കോണ്‍ഗ്രസ് ടാറ്റ ഗ്രൂപ്പില്‍ നിന്ന് പഠിക്കണം; നെഹ്റു കുടുംബം മാറി നിൽക്കണമെന്ന് സൂചിപ്പിച്ച് ശബരിനാഥന്‍
കോൺഗ്രസ് പാർട്ടിയും ടാറ്റാ ഗ്രൂപ്പും തമ്മിൽ ചില സാമ്യങ്ങളുണ്ടെന്ന് യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ എസ് ശബരിനാഥന്‍. ടാറ്റയുടെ മാതൃക പിന്തുടർന്ന് നെഹ്റു കുടുംബം പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് സൂചിപ്പിച്ചാണ് കെ എസ് ശബരിനാഥന്‍ നിലപാട് പറഞ്ഞത്. മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് ശബരിനാഥൻ്റെ നിർദ്ദേശം
അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രപരമായ ഒരു ബോധ്യത്തിലേക്ക് കോണ്‍ഗ്രസും അടുക്കേണ്ടിയിരിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുകയാണ് ശബരിനാഥന്‍. ഏകദേശം ഒരേ കാലഘട്ടത്തില്‍ പിറവിയെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ടാറ്റാ ഗ്രൂപ്പും, ജന്മവും വളര്‍ച്ചയും നിലനില്‍പ്പും സംഭാവനകളും കൊണ്ട് പരസ്പര പൂരകമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ലേഖനത്തിൽ പറഞ്ഞു.
കമ്പനിയുടെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന വ്യക്തികളെ സംബന്ധിച്ച് ഒരു അലിഖിത നിയമം ടാറ്റയില്‍ ഉണ്ടായിരുന്നു. 1868 മുതല്‍ 2017 വരെ നീണ്ട 150 വര്‍ഷത്തോളം ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനം കയ്യാളിയിരുന്നത് കുടുംബാംഗങ്ങളോ ബന്ധുക്കളോ ആയ പാഴ്‌സി സമുദായക്കാര്‍ മാത്രമായിരുന്നു. 2012 ല്‍ ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ വ്യക്തിഗത ഇന്‍വെസ്റ്ററായ ഷാപോര്‍ ജി പല്ലോജിയുടെ മകന്‍ സൈറസ് മിസ്ത്രിയെ അപ്രതീക്ഷിത നീക്കത്തിലൂടെ ചെയര്‍മാനാക്കിയ സംഭവം ടാറ്റയുടെ ചരിത്രത്തിലെ ഒരു കറുത്ത ഏടായി മാറി. അധികാരമേറ്റ് നാലു വര്‍ഷത്തിനുള്ളില്‍ അഭിപ്രായ ഭിന്നതയടക്കമുള്ള പല കാരണങ്ങളാല്‍ സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കേണ്ടി വന്നു.
മാധ്യമങ്ങളിലും കോടതിയിലും തുറന്ന പോരിലേക്ക് നയിച്ച ഈ സംഭവത്തിന് ശേഷമാണ് ടാറ്റ ബോര്‍ഡ് ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ ഒരു തീരുമാനം കൈക്കൊണ്ടത്. ചെയര്‍മാന്‍ നിയമനത്തിലെ പരമ്പരാഗത രീതി മാറ്റി മറിച്ച് 150 വര്‍ഷത്തെ ചരിത്രം തിരുത്തിക്കൊണ്ട് ടാറ്റയുടെ തലപ്പത്തേക്ക് ആദ്യമായി പാഴ്‌സിക്കുടുംബക്കാരനല്ലാത്ത ചെയര്‍മാന്‍ എത്തി. ടി.സി.എസ് ചെയര്‍മാനായ എന്‍ ചന്ദ്രശേഖരന്‍.
ഇതിന് ഏകദേശം സമാനമായ ചരിത്രപരമായ ഒരു ബോധ്യത്തിലേക്ക് കോണ്‍ഗ്രസും അടുക്കേണ്ടിയിരിക്കുന്നുവെന്നാണ് ശബരിനാഥന്‍ പറയുന്നത്. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ കാലത്ത് നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല എന്ന അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് കെ എസ് ശബരിനാഥന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനാധിപത്യപരമായ നിലപാടിന് അടിവരയിടുന്ന തീരുമാനമാണിത്.
നെഹ്‌റു കുടുംബം ഇന്ത്യയുടെ വിലമതിക്കാനാകാത്ത പൊതു സ്വത്താണ്. അതു നല്‍കിയ ഊര്‍ജവും നായകത്വസ്വഭാവവുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയും ഇന്ത്യയുടെ പുരോഗതിക്ക് ചുക്കാന്‍ പിടിച്ച ഭരണകക്ഷിയുമാക്കിയത്. ഇന്ന് പല കാരണങ്ങളാലും പഴയപ്രഭാവത്തിന്റെ ശോഭ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഒരു ഘടനാ മാറ്റം അനിവാര്യമാണെന്നും ശബരിനാഥന്‍ കുറിക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള ആശങ്കകള്‍ ഇപ്പോഴും പാര്‍ട്ടിക്കകത്ത് തുടരുകയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഇതുവരെ കോണ്‍ഗ്രസിന് സാധിച്ചിട്ടുമില്ല. രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നോ ആരും തന്നെ ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെ അശോക് ഗെലോട്ട്, ശശി തരൂര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകളടക്കം ഉയര്‍ന്നു വരുന്നുമുണ്ട്.
കുറച്ച് കാലങ്ങളായി കോണ്‍ഗ്രസിനകത്തെ ഉള്‍പ്പോരിന് പ്രധാനമായും കാരണമായിത്തീര്‍ന്ന ഒന്നായിരുന്നു അധ്യക്ഷസ്ഥാനത്തിലെ കുടുംബവാഴ്ച. നെഹ്‌റു കുടുംബത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയും തിരുത്തല്‍വാദി നേതാക്കളുടെ ഗ്രൂപ്പായ ജി 23 യുടെ പിറവിക്കും ഇത് കാരണമായിത്തീര്‍ന്നു. ഏതായാലും കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയെന്ന ദീര്‍ഘനാളായുള്ള പാര്‍ട്ടിക്കകത്തെ ഒരു വിഭാഗത്തിന്റെ പരാതി ഈ അധ്യക്ഷ തെരഞ്ഞെടുപ്പോടു കൂടി അവസാനിക്കാനാണ് സാധ്യത.