പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സൗന്ദര്യവര്‍ധക കോഴ്‌സ് പാതിവഴിയില്‍ അവസാനിപ്പിച്ച പരിശീലന സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കോഴ്‌സ് ഫീസായി ഈടാക്കിയ 2,79,329 രൂപയും 60,000 രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനുള്ളില്‍ എതിര്‍കക്ഷിയായ വിഎല്‍സിസി ഹെല്‍ത് കെയര്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു
Updated on
1 min read

കൊറോണ സാഹചര്യത്തില്‍ സൗന്ദര്യവര്‍ധക കോഴ്‌സ് പാതിവഴിയില്‍ അവസാനിപ്പിച്ച കൊച്ചിയിലെ പരിശീലന സ്ഥാപനം 3,39,329 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.

തൃശൂര്‍ വലപ്പാട് സ്വദേശിനി സെബ സലിം കൊച്ചിയിലെ വിഎല്‍സിസി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021 ജനുവരിയില്‍ ശരീരഭാരം കുറയ്ക്കല്‍ (Weight loss), ബ്യൂട്ടീഷ്യന്‍ കോഴ്‌സുകള്‍ക്കായി 1,17,329 രൂപ ഫീസ് നല്‍കി ചേര്‍ന്നു. പിന്നീട്, 2021 മാര്‍ച്ച് മാസം മറ്റൊരു കോഴ്‌സ് കൂടി തിരഞ്ഞെടുത്ത് 1,62,000 രൂപയും ഫീസ് നല്‍കി.

ഇതിനിടെ വിദ്യാര്‍ഥിനിക്ക് കോവിഡ് ബാധിക്കുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ക്ലാസുകളില്‍ പങ്കെടുക്കാനും കഴിയാതെവന്നപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു. മഹാമാരിയെ തുടര്‍ന്ന് സ്ഥാപനം പിന്നീട് അടച്ചസാഹചര്യത്തില്‍, ക്ലാസുകള്‍ പുനരാരംഭിക്കാന്‍ കാലതാമസം നേരിടുമെന്നതിനാലും കോവിഡ്മൂലം ആരോഗ്യസ്ഥിതി മോശമാക്കുകയും ചെയ്തതിനാല്‍ വിദ്യാര്‍ഥിനി കോഴ്‌സ് തുടരേണ്ടെന്ന് തീരുമാനിക്കുകയും റീഫണ്ട് ആവശ്യപ്പെടുകയുമായിരുന്നു.

പ്രതീകാത്മക ചിത്രം
'കൊറോണ രക്ഷക് പോളിസി' ക്ലെയിം നിരസിച്ചു; ഉപഭോക്താവിന് 1,20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

എന്നാല്‍ റീഫണ്ട് ആവശ്യം നിരസിച്ച പരിശീലന സ്ഥാപനം, ബന്ധുവിനോ സുഹൃത്തിനോ ബദലായി കോഴ്‌സ് വാഗ്ദാനം ചെയ്യുകയായിരുന്നു. എതിര്‍കക്ഷിയുടെ വാഗ്ദാനം നിരസിച്ച വിദ്യാര്‍ഥിിനി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചു. കമ്മിഷന്‍ പ്രസിഡന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍,ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്.

കോവിഡ് മഹാമാരി കാരണം വിദഗ്ധരായ പരിശീലകരുടെ അഭാവവും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശവും പരിഗണിച്ചാണ് കോഴ്‌സ് താത്കാലികമായി നിര്‍ത്തിയതെന്ന് എതിര്‍കക്ഷി ബോധിപ്പിച്ചു.

ഒരിക്കല്‍ നല്‍കിയ ഫീസ് തിരികെ നല്‍കാനാവില്ലെന്നും പകരം മറ്റൊരാളെ കോഴ്‌സിന് പരിഗണിക്കാം എന്ന എതിര്‍കക്ഷിയുടെ നിലപാട് നീതിപൂര്‍വമല്ലെന്നുംഅധാര്‍മികവും ആണെന്ന് വിലയിരുത്തിയ കോടതി, കോഴ്‌സ് ഫീസായി ഈടാക്കിയ 2,79,329 രൂപയും 60,000 രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനുള്ളില്‍ എതിര്‍കക്ഷിയായ വിഎല്‍സിസി ഹെല്‍ത് കെയര്‍ നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.

logo
The Fourth
www.thefourthnews.in