ഷാംപൂ ബോട്ടിലിലെ വിവരങ്ങൾ വായിക്കാന്‍ പറ്റുന്നില്ല; ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന് 60,000 രൂപ പിഴ

ഷാംപൂ ബോട്ടിലിലെ വിവരങ്ങൾ വായിക്കാന്‍ പറ്റുന്നില്ല; ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന് 60,000 രൂപ പിഴ

തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലീഗല്‍ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കു 15 ദിവസത്തില്‍ കുറയാത്ത പരിശീലനം നല്‍കണമെന്ന് നിര്‍ദേശം
Updated on
2 min read

ബേബി ഷാംപൂ ബോട്ടിലിൽ ഉത്പന്നത്തക്കുറിച്ചുള്ള വിവരങ്ങൾ വായിക്കാന്‍ കഴിയാത്ത വിധത്തിൽ അച്ചടിച്ചുവെന്ന പരാതിയിൽ ജോണ്‍സണ്‍ ആൻഡ് ജോണ്‍സൺ കമ്പനിക്ക് 60,000 രൂപ പിഴ. ഇടപ്പള്ളി സ്വദേശിയുടെ പരാതിയിൽ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റേതാണ് ഉത്തരവ്. സംഭവത്തിൽ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലീഗല്‍ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കു 15 ദിവസത്തില്‍ കുറയാത്ത പരിശീലനം നല്‍കണമെന്നു ഫോറം നിര്‍ദേശിച്ചു.

ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍, റിലയന്‍സ് റീട്ടെയ്‌ല്‍ ലിമിറ്റഡ്, ലീഗല്‍ മെട്രോളജി വകുപ്പ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്നിവര്‍ക്കെതിരെ ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ള സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 35,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കണം. 25,000 രൂപ കൺസ്യൂമർ ലീഗല്‍ എയ്ഡ് ഫണ്ടിലേക്കും അടയ്ക്കണം.

Summary

താന്‍ വാങ്ങിയ 100 മില്ലി ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ ബേബി ലോഷന്‍ ബോട്ടിലില്‍ യൂസേജ്, ഇന്‍ഗ്രീഡിയന്റ്‌സ് എന്നിവ രേഖപ്പെടുത്തിരിക്കുന്നത് 2011-ലെ ലീഗല്‍ മെട്രോളജി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു വേണുഗോപാലപിള്ളയുടെ പരാതി. ബോട്ടിലിലെ വിവരങ്ങൾ അവ്യക്തമാണെന്നും ഭൂതക്കണ്ണാടി ഉപയോഗിച്ചു മാത്രമേ വായിക്കാന്‍ കഴിയൂയെന്നും പരാതിയില്‍ പറയുന്നു. ലീഗല്‍ മെട്രോളജി വകുപ്പിന് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയും സ്വീകരിച്ചില്ലെന്നും എതിര്‍കക്ഷിയുടെ അനുചിതമായ വ്യാപാര രീതി തടയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ഷാംപൂ ബോട്ടിലിലെ വിവരങ്ങൾ വായിക്കാന്‍ പറ്റുന്നില്ല; ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന് 60,000 രൂപ പിഴ
'പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക്' അനുശോചനം നേര്‍ന്ന് 'എയറിലായി'; ഒടുവില്‍ പോസ്റ്റ് മുക്കി രാജീവ് ചന്ദ്രശേഖര്‍

എന്നാല്‍ ലേബലിലെ അക്ഷരങ്ങള്‍ക്കു നിയമാനുസൃത വലുപ്പമുണ്ടെന്നായിരുന്നു ജോണ്‍സന്‍ ആൻഡ് ജോണ്‍സണ്‍ കമ്പനിയുടെ വാദം. നിര്‍മാതാക്കള്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങളാണ് ചില്ലറ വിൽപ്പനക്കാർ വിൽക്കുന്നതെന്നും നിയമം അനുശാസിക്കുന്ന വലുപ്പം ലേബലിലെ അക്ഷരങ്ങള്‍ക്കുണ്ടെന്നും റിലയന്‍സ് റീട്ടെയ്‌ലും വാദിച്ചു.

2011 ലെ ലീഗല്‍ മെട്രോളജി (പാക്കേജ്‌ഡ് ആൻഡ് കമോഡിറ്റിസ്) ചട്ട പ്രകാരമുള്ള വലുപ്പം ലേബലിലെ അക്ഷരങ്ങള്‍ക്കുണ്ടെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ രണ്ടു തവണ രേഖാമൂലം സാക്ഷ്യപ്പെടുത്തിയിരുന്നു. തുടർന്ന് പരാതിക്കാരന്റെ ആവശ്യപ്രകാരം രണ്ട് ബോട്ടിലുകളുടെ ലേബല്‍ പരിശോധിക്കാനായി വിദഗ്ധനെ ഫോറം നിയോഗിച്ചു. ലേബലുകളില്‍ ചട്ടവിരുദ്ധമായാണു വിവരങ്ങൾ അച്ചടിച്ചതെന്നും വായിക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു വിദഗ്ധപരിശോധനാ റിപ്പോര്‍ട്ട്.

ഉപഭോക്താവിനു പരാതി നല്‍കാനുള്ള വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുന്ന 'കണ്‍സ്യൂമര്‍ കെയര്‍ 'വിശദാംശങ്ങള്‍ എന്നിവ ലേബലിൽ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേബലിലുള്ള അക്ഷരങ്ങളുടെ ഉയരവും വീതിയും പരിഗണിക്കാതെ വിവരങ്ങൾ വ്യക്തമായി അച്ചടിക്കാന്‍ കഴിയുമെന്ന് ഫോറം വിലയിരുത്തി.

ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി രൂപം നൽകിയ ലീഗല്‍ മെട്രോളജിയിലെ ഉദ്യോഗസ്ഥർ നിയമം ഫലപ്രദമായി നടപ്പിലാക്കേണ്ടതിനു പകരം തെറ്റിദ്ധരിപ്പിക്കുന്നതും ഉപഭോക്തൃ സംരക്ഷണ നിയമത്തെ തുരങ്കം വെക്കുന്നതുമായ റിപ്പോര്‍ട്ടാണ് നൽകിയതെന്ന് ഫോറം ചൂണ്ടിക്കാട്ടി. നിരവധി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതാണ് ഈ നടപടി. ലീഗല്‍ മെട്രോളജി നിയമത്തില്‍ ഇളവുകളുണ്ടെന്ന എതിര്‍കക്ഷികളുടെ വാദം തള്ളിയ ഡി ബി ബിനു പ്രസിഡന്റും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച്, കണ്‍സ്യൂമര്‍ കെയര്‍ വിശദാംശത്തിന്റെ കാര്യത്തില്‍ ഇളവ് ബാധകമല്ലെന്നുംവ്യക്തമാക്കി.

ഷാംപൂ ബോട്ടിലിലെ വിവരങ്ങൾ വായിക്കാന്‍ പറ്റുന്നില്ല; ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന് 60,000 രൂപ പിഴ
ഈ വര്‍ഷം പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് ഒമ്പത് തവണ, അനക്കമില്ലാതെ അധികൃതര്‍; പ്രതിഷേധം കനക്കുന്നു

നിയമാനുസൃതമല്ലാത്ത രീതിയില്‍ പാക്കിങ് ലേബല്‍ ഉപയോഗിക്കുന്നത് വിലക്കിയ ഫോറം, 2011-ലെ ലീഗല്‍ മെട്രോളജി (പാക്കേജ്ഡ് ആൻഡ് കമോഡിറ്റീസ്) ചട്ടപ്രകാരം പ്രവര്‍ത്തിക്കണമെന്ന് ജോണ്‍സന്‍ ആൻഡ് ജോണ്‍സന് നിര്‍ദ്ദേശം നല്‍കി.

തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ കെ എം മുഹമ്മദ് ഇസ്മായില്‍, സാജു എം എസ് എന്നിവര്‍ക്ക് ലീഗല്‍ മെട്രോളജി നിയമത്തെക്കുറിച്ചും ചട്ടത്തെക്കുറിച്ചും 15 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ പരിശീലനം നൽകാൻ സംസ്ഥാന ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ക്ക് ഫോറം നിര്‍ദ്ദേശം നല്‍കി. 45 ദിവസത്തിനുള്ളില്‍ പരിശീലനം നല്‍കണം.

logo
The Fourth
www.thefourthnews.in