'വലിയ പാത്രത്തിലെ ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ അതെടുത്ത് മാറ്റുകയല്ലേ വേണ്ടൂ'; കരുവന്നൂരിൽ ഇ ഡിക്കെതിരെ മുഖ്യമന്ത്രി
കേരളത്തിലെ സഹകരണമേഖലയുടെ കാര്യത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിലെ തട്ടിപ്പിൽ ഈ ഏജൻസികൾ മൗനം പാലിക്കുമ്പോൾ ഇവിടെ വല്ലാത്ത ഉത്സാഹമാണ്. അതിന്റെ പിന്നിലെന്തെന്നത് ബോധ്യപ്പെടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണമേഖലയെ തകർക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നുണ്ട്. പ്രത്യേക ഉന്നത്തോടെയുള്ള ആക്രമണം നടക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ മേഖല.
കരുവന്നൂർ വച്ച് മറ്റ് സഹകരണമേഖലയെ കാണരുത്. വലിയ പാത്രത്തിലെ ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ അതെടുത്ത് മാറ്റുകയല്ലേ വേണ്ടൂ. ആരെങ്കിലും വഴിവിട്ട് സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി വേണം. ഏതാനും സംഘങ്ങളിൽ ക്രമക്കേട് നടന്നു. എന്നാൽ 98 ശതമാനം സംഘങ്ങളും നല്ല രീതിയിൽ നടക്കുന്നു. ആരെങ്കിലും വഴിവിട്ട് സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും.
കരുവന്നൂർ ആരോപണം ഗൗരവത്തോടെയാണ് കണ്ടത്. കരുവന്നൂരിൽ ക്രമക്കേട് ആദ്യം കണ്ടെത്തിയത് കേന്ദ്ര ഏജൻസികളല്ല. പരാതിയുടെ അടിസ്ഥാനത്തിൽ ക്രമക്കേട് കണ്ടെത്തി ക്രൈംബ്രാഞ്ച് 18 എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഈ കേസിൽ 26 പേരെ പ്രതിചേർക്കുകയും ചെയ്തിരുന്നു. സഹകരണ വകുപ്പ് അന്വേഷണം നടത്തി. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇഡി രംഗപ്രവേശനം. നിക്ഷേപകരെ സംരക്ഷിക്കാനാണ് സർക്കാരും സഹകരണ വകുപ്പും പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നത്.
കരുവന്നൂരിന്റെ പേരിൽ സിപിഎം നേതാക്കളെ ലക്ഷ്യം വച്ചുള്ള ഇ ഡിയുടെ നീക്കം, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. പാർട്ടി നേതാക്കൾക്ക് ബിനാമികളുടെ ആവശ്യമില്ല. അവരെ ലക്ഷ്യം വച്ചുള്ള ഇത്തരം അനുചിതമായ നീക്കങ്ങൾ പ്രോത്സാഹിപ്പിക്കില്ല.
അവർ പല ഉദ്ദേശ്യങ്ങളോടെയും ഇവിടെ ഇടപെടുന്നുണ്ട്. എന്നാൽ, ഇവിടെയുള്ളത് വേറിട്ട ഒരു സംസ്കാരമാണ്. ആ ഉദ്ദേശ്യമൊന്നും സഫലമാക്കാൻ അവർക്കു കഴിയുന്നില്ലെന്നത് വസ്തുതയാണ്. ചില ആളുകളെ എടുത്തിട്ട് അവർക്ക് ബിനാമികളുണ്ടെന്ന് പറഞ്ഞാൽ, ഇല്ല എന്നുള്ളത് സമൂഹത്തിന് അറിയാമല്ലോ. അവർ മറ്റു പലരെയും കണ്ടിട്ടു വരുന്നതുകൊണ്ട്, ബിനാമി ഇല്ല എന്ന കാര്യം അത്ര പെട്ടെന്ന് മനസ്സിലാകില്ല. പലയിടത്തും കണ്ടതെല്ലാം ഇവിടെയും ഉണ്ടാകുമെന്നാണ് അവർ വിചാരിക്കുന്നത്. പക്ഷേ, തൊട്ടുനോക്കുമ്പോഴാണ് അവിടേക്കൊന്നും എത്തുന്നില്ലെന്ന് മനസ്സിലാകുന്നത്. അതിന്റെ വിഷമം അവർക്കു കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.