തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ പുതുക്കി ലോകം; ഇന്ന് ക്രിസ്മസ്
തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ പുതുക്കി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിലും പ്രത്യേക പാതിരാ കുര്‍ബാനകളും പ്രാര്‍ത്ഥനകളും നടന്നു. സ്‌നേഹമാണ് ലോകത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. യുദ്ധങ്ങള്‍ ലോകത്ത ഉണ്ടാക്കുന്ന കെടുതികള്‍ പരാമര്‍ശിച്ചായിരുന്നു മാര്‍പ്പാപ്പയുടെ ക്രിസ്മസ് സന്ദേശം. യുദ്ധത്തിന്റെ പ്രധാന ഇരകള്‍ ദുര്‍ബലരാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം 'സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ആസക്തിയെയും അപലപിക്കുകയും ചെയ്തു. ഉക്രെയ്‌നിലെ യുദ്ധത്തെയും മറ്റ് സംഘര്‍ഷങ്ങളെയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ക്രിസ്മസ് രാവില്‍ വത്തിക്കാനില്‍ നടന്ന കുര്‍ബാനയില്‍ മാര്‍പ്പാപ്പയുടെ പ്രസംഗം.
സ്‌നേഹമാണ് ലോകത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ക്രിസ്മസ് എന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. യേശു ക്രിസ്തു നല്‍കിയ അനുകമ്പയുടെയും ത്യാഗത്തിന്റെയും സന്ദേശം ഓര്‍മ്മിക്കണം എന്നും രാഷ്ട്രപതി ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞു.
വര്‍ഗീയശക്തികള്‍ നാടിന്റെ ഐക്യത്തിനു വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് ദിനാശംസ. തന്റെ അയല്‍ക്കാരേയും തന്നെപ്പോലെത്തന്നെ സ്‌നേഹിക്കാനും അവര്‍ക്ക് തണലേകാനും ഓരോരുത്തര്‍ക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളില്‍ ഏവരും പങ്കാളികളാകണം. എങ്കില്‍ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്‌നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ചേര്‍ത്ത് നിര്‍ത്തലിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ക്രൈസ്തവ ദര്‍ശനങ്ങളാണ് ക്രിസ്മസ് ദിനത്തില്‍ എല്ലാവരുടെയും മനസ്സില്‍ നിറയുന്നതെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഈ സന്തോഷ വേളയില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പട്ടം സെന്റ് മേരീസ് പള്ളിയില്‍ കര്‍ദിനാള്‍ ക്ലീമ്മിസ് കാതോലിക ബാവ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ രാത്രി 11.30ന് പാതിരാ കുര്‍ബാന നടന്നു. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് താമരശ്ശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കി. സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഏകീകൃത കുര്‍ബാന രീതിയിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍.
സംസ്ഥാനത്തെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിയാരുന്നു സഭാ അധ്യക്ഷന്‍മാരുടെ ക്രിസ്മസ് ദിന സന്ദേശങ്ങള്‍. വിശ്വാസികള്‍ വിഭാഗീയത സൃഷ്ടിച്ചാല്‍ വലിയ നാശം സംഭവിക്കുമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. കുര്‍ബാന വിഷയത്തില്‍ എറണാകുളത്ത് വിശ്വാസികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതിന് പിന്നാലെയാണ് കര്‍ദിനാളിന്‌റെ പ്രതികരണം. ബഫര്‍സസോണ്‍ വിഷയം പരാമര്‍ശിച്ച താമരശ്ശേരി ബിഷപ്പ് മലയോര ജനത ആശങ്കയിലാണെന്നും പ്രതികരിച്ചു. വിഴിഞ്ഞം വിഷയമായിരുന്നു ബിഷപ്പ് തോമസ് ജെ നെറ്റോ പരാമര്‍ശിച്ചത്. വിഴിഞ്ഞത്ത് ആളുകള്‍ കഴിയുന്നത് സങ്കടകരമായ അവസ്ഥയിലാണ് എന്നായിരുന്നു പ്രതികരണം.