ഭീഷണിപ്പെടുത്തി നേടിയ വിധിയെന്ന് വി ഡി സതീശൻ;  മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി

ഭീഷണിപ്പെടുത്തി നേടിയ വിധിയെന്ന് വി ഡി സതീശൻ; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി

ഡീൽ നടന്നെന്ന് തെളിഞ്ഞെന്നും മുഖ്യമന്ത്രി ലോകായുക്തയുടെ ശവമടക്ക് നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
Updated on
2 min read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിപക്ഷം. മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി നേടിയ വിധിയാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ നിലപാട്. വിഷയത്തിൽ ശ്രദ്ധയോടെയുള്ള പ്രതികരണമാണ് ഭരണപക്ഷത്ത് നിന്ന് ഉണ്ടാകുന്നത്

ഭീഷണിപ്പെടുത്തി നേടിയ വിധിയെന്ന് വി ഡി സതീശൻ;  മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി
മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം; ലോകായുക്തയിൽ ഭിന്നാഭിപ്രായം, കേസ് ഫുൾ ബെഞ്ചിന്

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന പരാതിയിൽ കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ തന്നെ രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും അതില്‍ ഹര്‍ജി ഫുള്‍ബെഞ്ചിന് വിടുന്നു എന്നുമായിരുന്നു ലോകായുക്തയുടെ ഉത്തരവ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉത്തരവ് ആശ്വാസമാണ്. ഫുള്‍ ബെഞ്ച് ചേര്‍ന്ന് വിശദമായ വാദം കേട്ടതിന് ശേഷമേ ഇനി ഹർജിയിൽ തീര്‍പ്പുണ്ടാകൂ. ഈ സാഹചര്യത്തിലാണ് ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

ജസ്റ്റിസ് പയസ് കുര്യാക്കോസ് ലോകായുക്തയായിരുന്നപ്പോള്‍ ഹര്‍ജി ഫുള്‍ബെഞ്ചിന് വിട്ടതാണെന്നും കേസ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയെന്നും വി ഡി സതീശന്‍

രാജ്യത്തെ അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. വാദം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഉത്തരവ് വരുന്നത്. എന്തിന് ഒരു കൊല്ലം വൈകിപ്പിച്ചെന്ന് അറിയില്ല. കേസ് നിലനില്‍ക്കുമോ എന്നതില്‍ തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു. ജസ്റ്റിസ് പയസ് കുര്യാക്കോസ് ലോകായുക്തയായിരുന്നപ്പോള്‍ ഹര്‍ജി ഫുള്‍ബെഞ്ചിന് വിട്ടതാണെന്നും കേസ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയെന്നും സതീശന്‍ വ്യക്തമാക്കി. ഇപ്പോള്‍ കേസ് വീണ്ടും മൂന്നംഗ ബെഞ്ചിന് വിടാനുള്ള തീരുമാനം വിസ്മയിപ്പിക്കുന്നതെന്നും ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തയുടെ ശവമടക്കാണ് നടത്തിയതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. ''ഇതിന് മുഖ്യകാര്‍മികത്വം വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കടിക്കാന്‍ പോയിട്ട് കുരയ്ക്കാന്‍പോലും ത്രാണിയില്ലാതെ ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളത്. ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ട് എന്ന നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു.''- കെ സുധാകരൻ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രിയും സര്‍ക്കാരും സ്വജനപക്ഷപാദിത്വം കാട്ടിയെന്നതിന് തെളിവുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ല. മുഖ്യമന്ത്രി പ്രഥമദൃഷ്ട്യാ തന്നെ കുറ്റക്കാരനെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഫണ്ട് ദുരുപയോഗം വ്യക്തമായെന്നും ആശ്വാസത്തിന്‌റെയും നിശ്വാസത്തിന്‌റെയും പ്രശ്‌നമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മന്ത്രിസഭയുടെ തീരുമാനം ലോകായുക്തയ്ക്ക് പരിശോധിക്കാൻ അധികാരമുണ്ടോ എന്നതാണ് പ്രധാന പ്രശ്നമെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഇക്കാര്യം ലോകായുക്ത വിശാലബെഞ്ച് പരിശോധിച്ച് തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭയുടെ തീരുമാനം ലോകായുക്തയ്ക്ക് പരിശോധിക്കാൻ അധികാരമുണ്ടോ എന്നതാണ് പ്രധാന പ്രശ്നം. വിശാലബെഞ്ച് പരിശോധിക്കട്ടേ
നിയമ മന്ത്രി പി രാജീവ്

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. പൊതുപ്രവര്‍ത്തകന്‍ പാലിക്കേണ്ട സാമാന്യ മാന്യത മുഖ്യമന്ത്രി പാലിക്കണമെന്നും, അഴിമതിയില്‍ പങ്കിലെന്ന് സംശയാതീതമായി തെളിയും വരെ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാകണമെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കേസില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്ക് ആകില്ലെന്നും ധാര്‍മികമായി തെറ്റായ നിലപാടാണ് മന്ത്രിസഭ കൈക്കൊണ്ടതെന്നും രാജിവയ്ക്കാന്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in