പ്രവാസി വ്യവസായിയിൽ നിന്ന് 108 കോടിയും 1000 പവനും തട്ടി; മരുമകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

പ്രവാസി വ്യവസായിയിൽ നിന്ന് 108 കോടിയും 1000 പവനും തട്ടി; മരുമകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

വിവിധ പദ്ധതികളുടെ പേരിൽ വ്യാജ രേഖകള്‍ ഉണ്ടാക്കി പലരില്‍ നിന്നും ഇയാള്‍ പണം തട്ടിയതായും ആരോപണം
Updated on
1 min read

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്തതായുള്ള പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വ്യവസായിയാണ് കാസർഗോഡ് സ്വദേശിയായ മരുമകൻ പണം തട്ടിയതായി പരാതി നല്‍കിയത്. കാസർഗോഡ് കുതിരോളി ബില്‍ഡേഴ്സ് എന്ന കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹാഫിസിനെതിരേയാണ് പരാതി. മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്.

വിവിധ പദ്ധതികളുടെ പേരിൽ വ്യാജ രേഖകള്‍ ഉണ്ടാക്കി നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

കമ്പനിയിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ് നടന്നുവെന്ന് പറഞ്ഞ് പിഴയടക്കാൻ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിൻ്റെ തുടക്കം. ബാംഗ്ലൂരിൽ ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും നൽകിയത് വ്യാജരേഖകളായിരുന്നു എന്ന് ലാഹിർ ഹസൻ ആരോപിച്ചു. രാജ്യാന്തര ഫുട് വെയർ ബ്രാന്‍ഡിൻ്റെ ഷോറും തുടങ്ങാനും, കിഡ്സ് വെയർ ശൃംഖലയിൽ പണം മുടക്കാനും അടക്കം വിവിധ പദ്ധതികളുടെ പേരിൽ തട്ടിയെടുത്തത് നൂറ് കോടിയിൽ അധികം രൂപയാണെന്ന് പരാതിയിൽ പറയുന്നു.

ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈൻ ചെയിപ്പിച്ച് ഡിസൈനറായ ഭാര്യാമാതാവിനെ കബളിപ്പിച്ചു. വിവാഹത്തിന് മകള്‍ക്ക് നൽകിയ 1000 ത്തോളം പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ ഇയാള്‍ വിറ്റു. വിവിധ പദ്ധതികളുടെ പേരിൽ പുറത്ത് നിന്നും നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ലാഹിർ ഹസൻ പറയുന്നു.

ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈൻ ചെയിപ്പിച്ച് ഡിസൈനറായ ഭാര്യാമാതാവിനെയും കബളിപ്പിച്ചു

അക്ഷയ് തോമസ് വൈദ്യൻ എന്ന സുഹൃത്തുമായി ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്നാണ് പരാതിയിലുള്ളത്. കൊച്ചിയിൽ മീഡിയ ഏജൻസി നടത്തിയിരുന്ന ഇയാളുമായി ചേർന്ന് പുതിയ ബിസിനസ് പദ്ധതികൾ പ്രഖ്യാപിച്ച് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ നൽകിയാണ് സംരംഭകരെ വിശ്വസിപ്പിച്ചിരുന്നത്. ആരംഭിക്കാത്ത പദ്ധതികളെ കുറിച്ച് ഫോബ്സ് മാസികയുടെ ഓൺലൈനിലടക്കം വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ലാഹിർ ഹസൻ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഹാഫിസിൻ്റെ ബിരുദ സർട്ടിഫിക്കറ്റും ഇയാൾ അയച്ചു നൽകിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ പേരിൽ ഇയാൾ മൊബെൽ ചാറ്റുകളും കോളുകളും നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആലുവ ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും അന്വേഷണ പുരോഗതി ഉണ്ടാകാത്തതിനാൽ, ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

logo
The Fourth
www.thefourthnews.in