കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന കേസ്; വി ഡി സതീശൻ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കി
സംസ്ഥാന സർക്കാരിന്റെ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തെന്ന കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കി. നിയമവിരുദ്ധമായി സംഘം ചേര്‍ന്നെന്ന കേസിലാണ് വി ഡി സതീശൻ, ഹൈബി ഈഡൻ എം പി അടക്കമുള്ള എട്ട് കോൺഗ്രസ് നേതാക്കളെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി വെറുതെവിട്ടത്.
ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു
പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഹൈബി ഈഡനും പുറമെ എംഎൽഎമാരായ ടിജെ വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, കോൺഗ്രസ് നേതാക്കളായ വി പി സജീന്ദ്രന്‍, ടോണി ചമ്മണി എന്നിവർക്കെതിരെയായിരുന്നു കേസ്. കോവിഡുമായി ബന്ധപ്പെട്ട് 2020 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവുകളും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചെന്നായിരുന്നു കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നൈന കെ വി നേതാക്കളെ വെറുതെ വിട്ടത്.
ആരോഗ്യവകുപ്പിന്റെ സര്‍ക്കാര്‍ ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചാണ് ഇവര്‍ സമരം നടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു
കോവിഡ് സാഹചര്യത്തില്‍ പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എറണാകുളം മേനക ബസ് സ്റ്റോപ്പിന് സമീപം ഒത്തുകൂടിയെന്നായിരുന്നു കേസ്. പൊതുയോഗവും അനാവശ്യ യാത്രകളും പൊതുപരിപാടികളും തടയുന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചാണ് ഇവര്‍ സമരം നടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.
സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്, ജീവന് അപകടകരമായ രോഗബാധ പടരാന്‍ സാധ്യതയുള്ള അശ്രദ്ധ, ക്വാറന്റൈന്‍ നിയമത്തോടുള്ള അനുസരണക്കേട്, പൊതു ക്രമസമാധാനത്തിന്റെ ഗുരുതരമായ ലംഘനം, 2020ലെ കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സിന്റെ സെക്ഷന്‍ 5 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം അടിച്ചമര്‍ത്താന്‍ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം. പ്രതികള്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന പ്രത്യേക പ്രവൃത്തികളൊന്നും പ്രോസിക്യൂഷന്‍ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി.