിവേഗം പുരോഗമിക്കുകയാണ്. അതിദാരിദ്ര്യം അനുഭവിക്കുന്ന 64,000 പരം കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്നാണ് വിലയിരുത്തല്‍. ഈ കുടുംബങ്ങളിലെ 93 ശതമാനത്തോളം വരുന്നവരെയും 2024 നവംബര്‍ ഒന്നോടെ ഈ പട്ടികയ്ക്ക് പുറത്ത് എത്തിക്കാനാവും എന്നാണ് വിലയിരുത്തല്‍ എന്നും മുഖ്യമന്ത്രി അറിയിച്ചു. അതിദരിദ്രര്‍ എന്ന പട്ടികയിലുള്ളവരെ ഈ അവസ്ഥയില്‍ നിന്ന് മോചിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി പദ്ധതികള്‍ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനതലത്തില്‍ പരിഗണിക്കേണ്ടവയില്‍ 582 എണ്ണം പരിഹരിക്കുകയും 115 പ്രശ്നങ്ങളില്‍ നടപടി പുരോഗമിക്കുന്നു
ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളിലെ പ്രധാന വിഷയങ്ങള്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. ഇവയില്‍ സംസ്ഥാനതലത്തില്‍ പരിഗണിക്കേണ്ട 697 പ്രശ്നങ്ങളും ജില്ലാതലത്തില്‍ പരിഗണിക്കേണ്ട 265 വിഷയങ്ങളുമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവയില്‍ തിരഞ്ഞെടുത്ത പ്രധാനപ്പെട്ട 162 പ്രശ്നങ്ങളാണ് നാല് അവലോകന യോഗങ്ങളിലായി ചര്‍ച്ച ചെയ്തത്. ജില്ലാതലത്തില്‍ കണ്ടെത്തിയ വിഷയങ്ങളില്‍ 263 എണ്ണം ഇതിനകം തീര്‍പ്പാക്കി. രണ്ട് പ്രശ്നങ്ങളില്‍ നടപടി പുരോഗമിക്കുന്നു. സംസ്ഥാനതലത്തില്‍ പരിഗണിക്കേണ്ടവയില്‍ 582 എണ്ണം പരിഹരിക്കുകയും 115 പ്രശ്നങ്ങളില്‍ നടപടി പുരോഗമിക്കുകയാണെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേയ്ക്ക് കാര്യക്ഷമമായി എത്തിക്കാനും സമയബന്ധിതമായി അവ പൂര്‍ത്തിയാക്കാനും പ്രാദേശിക പ്രശ്നങ്ങള്‍ കൂടുതല്‍ സമഗ്രതയോടെ കൈകാര്യം ചെയ്യുന്നതിനും മേഖലാ അവലോകന യോഗങ്ങള്‍ സഹായകമായതായും മുഖ്യമന്ത്രി പറയുന്നു. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നവകേരള കര്‍മ്മപദ്ധതിയുടെ കീഴില്‍ വരുന്ന വിവിധ മിഷനുകളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കഴിഞ്ഞു. നിലവില്‍ പുരോഗമിക്കുന്ന പ്രശ്ന പരിഹാരനടപടികള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും പിണറായി അറിയിച്ചു.