എസ്എഫ്ഐ ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പലിനും വിദ്യാർഥിക്കും സസ്പെന്‍ഷന്‍

എസ്എഫ്ഐ ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പലിനും വിദ്യാർഥിക്കും സസ്പെന്‍ഷന്‍

ചട്ടങ്ങള്‍ക്കനുസരിച്ച് കൃത്യമായ നടപടി സ്വീകരിച്ച് കേരള സര്‍വകലാശാലയെ അറിയിക്കാനായിരുന്നു നിര്‍ദേശം
Updated on
1 min read

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ പാനലില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇൻ-ചാർജ് ഡോ. ജി ജെ ഷൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകനെതിരെ നടപടിയെടുക്കാന്‍ നേരത്തെ കേരള സര്‍വകലാശാല അധികൃതർ കോളേജ് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിരുന്നു.

പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോളേജിന്റെ അഫലിയേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പ് സര്‍വകലാശാല നല്‍കിയിരുന്നു. ചട്ടങ്ങള്‍ക്കനുസരിച്ച് കൃത്യമായ നടപടി സ്വീകരിച്ച് കേരള സര്‍വകലാശാലയെ അറിയിക്കാനായിരുന്നു നിര്‍ദേശം.

ആൾമാറാട്ടം നടത്തിയ വിദ്യാർഥി വൈശാഖിനെയും സസ്പെൻഡ് ചെയ്തു. എസ് എഫ് ഐ കാട്ടാക്കട ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്ന വൈശാഖിനെ സംഭവത്തെത്തുടർന്ന് സംഘടന പുറത്താക്കുകയും സിപിഎം അംഗത്വത്തിൽനിന്ന് നീക്കുകയും ചെയ്തിരുന്നു.

ആൾമാറാട്ടക്കേസിൽ പ്രിൻസിപ്പൽ ഇൻ-ചാർജായിരുന്ന ജി ജെ ഷൈജു ഒന്നാം പ്രതിയും വൈശാഖ് രണ്ടാം പ്രതിയുമാണ്. കേരള സര്‍വകലാശാലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്.

എസ്എഫ്ഐ ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പലിനും വിദ്യാർഥിക്കും സസ്പെന്‍ഷന്‍
എസ്എഫ്ഐ ആൾമാറാട്ടം: കാട്ടാക്കട കോളേജ് പ്രിൻസിപ്പൽ കബളിപ്പിച്ചെന്ന് സർവകലാശാല; സസ്പെൻഷന് ശുപാർശ

ഡിസംബര്‍ 12ന് നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി (യു യു സി) തിരഞ്ഞെടുക്കപ്പെട്ട അനഘയെ മാറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വിശാഖിന്റെ പേരാണ് കോളേജില്‍നിന്ന് കേരള സര്‍വകലാശാലയ്ക്ക് നല്‍കിയത്. ഇതാണ് വിവാദത്തിന് കാരണമായത്.

അനഘ രാജിവച്ചതിനെത്തുടർന്നാണ് വിശാഖിന്റെ പേര് സർവകലാശാലയിലേക്ക് നൽകിയ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു കോളേജിന്റെ ആദ്യവിശദീകരണം. എന്നാൽ വിശാഖിനെ യൂണിവേഴ്‌സിറ്റി യൂണിയൻ നേതൃത്വസ്ഥാനത്തേക്ക് എത്തിക്കാനുള്ള നാടകമായിരുന്നു ഇതെന്ന ആരോപണം ശക്തമായി. വിഷയത്തില്‍ സിപിഎം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Attachment
PDF
Fir.pdf
Preview

സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. അനഘ രാജിവച്ച ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുക്കുക.

logo
The Fourth
www.thefourthnews.in