ശാന്തൻപാറയിലെ സിപിഎം ഓഫീസ് ഇനിയൊരുത്തുരവുണ്ടാകും വരെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി; സി വി വർഗീസിനെതിരേ കോടതിയലക്ഷ്യക്കേസ്

ശാന്തൻപാറയിലെ സിപിഎം ഓഫീസ് ഇനിയൊരുത്തുരവുണ്ടാകും വരെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി; സി വി വർഗീസിനെതിരേ കോടതിയലക്ഷ്യക്കേസ്

സിപിഎം ജില്ലാ സെക്രട്ടറി അജ്ഞത നടിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി
Updated on
1 min read

ഇടുക്കിയിലെ സിപിഎം ഓഫിസുകളുടെ നി‍ർമാണം നിർത്തിവെക്കണമെന്ന ഉത്തരവിനുശേഷവും നിർമാണ പ്രവര്‍ത്തനങ്ങള്‍ തുടർന്ന സംഭവത്തില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. സംഭവത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനെതിരേ കോടതിയലക്ഷ്യ കേസെടുത്തു. ശാന്തൻപാറയിലെ പാർട്ടി ഓഫീസ് ഇനിയൊരുത്തരവ് പുറപ്പെടുവിക്കും വരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി അജ്ഞത നടിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി.

ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് എതിരെ നടപടിയെടുത്തത്

ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് എതിരെ നടപടിയെടുത്തത്. നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടെങ്കിലും ഇതിനു ശേഷവും നിര്‍മാണ ജോലികള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതില്‍ ഇന്നലെ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് സ്വീകീരിച്ച നടപടികൾ ഇന്ന് അറിയിക്കണമെന്നും ഇടുക്കി ജില്ലാ കലക്ടറോട് കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കോടതി കടന്നത്.

ശാന്തൻപാറ, ബൈസൺവാലി എന്നിവടങ്ങളിലെ സിപിഎം ഓഫീസുകളുടെ നി‍ർമാണമാണ് പ്രത്യേക ബെഞ്ച് തടഞ്ഞത്. എന്നാൽ ഉത്തരവ് വന്ന രാത്രിയിലും വേഗത്തിൽ നിർമാണം തുടർന്നത് അമിക്കസ്ക്യൂരിയാണ് ഇന്നലെ കോടതിയെ അറിയിച്ചത്. കോടതിയുത്തരവ് കിട്ടാത്തതുകൊണ്ടാണ് നടപടിയെടുക്കാതിരുന്നതെന്നായിരുന്നു ഇതിന് സർക്കാര്‍ നല്‍കിയ മറുപടി. സാധരണഗതിയിൽ കോടതി ഉത്തരവിട്ടാൽ സർക്കാർ അഭിഭാഷകൻ തന്നെ അക്കാര്യം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയല്ലെ പതിവെന്നും കോടതി ചോദിച്ചു.

അതേസമയം, പാർട്ടി ഓഫീസ് നിർ‌മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ,സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർ​ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in