തൃശൂര്‍ ഡിസിസി ഓഫീസ്
തൃശൂര്‍ ഡിസിസി ഓഫീസ്

ഭാരത് ജോഡോയെ സ്വീകരിക്കാൻ കാവിയടിച്ച് 'മുഖം മിനുക്കി' ഡിസിസി ഓഫീസ്; വിവാദമായതോടെ നിറം മാറ്റി

ഡിസിസി ഓഫീസ് കെട്ടിടത്തിന് ബിജെപി കൊടിയുടെ നിറമായതോടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി
Updated on
1 min read

തൃശൂര്‍ ഡിസിസി ഓഫീസ് കെട്ടിടത്തിന് കാവി നിറം നൽകി വെട്ടിലായി കോൺഗ്രസ് ജില്ലാ ഭാരവാഹികൾ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വരവേൽക്കുന്നതിന്റെ ഭാഗമായുള്ള മുഖം മിനുക്കലാണ് നേതാക്കൾക്കും പ്രവർത്തകർക്കും ഒരു പോലെ തലവേദന സൃഷ്ടിച്ചത്. പാർട്ടി കൊടിക്ക് സമാനമായി തൃവര്‍ണ്ണപാതാകയുടെ നിറം അടിക്കാനായിരുന്നു നേതാക്കള്‍ നിര്‍ദേശിച്ചിരുന്നത്. എന്നാൽ പെയിന്റടി പൂർത്തിയായപ്പോഴേക്കും കെട്ടിടത്തിന്റെ ഭൂരിഭാഗവും കാവി നിറത്തിലായി. ബിജെപി പതാകയ്ക്ക് സമാനമായി കെട്ടിടം കാവി നിറത്തിലായതോടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

ഓഫീസിന്റെ പെയിന്‍റ് മാറ്റിയടിക്കുന്ന തൊഴിലാളികള്‍
ഓഫീസിന്റെ പെയിന്‍റ് മാറ്റിയടിക്കുന്ന തൊഴിലാളികള്‍

ഭാരത് ജോഡോ യാത്രയുടെ സംഘാടക സമിതി ഓഫീസായിരുന്ന ഡിസിസി ഓഫീസാണ് അൽപ്പനേരത്തേക്കെങ്കിലും കാവി നിറത്തിലായത്. പദ യാത്രയെ സ്വീകരിക്കാനായി കവാടത്തില്‍ രാഹുല്‍ ഗാന്ധിയുടെ വലിയ ഫ്ലക്സും സ്ഥാപിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി ഓഫീസില്‍ ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തില്‍ പെയിന്‍റടിക്കെതിരെ നേതാക്കളും പ്രവർത്തകരും പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പെയിന്‍റ് മാറ്റിയടിക്കാന്‍ നിര്‍ദേശിച്ചതെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു. എന്നാൽ അബദ്ധം പറ്റിയത് തൊഴിലാളികള്‍ക്കാണെന്നും അവർ തന്നെ പിന്നീട് പെയിന്റ് മാറ്റിയടിക്കുകയായിരുന്നു എന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

കേരളത്തില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. സെപ്തംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര സെപ്തംബര്‍ 11 നാണ് കേരളത്തില്‍ പ്രവേശിച്ചത്. നിലവിൽ കൊല്ലം ജില്ലയിലെത്തിയ യാത്ര അടുത്ത ആഴ്ച്ചയോടെയാകും തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുക.കേരളത്തിലെ പര്യടനം 18 ദിവസം നീണ്ട് നില്‍ക്കും.

logo
The Fourth
www.thefourthnews.in