വോട്ട് ഖാര്‍ഗെയ്ക്കെന്ന് കെ മുരളീധരൻ; 'തരൂരിന് ജനങ്ങളുമായി ബന്ധം കുറവ്'

വോട്ട് ഖാര്‍ഗെയ്ക്കെന്ന് കെ മുരളീധരൻ; 'തരൂരിന് ജനങ്ങളുമായി ബന്ധം കുറവ്'

കേരളത്തിൽ നിന്ന് തന്നെ കൂടുതൽ നേതാക്കൾ പരസ്യമായി രംഗത്തെത്തുന്നത് ശശി തരൂരിന് തിരിച്ചടിയാണ്
Updated on
1 min read

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ച് കെ മുരളീധരൻ. ശശി തരൂരിന് സാധാരണക്കാരുമായി ചേര്‍ന്ന് പ്രവർത്തിച്ച് പരിചയം കുറവെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. സാധാരണക്കാരുടെ മനസറിയുന്ന ആളാകണം കോൺഗ്രസ് അധ്യക്ഷനെന്നും തന്നെ പോലുള്ളവരുടെ വോട്ട് ഖാർഗെയ്ക്കാണെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ നിന്ന് തന്നെ കൂടുതൽ നേതാക്കൾ പരസ്യമായി രംഗത്തെത്തുന്നത് തിരഞ്ഞെടുപ്പിൽ ശശി തരൂരിന് തിരിച്ചടിയാണ്.

ശശി തരൂര്‍
ശശി തരൂര്‍

ശശി തരൂര്‍ മത്സരിച്ചാല്‍ മനഃസാക്ഷി വോട്ട് ചെയ്യുമെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പിന്നീട് ഖാർഗെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെപോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടന ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തരൂരിനെ തള്ളി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് മുരളീധരനും സമാന നിലപാട് പരസ്യമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തരൂർ കേരളത്തിയവേളയിലാണ് മുരളീധരന്റെ പ്രതികരണമെന്നതും ശ്രദ്ധേയം.

അതേസമയം തങ്ങളാരും തരൂരിന് എതിരല്ലെന്ന് കെ മുരളീധരൻ പറഞ്ഞു. സഭയ്ക്ക് അകത്തും പുറത്തും ബിജെപിക്കെതിരേ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങൾ. തരൂരിന് സാധാരണ ജനങ്ങളുമായിട്ടുള്ള ബന്ധം കുറയാന്‍ കാരണം അദ്ദേഹം വളര്‍ന്ന സാഹചര്യമാണ്. അതില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ സാധിക്കില്ല. തരൂർ മുന്നോട്ടുവെയ്ക്കുന്ന ആശയത്തോട് യോജിപ്പെന്നും കെ മുരളീധരൻ പറഞ്ഞു. ഖാർഗെയുടെ പ്രായം ഒരു പ്രശ്നമല്ലെന്നും താഴെതട്ടിൽ നിന്ന് ഉയർന്നുവന്ന നേതാവാണ് അദ്ദേഹമെന്നും മുരളീധരൻ വിശദീകരിച്ചു.

logo
The Fourth
www.thefourthnews.in