'ആ താരിഫിൽ ഒരു ഡോളര്‍ പോലും പിരിച്ചിട്ടില്ല', വിവാദത്തിനുപിന്നില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരെന്നും ലോക കേരള സഭ സംഘാടകര്‍
അമേരിക്കയിലെ ലോക കേരള സഭ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ പരിപാടിയുടെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചുവെന്ന് സംഘാടക സമിതി പ്രസിഡന്റ് കെ ജി മന്മഥന്‍ നായര്‍. മുഖ്യമന്ത്രിയോടൊപ്പം അത്താഴം കഴിക്കാനുള്ള അവസരം വാഗ്ദാനം ചെയ്ത് യാതൊരു തരം പണപ്പിരിവും നടത്തിയിട്ടില്ല. എന്നാല്‍ വിവാദങ്ങള്‍ കാരണം പരിപാടിയില്‍ പങ്കെടുക്കാനിരുന്ന പ്രമുഖ വ്യക്തികള്‍ പിന്മാറിയത് പരിപാടിക്ക് തിരിച്ചടിയായി. പരിപാടി നടത്തിപ്പിനുള്ള ഫണ്ടില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ കുറവ് ഇതോടെ ഉണ്ടായെന്നും മന്മഥന്‍ നായര്‍ പറയുന്നു.
പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുമായി ഭക്ഷണം കഴിക്കുന്നത് അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്
മന്‍മഥന്‍ നായര്‍
''സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളില്‍നിന്ന് 1,64,000 രൂപ വീതം (2000 ഡോളര്‍) ഈടാക്കാനായിരുന്നു ആദ്യ തീരുമാനം. ഇത് നോര്‍ക്ക നിരസിക്കുകയും സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. 'പ്രമുഖരോടൊപ്പം അത്താഴം' എന്നാണ് അത് ഉദ്ദേശിക്കുന്നത്, അല്ലാതെ മുഖ്യമന്ത്രിക്കൊപ്പം എന്നല്ല. എം എ യൂസഫലിയെയും രവി പിള്ളയെയും പോലുള്ള വ്യവസായികളോടൊപ്പവും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പവുമുള്ള അത്താഴവിരുന്ന് എന്നതാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്,'' മന്മഥന്‍ നായര്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് നേതാവായ പിണറായി വിജയനെയല്ല പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെയാണ്
മന്‍മദന്‍ നായര്‍
ഈ താരിഫ് ഉപയോഗിച്ച് ഒരു ഡോളർ പോലും ഞങ്ങള്‍ പിരിച്ചിട്ടില്ല. ഈ താരിഫ് ഉപയോഗിച്ച് സ്‌പോണ്‍സര്‍മാരെ ലഭിക്കുമോയെന്ന് അമേരിക്കയിലെ ലോക കേരള സഭാ അംഗങ്ങളുമായി ഞങ്ങള്‍ ആലോചിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസുമായി ബന്ധമുള്ള ചില നേതാക്കള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതാണെന്ന് മന്മഥന്‍ നായര്‍ പറഞ്ഞു.
ലോക കേരള സഭ അമേരിക്കയിലെ മലയാളികള്‍ക്ക് മാത്രം വേണ്ടിയുള്ള ഒന്നല്ല. കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് കൂടി വേണ്ടിയുള്ളതാണ്. അമേരിക്കയിലേക്കുള്ള കുടിയേറ്റവും വെല്ലുവിളികളും നവകേരളവും അമേരിക്കന്‍ മലയാളികളുടെ പങ്കും തുടങ്ങിയ വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുക. ഇവിടെ ഒരു തരത്തിലുളള രാഷ്ട്രീയ അജണ്ടയുമില്ല. കമ്മ്യൂണിസ്റ്റ് നേതാവായ പിണറായി വിജയനെയല്ല പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെയാണ്. മുഖ്യമന്ത്രിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം മലയാളി സമൂഹം നല്‍കണമെന്നും മന്മഥന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ലോക കേരള സഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ വന്‍ തുക പിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് കാരണമായത്. അമേരിക്കന്‍ മലയാളികളുടെ ഗ്രൂപ്പുകളില്‍ മന്ത്രിമാരുടെ ചിത്രം സഹിതമുള്ള പണപ്പിരിവിന്റെ പോസ്റ്ററുകളാണ് വിവാദമുണ്ടാക്കിയത്. താരനിശ മാതൃകയില്‍ താരിഫ് കാര്‍ഡ് പുറത്തിറക്കി പണപ്പിരിവ് നടത്തുന്നുവെന്നും ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ തുക നിശ്ചയിച്ചിരിക്കുന്ന പാസുകളിലെ ഓഫറുകളും വലിയ വിമര്‍ശനത്തിന് ഇടയാക്കി
ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്പീക്കര്‍ എ എന്‍ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. നാളെ ടൈം സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും.