ഗുരുവായൂരിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് ജീവകാരുണ്യ പ്രവൃത്തി; തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി

ഗുരുവായൂരിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് ജീവകാരുണ്യ പ്രവൃത്തി; തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് അജയ് റസ്‌തോഗി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു
Updated on
1 min read

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) അഞ്ച് കോടി രൂപ സംഭാവന നല്‍കിയത് ജീവകാരുണ്യ പ്രവൃത്തിയായി പരിഗണിച്ചുകൂടെ എന്ന് സുപ്രീംകോടതി. സംഭാവന നല്‍കിയതില്‍ തെറ്റുണ്ടോ എന്ന് ആരാഞ്ഞ കോടതി, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും പറഞ്ഞു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കേസില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് അജയ് റസ്‌തോഗി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയതെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. ആദ്യം ഒരു കോടി നല്‍കാന്‍ തീരുമാനിക്കുകയും പിന്നീട് അഞ്ച് കോടിയാക്കി ഉയര്‍ത്തുകയും ചെയ്തതെന്ന് ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു ഭക്തന്‍ ഹൈക്കോടതിയെ സമീപ്പിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളി. സികെ രജ്ഞന്‍ vs സ്റ്റേറ്റ് ഓഫ് കേരള കേസിലെ വിധി പരിഗണിക്കാതെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി എന്നാരോപിച്ച് ഭക്തരും ഹിന്ദുസംഘടനയും വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഗുരുവായൂര്‍ ദേവസ്വത്തിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ അധികാരമില്ലെന്നും, ഇത് 1978 ലെ ദേവസ്വം ആക്ടിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. കേസില്‍ വാദം കേട്ട ഹൈക്കോടതി, 1978ലെ ഗുരുവായൂര്‍ ദേവസ്വം ആക്ട് അനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അധികാരം ഇല്ലെന്ന് വിധിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഗുരുവായൂര്‍ ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചു. ഗുരുവായൂര്‍ ദേവസ്വം ആക്ടിലെ സെക്ഷന്‍ 27 ഡി പ്രകാരം സംഭാവന നല്‍കാനുള്ള അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കിയ സംഭാവനയില്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള പണവുമുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സംഭാവന പ്രശ്നമാകുമെങ്കില്‍ എല്ലാ സംഭാവനയും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in