തിരുവല്ല താലൂക്ക് ആശുപത്രി
തിരുവല്ല താലൂക്ക് ആശുപത്രി

ആംബുലന്‍സില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചതായി പരാതി; ആരോപണം അടിസ്ഥാനരഹിതമെന്ന് ആശുപത്രി അധികൃതര്‍

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആംബുലന്‍സ് ഡ്രൈവര്‍ തയ്യാറായില്ലെന്ന് മരിച്ച രാജന്‍റെ മകന്‍
Updated on
2 min read

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ രോഗി ഓക്സിജന്‍ ലഭിക്കാതെ മരിച്ചതായി പരാതി. പടിഞ്ഞാറെ വെണ്‍പാല സ്വദേശി രാജനാണ് മരിച്ചത്. ഓക്സിജന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് രാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആംബുലന്‍സ് ഡ്രൈവര്‍ അതിന് തയ്യാറായില്ലെന്നാണ് രാജന്‍റെ മകന്‍ ഗിരീഷിന്റെ ആരോപണം. അതേസമയം, ആരോപണം നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ടും ആംബുലന്‍സ് ഡ്രൈവറും രംഗത്തെത്തി.

രാജന്‍
രാജന്‍

ഇന്നലെ രാത്രിയാണ് രാജനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് തിരുവല്ലയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജനെ പരിശോധിച്ച ഡോക്ടര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. വണ്ടാനത്തേക്ക് കൊണ്ടുപോകും മുന്‍പ് ആംബുലന്‍സിലെ ഓക്സിജന്‍ സിലിണ്ടര്‍ ഡ്രൈവര്‍ മാറ്റിവെച്ചെന്നാണ് രാജന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ആംബുലന്‍സ് പുറപ്പെട്ട് 3 കിലോ മീറ്റര്‍ പിന്നിടും മുന്‍പ് സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആംബുലന്‍സ് ഡ്രൈവര്‍ അതിന് തയ്യാറായില്ല. വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും രാജന്‍ മരിച്ചിരുന്നുവെന്നുമാണ് മകന്‍ ഗീരീഷിന്റെ ആരോപണം.

ആംബുലന്‍സ് പുറപ്പെട്ട് മൂന്ന് കിലോമീറ്റര്‍ പിന്നിടും മുന്‍പ് സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആംബുലന്‍സ് ഡ്രൈവര്‍ അതിന് തയ്യാറായില്ലെന്ന് ആരോപണം

അതേസമയം, ആരോപണങ്ങള്‍ തിരുവല്ല താലൂക്ക് ആശുപത്രി അധികൃതരും ആംബുലന്‍സ് ഡ്രൈവറും നിഷേധിച്ചു. വളരെ മോശമായ അവസ്ഥയിലാണ് രാജനെ ആശുപത്രിയിലെത്തിച്ചതെന്ന് സൂപ്രണ്ട് ഡോ. ബിജു നെല്‍സന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശ്വാസംമുട്ടലുണ്ടായിരുന്നു. ഓക്‌സിജന്‍ ലെവല്‍ 38 ശതമാനം എന്ന അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിയത്. ശ്വാസകോശ രോഗത്താല്‍ ഗുരുതര അവസ്ഥയിലായിരുന്ന രോഗിയെ, ആ ടൈപ്പ് ഫുള്‍ സിലിണ്ടര്‍ ഓക്‌സിജന്‍ സൗകര്യം ഉള്‍പ്പെടെ ആംബുലന്‍സില്‍ ബന്ധുക്കളുടെ ആവശ്യപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് വിടുകയായിരുന്നു. ആലപ്പുഴയില്‍ എത്തിയശേഷം, ഗുരുതരാവസ്ഥയിലായ രോഗി 20 മിനുറ്റിനുശേഷമാണ് മരിച്ചത്. മറ്റു വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓക്‌സിജന്‍ തീര്‍ന്നിരുന്നില്ലെന്നും ആവശ്യത്തിന് ഓക്‌സിജന്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നുവെന്നും ഡ്രൈവര്‍

ആരോപണം നിഷേധിച്ച് ആംബുലന്‍സ് ഡ്രൈവര്‍ ബിജോയിയും രംഗത്തെത്തി. ഓക്‌സിജന്‍ തീര്‍ന്നിരുന്നില്ലെന്നും ആവശ്യത്തിന് ഓക്‌സിജന്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നുവെന്നും ഡ്രൈവര്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ എത്തിയതിനു ശേഷമാണ് രോഗി മരിച്ചത്. മരിച്ചയാളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്നും ആംബുലന്‍സ് ഡ്രൈവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബന്ധുക്കളുടെ പരാതിയില്‍, അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പത്തനംതിട്ട ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശം നല്‍കി.

logo
The Fourth
www.thefourthnews.in