പ്രശ്നം മാനസിക വിഭ്രാന്തിയുള്ള ചില ജീവനക്കാര്‍; കാട്ടാക്കട സംഭവത്തില്‍ മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി സിഎംഡി

പ്രശ്നം മാനസിക വിഭ്രാന്തിയുള്ള ചില ജീവനക്കാര്‍; കാട്ടാക്കട സംഭവത്തില്‍ മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി സിഎംഡി

വിഷയം ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്നും സിഎംഡിയുടെ ഉറപ്പ്
Updated on
2 min read

കാട്ടാക്കട കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സിഎംഡി ബിജു പ്രഭാകര്‍. തികച്ചും ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് കാട്ടാക്കട യൂണിറ്റിൽ ഉണ്ടായത്. പ്രസ്തുത സംഭവത്തിൽ അതീവമായി ഖേദിക്കുന്നു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം എന്ന് ഏവരും മനസ്സിലാക്കണം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല... ഇതുതന്നെയാണ് ഗതാഗത മന്ത്രി ആൻറണി രാജുവിന്റെയും സര്‍ക്കാരിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് സര്‍ക്കാര്‍ നൽകിയിട്ടുള്ള നിർദ്ദേശമെന്നും എഫ്ബി കുറിപ്പില്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

*തിരുത്തുവാൻ കഴിയാത്തവയെ തള്ളിക്കളയുക തന്നെ ചെയ്യും... അങ്ങനെ ചെയ്തില്ലെങ്കിൽ ഏതൊരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ല...*

പ്രിയപ്പെട്ടവരെ,

*തികച്ചും ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ൽ കെ.എസ്.ആർ.ടി.സി കാട്ടാക്കട യൂണിറ്റിൽ ഉണ്ടായത്... പ്രസ്തുത സംഭവത്തിൽ ഞാൻ അതീവമായി ഖേദിക്കുന്നു...*

*ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെ.എസ്.ആർ.ടി.സി എന്ന മഹാ പ്രസ്ഥാനത്തിൽ... കുറേയേറെ വിഷയങ്ങൾ സാമ്പത്തികം, ഭരണം, സർവീസ് ഓപ്പറേഷൻ, മെയിന്റനൻസ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം... തുടങ്ങിയ മേഖലകളിൽ കാലങ്ങളായി നിലനിന്നു പോന്നിരുന്നു...*

*കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസഷൻ പുതുക്കാനായി എത്തിയ വിദ്യാർത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്... ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നതിൽ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു... ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം എന്ന് ഏവരും മനസ്സിലാക്കണം... അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല... ഇതുതന്നെയാണ് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആൻറണി രാജുവിന്റെയും ഗവൺമെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവൺമെൻറ് നൽകിയിട്ടുള്ള നിർദ്ദേശം.*

*ദയവായി ഒന്ന് ശ്രദ്ധിച്ച് വിലയിരുത്തൂ... ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികൾ ഈ അടുത്ത കാലത്തായി തീരെയും ഇല്ല എന്ന് നിസ്സംശയം പറയാവുന്ന അവസ്ഥ തന്നെയായിരുന്നു... അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാൻ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു...*

*കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാർത്ഥ്യബോധം നമുക്കേവർക്കും ഉണ്ടാകേണ്ടതാണ്, എന്നാൽ ഏതു സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്നക്കാർ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കിൽ ഈ സ്ഥാപനത്തിൽ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ട. ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആർടിസിക്കും അതിലെ ജീവനക്കാർക്കും നിങ്ങൾ നാളിതുവരെ നൽകിവന്നിരുന്ന സ്നേഹവും സഹകരണവും ആത്മാർത്ഥതയും തുടർന്നും ഉണ്ടാകണമെന്ന് സ്നേഹത്തിൻറെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു...*

*സ്നേഹപൂർവ്വം,

*നിങ്ങളുടെ സ്വന്തം*

*ബിജുപ്രഭാകർ ഐ. എ. എസ്**സെക്രട്ടറി ട്രാൻസ്പോർട്ട് & ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി*

ചൊവ്വാഴ്ച രാവിലെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. കണ്‍സെഷന്‍ പുതുക്കാനെത്തിയ പ്രേമന്റെ മകള്‍ രേഷ്മയോട് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കൗണ്ടറിലുള്ളവര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കണ്‍സെഷന്‍ നല്‍കില്ലെന്ന് കെ എസ് ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു, ഒരു മാസം മുന്‍പ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമന്‍ പറഞ്ഞു. തുടർന്ന് വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു.

സംഭവത്തിൽ നാല് കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച് എന്നിവരെയണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഐപിസി 143,147,149 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

logo
The Fourth
www.thefourthnews.in