ആരോപണം, അന്വേഷണം, നടപടി, പുറത്താക്കല്‍; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കലഹം
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കലഹം. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പനും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ സ്വഭാവദൂഷ്യ ആരോപണങ്ങള്‍ വരെ നേതാക്കള്‍ ഉയര്‍ത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി കെ ശ്രീമതി, പി കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
തര്‍ക്കം രൂക്ഷമായതോടെ എം വി ഗോവിന്ദന്‍ ഇടപെട്ട് പാർട്ടി വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന നിലപാടെടുത്തു. എത്ര മുതിർന്ന നേതാവായാലും നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കി. വിവിധ ആരോപണങ്ങള്‍ നേരിടുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ സി വിക്രമനെതിരെ നടപടിയെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. താക്കീത് ചെയ്യാനാണ് തീരുമാനം.
മദ്യപാനം, ക്വാറി മാഫിയ ബന്ധം തുടങ്ങിയ പരാതികൾ കിട്ടിയതിനെ തുടര്‍ന്ന് രണ്ട് ഏരിയാ സെക്രട്ടറിമാർക്കെതിരെ അന്വേഷണം നടത്താനും തീരുമാനിച്ചു. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.
മദ്യപാനം, ക്വാറി മാഫിയ ബന്ധം തുടങ്ങിയ പരാതികൾ കിട്ടിയതിനെ തുടര്‍ന്ന് രണ്ട് ഏരിയാ സെക്രട്ടറിമാർക്കെതിരെ അന്വേഷണം നടത്താനും തീരുമാനം
ജില്ലയിലെ പ്രധാനപ്പെട്ട ചില യുവ നേതാക്കൾക്കെതിരെയും നടപടിക്ക് നിർദേശമുണ്ട്. എസ് സി - എസ് ടി ഫണ്ട് തട്ടിപ്പ്, അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ പേരിലുള്ള ആംബുലൻസ് ഫണ്ട് തട്ടിപ്പ് എന്നിവയിലാണ് നടപടി. വിവിധ ആരോപണങ്ങള്‍ നേരിടുന്ന മൂന്ന് പേരെ ഒഴിവാക്കാൻ ഡിവൈഎഫ്ഐ നേതൃത്വത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ശുദ്ധീകരണം വേണമെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേത്യത്വം.