ആളുമാറി അറസ്റ്റ്: പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി
ജാമ്യത്തിലറങ്ങിയ പ്രതിക്ക് പകരം വയോധികയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി. പാലക്കാട് കുനിശ്ശേരി സ്വദേശി ഭാരതിയമ്മയാണ് തനിക്കെതിരെയുണ്ടായ മനുഷ്യാവകാശ ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്. പാലക്കാട് സൗത്ത് പോലീസിന്റെ ഗുരുതര വീഴ്ചയെ തുടർന്ന് നാലുവർഷമാണ് ഭാരതിയമ്മ കോടതി കയറിയിറങ്ങേണ്ടി വന്നത്.
വീട് അതിക്രമ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പേരിലുള്ള സാമ്യത്തിന്റെ പേരിൽ ഭാരതിയമ്മയെ 2019ൽ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഭാരതിയമ്മയെ, കഴിഞ്ഞ ദിവസമാണ് ആള് മാറിയെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി കേസിൽ നിന്ന് ഒഴിവാക്കിയത്. സംഭവത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
താൻ പ്രതിയല്ലെന്ന് പോലീസിൽ അറിയിച്ചിട്ടും കോടതിയിൽ റിപ്പോർട്ട് നൽകി ഭാരതിയമ്മയെ കേസിൽ നിന്ന് ഒഴിവാക്കാൻ പോലീസ് ശ്രമിച്ചില്ലെന്ന് ഭാരതിയമ്മ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. 1998ലാണ് കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീടുകയറി ജോലിക്കാരി ഭാരതി അതിക്രമം കാണിച്ചുവെന്ന പരാതി വരുന്നത്. ഇവർക്ക് പകരമാണ് 80 കാരിയായ ഭാരതിയമ്മയെ പോലീസ് നിയമക്കുരുക്കിൽപ്പെടുത്തിയത്.
വീട്ടുമുറ്റത്തെ ചെടിച്ചട്ടിയും മറ്റും തകര്‍ത്തുവെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ 48 കാരിയായ ഭാരതിയെ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ഇവര്‍ പിന്നീട് തുടര്‍നടപടികള്‍ക്കായി ഹാജരായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ പോലീസ് കുനിശ്ശേരി സ്വദേശിയും എണ്‍പതുകാരിയുമായ മറ്റൊരു ഭാരതിയെ അറസ്റ്റ് ചെയ്തു. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് ഇവർ അറിയിച്ചെങ്കിലും പോലീസ് നടപടി തുടര്‍രുകയായിരുന്നു.