പിണറായി-ബൊമ്മെ
പിണറായി-ബൊമ്മെ

കെ റെയിലില്‍ കേരളത്തിന്റെ ശ്രമങ്ങള്‍ ഫലം കാണുമോ? പിണറായി-ബൊമ്മെ കൂടിക്കാഴ്ച ഇന്ന്; എതിര്‍പ്പറിയിച്ച് സമര സമിതി

സില്‍വര്‍ ലൈന്‍ പാത മംഗളുരു വരെ ദീര്‍ഘിപ്പിക്കല്‍, അന്തര്‍ സംസ്ഥാന റയില്‍വേ പദ്ധതികളായ നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശരി-മൈസൂര്‍ റെയില്‍പാതകള്‍ എന്നിവ ചര്‍ച്ചയാകും
Updated on
1 min read

കേരള, കര്‍ണാടക സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വികസന വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ബെംഗളുരുവില്‍ മുഖ്യമന്ത്രി ബൊമ്മെയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ'യില്‍ വെച്ച് രാവിലെ 9:30നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ റെയില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്യും. സില്‍വര്‍ ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതാണ് പരിഗണനയിലുള്ളത്. ഇതുള്‍പ്പെടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ഇരു സംസ്ഥാനങ്ങളും ധാരണയായിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകയിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കെ റെയില്‍ വിഷയത്തില്‍ ബൊമ്മെയുമായി പിണറായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. സില്‍വര്‍ ലൈന്‍ പാത മംഗളുരു വരെ ദീര്‍ഘിപ്പിക്കല്‍, അന്തര്‍ സംസ്ഥാന റയില്‍വേ പദ്ധതികളായ നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശരി-മൈസൂര്‍ റെയില്‍പാതകള്‍ എന്നിവയും ചര്‍ച്ചാവിഷയമാകുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പിന്തുണ ഉറപ്പാക്കിയാല്‍ കെ റെയില്‍ പദ്ധതിക്ക് വേഗത്തില്‍ കേന്ദ്രാനുമതി നേടിയെടുക്കാമെന്ന കണക്കുക്കൂട്ടലിലാണ് മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് കേരളം തയ്യാറായത്.

ദക്ഷിണേന്ത്യന്‍ കൗണ്‍സിലില്‍ അമിത്ഷാ നേതൃത്വം നല്‍കിയ യോഗത്തില്‍ ഇക്കാര്യങ്ങള്‍ അജണ്ടയിലുണ്ടായിരുന്നെങ്കിലും, കര്‍ണാടക, കേരള മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്തശേഷം പരിഗണിക്കാമെന്ന് ധാരണയില്‍ പിന്നീട് മാറ്റുകയായിരുന്നു. പദ്ധതിയുടെ ഡിപിആര്‍ ഉള്‍പ്പെടെ സാങ്കേതിക വിവരങ്ങള്‍ കര്‍ണാടകയ്ക്ക് കൈമാറും. കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക. കൗണ്‍സിലില്‍, നാല് പ്രധാന നഗരങ്ങളെയും അയല്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയില്‍ ഇടനാഴിയെന്ന ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുന്നോട്ടുവച്ചിരുന്നു. ഇതെല്ലാം കേന്ദ്രാനുമതി നേടുന്നതിന് തുണയാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

ഇന്നലെ വൈകിട്ട് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയനെ കര്‍ണാടകയിലെ സിപിഎം സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. ബൊമ്മെയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പാര്‍ട്ടി പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ബാഗ്ഗേപള്ളി മണ്ഡലത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിക്കും. നേരത്തെ കര്‍ണാടക നിയമസഭയില്‍ സിപിഎം പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് കര്‍ണാടക-ആന്ധ്രാ അതിര്‍ത്തി ഗ്രാമമായ ബാഗ്ഗേപള്ളി.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് കെ റെയില്‍ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ ബസവരാജ് ബൊമ്മെയ്ക്ക് കത്തുകളെഴുതി. സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതാണ് സില്‍വര്‍ ലൈന്‍. ലക്ഷക്കണക്കിനാളുകള്‍ക്ക് റോഡുകളും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കൃഷിയിടങ്ങളും നഷ്ടമാകും. ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. ദുര്‍ബലമായ പാരിസ്ഥിതിക സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന പദ്ധതി വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളുണ്ടെന്നിരിക്കെ, പൊതുജനത്തിന് വിനാശകരമായ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടാണ് സമര സമിതി പ്രവര്‍ത്തകര്‍ ബൊമ്മെയ്ക്ക് കത്തുകളെഴുതിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in