തീരനെഞ്ചില്‍ തറച്ച പിങ്ക് കുറ്റി; അവ്യക്തതയ്ക്കുള്ളില്‍ തീരദേശ ഹൈവേ
'ഒന്നും പറയാതെ കുറേ കുറ്റികള്‍ കൊണ്ടുവന്ന് അവര്‍ വീട്ടിലിട്ടു. ഈ വീടും വിട്ട് പോണം എന്നാണ്. പോയാല്‍ എന്ത് കിട്ടും, എന്തിനാണ് കല്ലിട്ടത്, ഒന്നും അവര്‍ പറഞ്ഞില്ല.' വീട്ടു പറമ്പില്‍ ഇട്ട പിങ്ക് കല്ലുകള്‍ നോക്കി ഞാറയ്ക്കല്‍ സ്വദേശി ലീല നിസ്സഹായതയോടെ പറഞ്ഞു.
'ഈ വീടിന്റെ പകുതി വരെ അളന്നോണ്ട് പോയി. ബാക്കി സ്ഥലത്ത് താമസിച്ചോളാന്‍. എങ്ങനെ താമസിക്കും?' പൊഴിയൂര്‍ സ്വദേശി ഷീജയും അതേ നിസ്സഹായതയിലാണ്. 'പൊഴിയൂരില്‍ കൊണ്ടിട്ട കല്ലുകളില്‍ മുക്കാലും കടലെടുത്ത് പോയി. അവിടെ എങ്ങനെയാണ് അവര്‍ തീരദേശ ഹൈവേ ഉണ്ടാക്കുന്നത്?' ഗീതയുടെ സംശയം.' ആരും വികസനത്തിന് എതിരല്ല. പക്ഷേ എന്താണ് എന്ന് പറയണ്ടേ, ഒരു വ്യക്തത എല്ലാത്തിനും വേണം. അത് മാത്രമേ തീരവാസികള്‍ ചോദിക്കുന്നുള്ളൂ.' വാടാനപ്പള്ളി സ്വദേശി ഷിജുവും സംശയത്തിലാണ്.
'പൊഴിയൂര്‍ കൊണ്ടിട്ട കല്ലുകളില്‍ മുക്കാലും കടലെടുത്ത് പോയി. അവിടെ എങ്ങനെയാണ് അവര്‍ തീരദേശ ഹൈവേ ഉണ്ടാക്കുന്നത്?'
കേരളത്തിന്റെ രണ്ടറ്റങ്ങള്‍ക്കിടയില്‍ മാലപോലെ കോര്‍ത്ത് കിടക്കുന്ന തീരം. ഓരോ തിരയടിയിലും എടുത്തും കൊടുത്തും രൂപമാറ്റങ്ങള്‍ പഴകിയ കേരള തീരം. അറുന്നൂറ് കിലോമീറ്ററോളം നീണ്ടു കിടക്കുന്ന തീരദേശവും തീരത്തെ ആശ്രയിച്ച് കഴിയുന്ന വലിയ ജനസമൂഹവും. കേരള സംസ്ഥാന രൂപീകരണം മുതല്‍ക്കേ സമ്പദ് വ്യവസ്ഥയുടെ പ്രധാന പങ്കാളികളായവര്‍. ഏറ്റവും ജനസാന്ദ്രതയേറിയ തീരദേശത്ത് ഏതാണ്ട് രണ്ടര ലക്ഷം ആളുകള്‍ ഉണ്ടെന്നാണ് കണക്ക്. 2018 പ്രളയത്തിന് ശേഷം കേരളത്തിന്റെ സൈന്യം എന്ന ഓമനപ്പേരിലാണ് നമ്മള്‍ അവരെ വിളിക്കാറ്. മീന്‍പിടിക്കല്‍ മഹത്തരമായ തൊഴിലെന്ന് സിനിമകളും വാഴ്ത്തിപ്പാടും. എന്നാല്‍ ഗൃഹാതുര കാല്‍പ്പനിക ഭാവനകള്‍ക്കും സഹതാപങ്ങള്‍ക്കും മേല്‍, കാറ്റും കോളും നിറഞ്ഞ കടല്‍ പോലെ സദാസമയം വിടാതെ കൂടുന്ന ആശങ്കയുടെ യാഥാര്‍ത്ഥ്യങ്ങളാണ് തീരത്ത് തെളിയുന്നത്. ഓരോ നിമിഷവും പിറന്ന മണ്ണും കുടിലും തൊഴിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനത. അഭിനന്ദനപ്രവാഹങ്ങളുടേയും അനുമോദനങ്ങളുടേയും കുളിര് കോരിയ അലയടികള്‍, വന്ന അതേ വേഗതയില്‍ തന്നെ ഇവരില്‍ നിന്ന് അകന്ന് പോയി. എല്ലാമേഖലയിലും ഒന്നാമതെത്താനായി ഓട്ടമോടുന്ന കേരളത്തിന് മുന്നില്‍ നിരന്തരമായ അവഗണനകളുടേയും നിരുത്തരവാദത്തിന്റെയും ഇരകളായി അവര്‍.
കടലാക്രമണ ഭീഷണിയിലാണ് കേരളതീരം എന്നും. ആഗോളതാപനമെന്ന വിപത്ത് ലോകത്തെ കീഴ്‌പ്പെടുത്താന്‍ തുടങ്ങിയതോടെ അതിന് ആക്കവും തീവ്രതയും ഏറി. ഇന്ന് തീരവാസികളായവരില്‍ പലരുടേയും വീടുകളും കളിസ്ഥലങ്ങളും ഇന്ന് കടലായി മാറി. വിഴിഞ്ഞവും ശംഖുമുഖവും പുതുവൈപ്പിനും ചെല്ലാനവും ആലപ്പാടും പൊന്നാനിയും പ്രത്യക്ഷ ഉദാഹരണങ്ങളായി നില്‍ക്കുമ്പോള്‍ മറ്റ തീരങ്ങളും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഓരോ വികസന പദ്ധതികളും ഖനനവും അശാസ്ത്രീയ നിര്‍മ്മാണങ്ങളുമാണ് പല തീരങ്ങളുടേയും ഇന്നത്തെ സ്ഥിതിക്ക് കാരണമെന്ന് നിരവധി വിദഗ്ദ്ധര്‍ പലകാലങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വര്‍ഷവും അതിരൂക്ഷമായ കടലാക്രമണമുണ്ടായി. കാസര്‍കോഡ് മുതല്‍ എറണാകുളം വരെയുള്ള തീരങ്ങളിലായിരുന്നു കൂടുതല്‍. ചെറിയ മഴ പെയ്യുമ്പോള്‍, കടലാക്രമണമുണ്ടാവുമ്പോള്‍ തീരവും തീരവാസികളും നിയമസഭയില്‍ ചോദ്യങ്ങളായി ഉയരും. എന്നാല്‍ ഉത്തരങ്ങളും പ്രശ്‌നപരിഹാരവും മാത്രം ഇനിയും ഉണ്ടായിട്ടില്ല.
എത്ര വീടുകള്‍ ഒഴിപ്പിക്കപ്പെടുമെന്നോ എത്രപേരെ ഈ പദ്ധതി ബാധിക്കുമെന്നോ കൃത്യമായ ഒരുത്തരമില്ല
ആശങ്കകള്‍ തീരാത്ത തീരദേശത്ത് വീണ്ടും ആശങ്കകള്‍ വിതച്ചുകൊണ്ടാണ് പിങ്ക് കുറ്റികള്‍ നിറഞ്ഞത്. നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പായി പിങ്ക് കുറ്റികള്‍ ഇട്ടതിലെ അവ്യക്തതകള്‍ ഇനിയും ബാക്കിയാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒഴിഞ്ഞ് പോവുക എന്ന ഒറ്റ മൂലിയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ എത്ര വീടുകള്‍ ഒഴിപ്പിക്കപ്പെടുമെന്നോ എത്രപേരെ ഈ പദ്ധതി ബാധിക്കുമെന്നോ ഒഴിഞ്ഞുപോവുന്നവര്‍ക്ക് നിശ്ചയിച്ച പുനരധിവാസ പാക്കേജ് എന്താണെന്നോ കൃത്യമായ ഒരുത്തരവും ഇതേവരെ അധികൃതര്‍ നല്‍കിയിട്ടില്ല.
സിആര്‍ഇസഡ് നിയമം പോലും 28 തവണയാണ് പാര്‍ലമെന്റില്‍ ഭേദഗതി ചെയ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെയും തീരദേശത്തിന്റെയും സംരക്ഷണത്തിനായി ഉണ്ടാക്കിയ ഈ നിയമത്തിന്റെ ഓരോ ഭേദഗതിയും തീരനിവാസികളെ കൂടുതലായി ഒഴിപ്പിക്കുന്നതിനാണ് കാരണമായത്. തീരദേശം വാസയോഗ്യമല്ല എന്ന് പറഞ്ഞ് തീരവാസികളെ കൂടുതല്‍ ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ പിന്നീട് പദ്ധതികള്‍ ഉണ്ടാക്കിയത്.
കേരളത്തില്‍ തീരദേശ റോഡും എന്‍എച്ചും തമ്മില്‍ ആകെ മീറ്ററുകളുടെ വ്യത്യാസമേയുള്ളൂ. പിന്നെ എന്തിനാണ് ഒരു ഹൈവേ?
2018ല്‍ പ്രഖ്യാപിച്ച പുനര്‍ഗേഹം പദ്ധതിയാണ് ഇതില്‍ പ്രധാനം. വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ ദൂരപരധിയില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായി 2450 കോടി രൂപയുടെ പദ്ധതി. 2022ല്‍ പൂര്‍ത്തിയാക്കാനുദ്ദേശിച്ച പദ്ധതിയുടെ കാലാവധി നിലവില്‍ നീട്ടിയിരിക്കുകയാണ്. സര്‍ക്കാര്‍ കണക്ക് പ്രകാരം തീരദേശം വാസയോഗ്യമില്ലാത്തതിനാല്‍ 18,685 വീടുകളാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടതായി ഉള്ളത്. ഹൈദരാബാദ് ആസ്ഥാനമായ നാച്വറല്‍ റൂറല്‍ ഡവലപ്‌മെന്റിന്റെ പഠനത്തില്‍ 29,209 കുടുംബങ്ങള്‍ കടലോരത്ത് വീടില്ലാത്തതായുണ്ട്. രണ്ട് കണക്കുകള്‍ സംയോജിപ്പിച്ചാല്‍ 47,894 കുടുംബങ്ങളാണ് സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവര്‍. അതായത് ഏകദേശം രണ്ട് ലക്ഷത്തോളം പേരാണ് കടലോരത്ത് നിന്ന് ഒഴിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഒഴിയാന്‍ തയ്യാറായവര്‍ 25ശതമാനം പേര്‍ മാത്രമാണ്. ഇതിന് ഇവര്‍ക്ക് ഇവരുടേതായ കാരണങ്ങളുമുണ്ട്.
മത്സ്യത്തൊഴിലാളികളെ വംശഹത്യ ചെയ്യുന്നതിന് തുല്യമാണ് ഒഴിപ്പിക്കല്‍
'പത്ത് ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് ഒഴിപ്പിച്ചാല്‍ അതുംകൊണ്ട് ഞങ്ങള് എങ്ങോട്ട് പോവും. സെന്റിന് മൂന്നും നാലും ലക്ഷം രൂപയാണ് ചുരുങ്ങിയത്. 10 ലക്ഷം വച്ച് സ്ഥലം വാങ്ങുമോ അതോ വീട് വാങ്ങുമോ? 'ചെല്ലാനം സ്വദേശിയായ ജയന്‍ ചോദിക്കുന്നു. ' ഒന്നുകില്‍ 600 സ്‌ക്വയര്‍ ഫീറ്റല്‍ ഒരു ഫ്‌ലാറ്റ് തരാം അല്ലെങ്കില്‍ 10 ലക്ഷം രൂപ തരാം. അതുംകൊണ്ട് നിങ്ങള്‍ ഒഴിഞ്ഞുപൊയ്‌ക്കൊള്ളണമെന്നാണ് പറയുന്നത്. മത്സ്യത്തൊഴിലാളികളെ വംശഹത്യ ചെയ്യുന്നതിന് തുല്യമാണ് ഒഴിപ്പിക്കല്‍. കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഗോത്രവിഭാഗമായി മത്സ്യത്തൊഴിലാളികളെ കണക്കാക്കാതെ തീരപ്രദേശത്ത് നിന്നും ദൂരെ മാറി ഫ്‌ലാറ്റ് കൊടുക്കുന്നതിലാണ് സര്‍ക്കാരിന് താത്പര്യം.' മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ പ്രവര്‍ത്തകയായ മാഗ്ലിന്‍ പറയുന്നു.
നാഷണല്‍ ഹൈവേയിലുണ്ടാവുന്ന തിരക്കിന് പരിഹാരം, ടൂറിസം പദ്ധതികള്‍ക്ക് താങ്ങ് അങ്ങനെ പലവിധ നല്ല ഫലങ്ങളാണ് സര്‍ക്കാരിന് ചൂണ്ടിക്കാട്ടാനുള്ളത്. ഈ വികസനത്തിന് തീരവാസികള്‍ എതിരുമല്ല. എന്നാല്‍ കൃത്യമായ വിശദീകരണങ്ങളില്ലാതെ, സമ്മതം ചോദിക്കാതെ, പുനരധിവാസ പാക്കേജുകളില്‍ വ്യക്തതയില്ലാതെ തീരത്തിന് നെടുകെ കുഴിച്ചിട്ട കല്ലുകള്‍ അവര്‍ ഭയത്തോടെയാണ് നോക്കുന്നത്. ഒമ്പത് ജില്ലകളിലായി 52 സ്‌ട്രെച്ചുകള്‍, 623 കി.മീ. നീളത്തില്‍ തീരദേശ ഹൈവേ. 537 കി മീ കിഫ്ബിയും പിഡ്ബ്ല്യുഡിയും ചേര്‍ന്നും ബാക്കി ഭാരത് മാലാ പരിയോജന സ്‌കീം വഴിയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. 15 മീറ്റര്‍ വീതിയിലാണ് റോഡ് വരിക. 20 പഞ്ചായത്തുകളിലും 11 മുന്‍സിപ്പാലിറ്റികളിലും നാല് കോര്‍പ്പറേഷനും ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ഏകദേശം 540.61 ഹെക്ടര്‍ സ്ഥലം ഇതിനായി വേണ്ടിവരുമെന്നാണ് കണക്ക്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമായിരിക്കും സ്ഥലവില നിശ്ചയിക്കുക. എന്നാല്‍ അതേ നിയമത്തില്‍ ഒരു സ്ഥലത്ത് താമസിക്കുന്ന 70 ശതമാനം പേരുടെയെങ്കിലും സമ്മതം ഇതിനാവശ്യമാണെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല എന്നതാണ് പ്രധാന പരാതിയായി ഉയരുന്നത്. 'താമസയോഗ്യമല്ല എന്ന് പറഞ്ഞാണ് തീരവാസികളെ ഇവിടെ നിന്നും ഓടിക്കുന്നത്. എന്നാല്‍ തീരദേശ ഹൈവേയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് യഥാര്‍ത്ഥത്തില്‍ ടൂറിസം പദ്ധതിയാണ്. 12 ടൂറിസം സ്‌പോട്ടുകളെങ്കിലും ഉണ്ടാവും എന്നാണ് പറയുന്നത്. അതും ലോകോത്തര മാതൃകയിലുള്ള കഫറ്റീരിയകളും ഹോട്ടലുകളുമൊക്കെയായി. വാസയോഗ്യമല്ല എന്ന് പറഞ്ഞ് ആളുകളെ ഓടിക്കുന്ന ഇവര്‍ അവിടെ ടൂറിസം എങ്ങനെ നടപ്പാക്കും? എങ്കില്‍ ആ സ്ഥലം മത്സ്യത്തൊഴിലാളികള്‍ക്ക് താമസിക്കാന്‍ കൊടുത്താല്‍ പോരേ? രണ്ട് എന്‍എച്ചില്‍ ഉണ്ടാവുന്ന ബ്ലോക്കിന് പരിഹാരം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേരളത്തില്‍ തീരദേശ റോഡും എന്‍എച്ചും തമ്മില്‍ ആകെ മീറ്ററുകളുടെ വ്യത്യാസമേയുള്ളൂ. പിന്നെ എന്തിനാണ് ഒരു ഹൈവേ?' മാഗ്ലിന്‍ പ്രതികരിച്ചു.
തീരദേശ ഹൈവേ നിര്‍മ്മാണം 2025ല്‍ പൂര്‍ത്തിയാക്കാനുറച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ ഇപ്പോഴും അവ്യക്തതകളോടെ തീരജനത സര്‍ക്കാരിന്റെ മറുപടിക്കായി കാക്കുകയാണ്.