അറസ്റ്റിലായ കോൺഗ്രസ്സ് പ്രവർത്തകർ
അറസ്റ്റിലായ കോൺഗ്രസ്സ് പ്രവർത്തകർ

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം; നാല് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

വാദിയെ പ്രതിയാക്കുന്നുവെന്ന് കെ സുധാകരൻ. കൽപറ്റയിൽ കോൺഗ്രസ് പ്രതിഷേധം
Updated on
2 min read

വയനാട് കൽപറ്റയിലെ രാഹുൽഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ പേഴ്സണൽ അസിസ്റ്റന്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ് രവി, കോൺഗ്രസ് പ്രവർത്തകരായ വി നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. അറസ്റ്റിനെതിരെ കോൺഗ്രസ് രംഗത്തെത്തി.

ജൂൺ 24നാണ് കൽപറ്റയിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ ജില്ലാ നേതൃത്വം നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ സാധനങ്ങൾ അടിച്ചുതകർക്കുകയും എംപിയുടെ കസേരയിൽ വാഴ സ്ഥാപിക്കുകയും ചെയ്തു. അക്രമത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ മേഖലയിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നിരുന്നു. അതിക്രമത്തിനിടെ ​ഗാന്ധി ചിത്രം തകർന്നത് വലിയ വിവാദവുമായി.

എന്നാൽ ഗാന്ധിജിയുടെ ചിത്രം തകർത്തതുമായി ബന്ധപ്പെട്ട് തുടക്കം മുതൽതന്നെ കോൺഗ്രസിനെതിരെ ആരോപണമുയർന്നിരുന്നു. അക്രമം നടന്നതിന് തൊട്ടുപിന്നാലെ പുറത്തുവന്ന വിഡിയോയിൽ ഗാന്ധി ചിത്രത്തിന് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീട് കോൺഗ്രസ് പ്രവർത്തകർ ഗാന്ധിജിയുടെ ചിത്രം നിലത്തിട്ടതാണെന്നായിരുന്നു ആരോപണം.

കോൺഗ്രസ് പ്രതിഷേധം

പ്രവർത്തകരുടെ അറസ്റ്റിനെതിരെ കോൺഗ്രസ് രംഗത്തെത്തി. എംഎൽഎമാരായ ടി സിദ്ദിഖും ഐസി ബാലകൃഷ്ണനും കൽപറ്റ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. വാദിയെ പ്രതിയാക്കുന്ന നടപടിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. പോലീസ് അന്വേഷണം ആരംഭിക്കുന്നത് മുന്‍പ് തന്നെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഗൂഢാലോചന അവിടെ തുടങ്ങിയെന്നും സുധാകരൻ പറഞ്ഞു. കൃത്യമായ രാഷ്ട്രീയ ഇടപെടലാണ് അറസ്റ്റിന് പിന്നിലെന്നും സംഭവവുമായി ബന്ധപ്പെട്ട് എംപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പോലും പോലീസ് പരിശോധിച്ചിട്ടില്ലെന്നും ടി സിദ്ധിഖ് ആരോപിച്ചു.

എന്നാൽ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിൻ പ്രതികരിച്ചു. പ്രതികളെ രക്ഷിക്കാനുളള വ്യ​ഗ്രതയാണ് കോൺ​ഗ്രസിനെന്നും ഗഗാറിൻ കുറ്റപ്പെടുത്തി.

Rahul gandhi office
Rahul gandhi office

അക്രമസംഭവങ്ങളെ തുടർന്ന് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയെ സംസ്ഥാനനേതൃത്വം പിരിച്ചുവിട്ടിരുന്നു. സംഭവത്തിൽ എസ്എഫ്ഐയെ തളളി മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും രം​ഗത്ത് വന്നു. വിഷയത്തിൽ സിപിഎം വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്.ഓഫീസ് ആക്രമണത്തിന് എതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും അന്ന് സംഘടിപ്പിച്ചിരുന്നു. മന്ത്രിമാർക്കെതിരെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധത്തിനും ഇത് കാരണമായി.പോലീസിന്റെ കൺമുന്നിൽ വച്ച് നടന്ന സംഭവത്തെ തുടർന്ന് കൽപ്പറ്റ ഡി വൈ എസ് പിയെ സസ്‌പെൻഡ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണത്തിന് എ ഡി ജി പി മനോജ് എബ്രഹാമിനെയും ചുമതലപ്പെടുത്തിയിരുന്നു. 30ൽ ഏറെ എസ് എഫ് ഐ പ്രവർത്തകരാണ് സംഭവത്തെ തുടർന്ന് അന്ന് അറസ്റ്റിലായത്.

logo
The Fourth
www.thefourthnews.in