കോടതി ഉത്തരവുണ്ടായിട്ടും ഇടവക വിവാഹക്കുറി നല്‍കിയില്ല; ക്‌നാനായ സഭാ വിവാഹത്തർക്കത്തിൽ വത്തിക്കാന് പരാതി
ക്‌നാനായ സഭാംഗമായ യുവാവിന് മറ്റ് സഭാഗംമായ യുവതിയുമായുള്ള വിവാഹത്തിന് ഇടവക അനുമതി നല്‍കാത്തതിനെതിരെ വത്തിക്കാന് പരാതി. കോടതി ഉത്തരവുണ്ടായിട്ടും കാസര്‍ഗോഡ് കൊട്ടോടി സ്വദേശി ജസ്റ്റിന്റെയും വിജിയുടെയും വിവാഹത്തിന് ഇടവക വിവാഹക്കുറി നല്‍കിയിട്ടില്ല. ഇതിനെതിരെ ഗ്ലോബല്‍ ക്‌നാനായ റിഫോംസ് മൂവ്‌മെന്റ് (ജികെആര്‍എം) ആണ് വത്തിക്കാനും സിറോ മലബാര്‍ സഭ സിനഡിലും പരാതി നല്‍കിയത്. വിവാഹക്കുറി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെയും പള്ളി കോടതിയെയും ഉടന്‍ സമീപിക്കുമെന്ന് സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍എസ് ഭാരവാഹി ബിജു ഉതുപ്പ് പറഞ്ഞു.
കോടതി ഉത്തരവുണ്ടായിട്ടും കൊട്ടോടി സെന്റ് സേവേഴ്യസ് പള്ളി ഇടവക വിവാഹം നടത്തിക്കൊടുത്തില്ല
ഓട്ടോറിക്ഷ തൊഴിലാളിയായ ജസ്റ്റിന്‍ ജോണ്‍ മംഗലത്ത് ക്നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍ നിന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം 18നാണ് കാസര്‍ഗോഡ് കൊട്ടോടി സെന്റ് സേവേഴ്യസ് ചര്‍ച്ചില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സിറോ മലബാര്‍ സഭയിലെ രൂപതയില്‍ നിന്നുള്ള വിജി മോളുമായാണ് വിവാഹം തീരുമാനിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും കൊട്ടോടി സെന്റ് സേവേഴ്യസ് പള്ളി ഇടവക വിവാഹം നടത്തികൊടുത്തില്ല. തുടർന്ന് പള്ളിക്ക് പുറത്തുള്ള വേദിയില്‍ വച്ച് ഇരുവരും മാലചാര്‍ത്തിയിരുന്നു.
മറ്റ് സഭാംഗത്തെ വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭയ്ക്ക് പുറത്തപോകണമെന്നായിരുന്നു സഭാനിയമം
സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍എസ് നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നായിരുന്നു സഭ മാറിയുള്ള വിവാഹത്തിന് ഇരുവരും തയ്യാറായെടുത്തത്. തലശ്ശേരി അതിരൂപതയിലെ പള്ളിയില്‍ വച്ച് നേരത്തെ ജസ്റ്റിന്റേയും വിജിമോളുടേയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹക്കുറി നല്‍കാന്‍ ഇടവക തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ആചാരപൂര്‍വമുള്ള വിവാഹം നടക്കാതെ പോയത്. മറ്റ് സഭാംഗത്തെ വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭയ്ക്ക് പുറത്തപോകണമെന്നായിരുന്നു സഭാനിയമം.
2021 ഏപ്രില്‍ 30-ന് കെസിഎന്‍എസ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോട്ടയം അഡീഷണല്‍ സബ് കോടതി മറ്റേതെങ്കിലും രൂപതയില്‍ നിന്നുള്ള ഒരു കത്തോലിക്കനെ വിവാഹം കഴിച്ചുവെന്ന കാരണത്താല്‍ സഭാ അംഗത്വം അവസാനിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അപ്പീല്‍ ജില്ലാ കോടതി തള്ളിയതിനെത്തുടര്‍ന്ന് മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പും ആര്‍ച്ച്പാര്‍ക്കിയും നിരോധനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് എം ആര്‍ അനിതയുടെ ബെഞ്ച് കീഴ്‌ക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. അപ്പീല്‍ അന്തിമ തീര്‍പ്പാക്കുന്നതുവരെ തല്‍സ്ഥിതി തുടരുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇതനുസരിച്ച് കോട്ടയം ആര്‍ച്ചിപാര്‍ക്കിക്ക് കീഴിലുള്ള ഏതെങ്കിലും സഭയിലെ അംഗങ്ങള്‍ മറ്റൊരു രൂപതയിലെ കത്തോലിക്കനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ആര്‍ച്ച് ബിഷപ്പിനോടോ ആര്‍ച്ച്പാര്‍ക്കിയോടോ 'വിവാഹക്കുറി'യോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ ആവശ്യപ്പെടാം. അഭ്യര്‍ത്ഥന ലഭിച്ചാല്‍ കോട്ടയം ആര്‍ച്ച്പാര്‍ക്കിയിലെ അംഗത്വം ഉപേക്ഷിക്കുന്നതിനുള്ള ഒരു കത്തും ആവശ്യപ്പെടാതെ വിവാഹക്കുറിയോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ നല്‍കണമെന്നാണ്. എന്നാല്‍ ആദ്യമായി ചരിത്ര വിവാഹത്തിന് തയാറെടുത്ത ജസ്റ്റിനും വിജിക്കും ഇടവക വിവാഹക്കുറി നിഷേധിക്കുകയായിരുന്നു.