പിന്തുണ ഉറപ്പിക്കാന്‍ ശശി തരൂരിന്റെ യാത്രകള്‍; മലബാറില്‍ മുസ്ലീം സമുദായ നേതാക്കളെ കാണും
പതിനഞ്ച് വര്‍ഷത്തെ ദേശീയ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ യാത്ര വീണ്ടും മലബാറിലേക്ക്. നവംബറില്‍ മലബാറിലെ യാത്രയോടെ ആരംഭിച്ച രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശേഷം തരൂര്‍ വീണ്ടും കോഴിക്കോട് എത്തുമ്പോള്‍ വിവിധ ക്രിസ്ത്യന്‍ സഭകളുടെയും എന്‍എസ്എസിന്റെയും പിന്തുണയുറപ്പിച്ചു കഴിഞ്ഞു. ഇത്തവണ പ്രബലരായ മുസ്ലീം സമുദായ നേതാക്കളുടെ പിന്തുണ കൂടി ഉറപ്പിക്കാനാണ് തരൂര്‍ ലക്ഷ്യമിടുന്നത്. ഇന്നത്തെ തരൂരിന്റെ ഔദ്യോഗിക പരിപാടികള്‍ ഇക്കാര്യത്തില്‍ വ്യക്തമായ സൂചനയും നല്‍കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ശശി തരൂർ എം പി വെളളിയാഴ്ച മുസ്ലീം സംഘടന നേതാക്കളെ കാണുന്നത്. വെളളിയാഴ്ച രാവിലെ 9.30ന് സുപ്രഭാതം ഓഫീസിൽ വച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളുമായും സമസ്ത ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. തുടർന്ന് 10.30ന് കെഎൻഎം നേതാക്കളായ ടി പി അബ്ദുള്ള കോയ മദനിയെയും ഡോ. ഹുസൈൻ മടവൂരിനെയും അദ്ദേഹം കാണും. വൈകിട്ട് 4 മണിക്ക് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഭാരവാഹികളെയും കണ്ട ശേഷമായിരിക്കും അദ്ദേഹം കോഴിക്കോട് നിന്നും മടങ്ങുക.
പാണക്കാട് തങ്ങളെയും കാന്തപുരം എ പി അബൂബക്കർ മുസല്യാരെയും കണ്ട ശേഷം ശശിതരൂരിന്റെ പെരുന്ന സന്ദർശനം കോൺഗ്രസിനകത്ത് തന്നെ ഏറെ ചർച്ചയുണ്ടാക്കിയിരുന്നു. പെരുന്ന സന്ദർശനത്തിന് ശേഷം ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെയും അദ്ദേഹം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം ശശി തരൂർ പ്രകടിപ്പിച്ചത്. ഇവിടെ പ്രവർത്തിക്കണമെന്ന് എല്ലാവരും പറയുമ്പോൾ താത്പര്യമില്ലെന്ന് എങ്ങനെ പറയുമെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
നേരത്തെ, മലപ്പുറം പര്യടനത്തിനിടെ പാണക്കാട് തങ്ങൾമാരെ തരൂർ സന്ദർശിച്ചതോടെ വിവാദം തുടങ്ങിയിരുന്നു. എന്നാൽ ഈ വിവാദം കൂടുതൽ ശക്തമാകുന്നത് അദ്ദേഹത്തിന്റെ പെരുന്ന സന്ദർശത്തോടെയാണ്. മന്നം ജയന്തിയുടെ ഉദ്ഘാടനത്തിന് ശശി തരൂർ എത്തുകയും വാനോളം പുകഴ്ത്തി സുകുമാരൻ നായർ രംഗത്തെത്തിയതും പുതിയ സൂചനകളായിരുന്നു. മുന്‍പ് ഡൽഹി നായർ എന്ന് വിളിച്ച അതേ നാവ് കൊണ്ട് തന്നെ തറവാടി നായരെന്ന് തരൂരിനെ വിളിക്കാനും സുകുമാരൻ നായർ മറന്നില്ല. അത് കോൺഗ്രസിനകത്തെ മറ്റ് നായർ നേതാക്കൾക്കുളള സുകുമാരൻ നായരുടെ പ്രതികാരം കൂടിയായിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയ സമുദായത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളോട് എന്‍എസ്എസിന് ഇപ്പോള്‍ താത്പര്യമില്ല. അവിടെയാണ് ശശി തരൂരിന് അവസരം ലഭിക്കുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഹൈക്കമാൻഡിന്റെ പിന്തുണയില്ലാതെ മത്സരിച്ചിട്ടും ആരും പ്രതീക്ഷിക്കാത്ത തരത്തലുളള വോട്ട് തരൂർ നേടിയിരുന്നു. ഇത് തന്നെയാണ് പ്രവർത്തക സമിതിയിലെത്താനുള്ള വഴിയായി തരൂർ കാണുന്നതും. അതുകൊണ്ട് തന്നെ പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പുവരെ തരൂർ തന്റെ സാന്നിധ്യം ഇങ്ങനെ അറിയിച്ചു കൊണ്ടേയിരിക്കും. അനാരോഗ്യം കാരണം പ്രവർത്തക സമിതിയിൽ നിന്ന് എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഒഴിവാകാനാണ് സാധ്യത. ഇതാണ് തരൂരിന്റെ കണക്ക് കൂട്ടലും. ഇതിനായി കേരളത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണ തനിക്കുണ്ടെന്ന് തെളിയിക്കാനാണ് തരൂർ ഇപ്പോൾ ശ്രമിക്കുന്നതും. എന്നാൽ തരൂരിന്റെ നീക്കങ്ങളെ പാർട്ടി വിരുദ്ധമാക്കി ചെറുക്കാനായിരുന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വം ശ്രമിച്ചത്. ഇതിന്റെ പിന്നാലെയായിരുന്നു തരൂരിന്റെ നിയമസഭാ മോഹം വെളിപ്പെടുത്തയത്.
ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സഭാ അധ്യക്ഷന്‍ തന്നെയാണ് കേരളത്തില്‍ സജീവമാകണമെന്ന് തരൂരിനോട് ആവശ്യപ്പെട്ടത്. ആവശ്യം പരിഗണിക്കുമെന്ന് തരൂരും വ്യക്തമാക്കി. ഇതിന് പിന്നാലെ തന്നെ കോൺഗ്രസിനകത്ത് പൊട്ടലും ചീറ്റലും തുടങ്ങി. സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നായിരുന്നു ശശി തരൂരിനെ വിമർശിച്ച് കൊണ്ട് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ പ്രതികരണം. അതിനൊരു നടപടി ക്രമം ഉണ്ടെന്നും തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡിനോടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, ഗ്രൂപ്പുകള്‍ക്ക് അപ്പുറത്ത് സ്വന്തമായി ഒരു ഇടം സംസ്ഥാന രാഷ്ട്രീയത്തില്‍ കണ്ടെത്താനാണ് തരൂരിന്റെ ശ്രമം. കേരളത്തിലെ യുവാക്കളുടെയും സമുദായ നേതാക്കളുടെയും പിന്തുണകൂടി ഉറപ്പിച്ചാല്‍ തരൂര്‍ അവഗണിക്കാനാവാത്ത തരത്തില്‍ കരുത്തനായി മാറുകയും ചെയ്യും. മധ്യതിരുവതാംകൂറില്‍ സിഎംഐ, സിഎസ്‌ഐ സഭാ നേതാക്കളേയും എന്‍എസിന്റെയും പിന്തുണ ഉറപ്പിക്കുകയും, മലബാറില്‍ മുസ്ലീം സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുമായാല്‍ തരൂരിന്റെ അടുത്ത വേദി കോഴഞ്ചേരിയില്‍ മാരാമണ്‍ കണ്‍വെന്‍ഷനാണ്. ഇതോടെ മര്‍ത്തോമ്മാ സഭയുടെ പിന്തുണകൂടി തരൂരിന് ഉറപ്പിക്കാനാവും.