പ്ലാച്ചിമടയിലെ 35 ഏക്കർ ഭൂമി സർക്കാരിന് തിരിച്ച് നൽകും; മുഖ്യമന്ത്രിക്ക് കത്തയച്ച് കൊക്കകോളാ കമ്പനി

പ്ലാച്ചിമടയിലെ 35 ഏക്കർ ഭൂമി സർക്കാരിന് തിരിച്ച് നൽകും; മുഖ്യമന്ത്രിക്ക് കത്തയച്ച് കൊക്കകോളാ കമ്പനി

35 ഏക്കർ ഭൂമിയും 35000 ചതുരശ്ര അടിയിലുള്ള കെട്ടിടവും കൈമാറാമെന്ന് കഴിഞ്ഞ വർഷം തന്നെ കമ്പനി അറിയിച്ചിരുന്നു.
Updated on
1 min read

പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ പ്രവർത്തിച്ചിരുന്ന കൊക്കോകോള കമ്പനി കൈവശം വെച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ കൊക്കോകോള കമ്പനി തീരുമാനിച്ചു. ഹിന്ദുസ്ഥാൻ കൊക്കോകോള ബിവറേജ് ലിമിറ്റഡ് സിഇഒ ഹ്വാൻ പാബ്ലോ റോഡ്രീഗസ് ആണ് ഭൂമിയും കെട്ടിടവും കൈമാറാൻ തയ്യാറാണെന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

35 ഏക്കർ ഭൂമിയും 35,000 ചതുരശ്ര അടിയിലുള്ള കെട്ടിടവും കൈമാറാമെന്ന് കഴിഞ്ഞ വർഷം തന്നെ കമ്പനി അറിയിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി, കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന് കമ്പനിയുടെ കൈവശമുള്ള ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മുൻകൈയെടുത്ത് ചർച്ചകൾ ആരംഭിച്ചിരുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഭൂമിയും കെട്ടിടവും വിട്ടു നൽകാൻ കമ്പനി തയ്യാറായിരിക്കുന്നത്. കർഷകർക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിൻ്റെ നിർമാണത്തിന് വേണ്ടി വരുന്ന സാങ്കേതിക സഹായം നൽകാൻ ഒരുക്കമാണെന്നും കൊക്കോകോള കമ്പനി അറിയിച്ചിട്ടുണ്ട്.

പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം നൽകാതെ കൊക്കോകോള കമ്പനി കേരളം വിടാനൊരുങ്ങുന്നു എന്നായിരുന്നു നേരത്തെ സമര സമിതി ആരോപിച്ചത്. നഷ്ടപരിഹാരം നൽകാതിരിക്കാനാണ് കോള കമ്പനി ഭൂമി സർക്കാരിന് കൈമാറുന്നതെന്നും സമരസമിതി ആരോപണം ഉയർത്തിയിരുന്നു. പ്ലാച്ചിമടയിലെ പരിസ്ഥിതി, മണ്ണ്, വെള്ളം എന്നിവ നശിപ്പിച്ചതിന് 216 കോടിരൂപയിലധികം കൊക്കോകോള കമ്പനി പ്ലാച്ചിമടക്കാർക്ക് നൽകണമെന്ന് 2011 ൽ നിയമസഭ ഐക്യകണ്‌ഠേനെ ബില്ല് പാസാക്കിയിരുന്നു. എന്നാൽ, രാഷ്ട്രപതി ബില്ല് തിരിച്ചയച്ചതിനാൽ വീണ്ടും നിയമനിർമാണം നടത്തണമെന്നാവശ്യപെട്ട് സമരം നടക്കുന്നതിനിടെയാണ് സർക്കാരിന് ഭൂമി കൈമാറാൻ നീക്കം നടന്നത്.

logo
The Fourth
www.thefourthnews.in