'വിശ്വാസത്തെ വോട്ടാക്കി മാറ്റുന്നത് വര്‍ഗീയത'; എകെ ആന്റണിയുടെ 'മൃദുഹിന്ദുത്വ' പരാമര്‍ശത്തില്‍ വിവാദം മുറുകുന്നു
ഭൂരിപക്ഷ സമുദായത്തെ ഒപ്പം നിര്‍ത്തുന്ന തരത്തിലായിരിക്കണം കോണ്‍ഗ്രസ് സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളെന്ന എകെ ആന്റണിയുടെ പരാമര്‍ശം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു. ആന്റണിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുകയാണ്. എകെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണെന്നാണ് ബിജെപി നിലപാട്.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് എകെ ആന്റണിയെ രൂക്ഷമായി വിമര്‍ശിച്ച് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജേഷ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന് അംഗം കൂടിയായ എകെ ആന്റണിയെ കടന്നാക്രമിക്കുന്നത്. ആന്റണി തന്റെ വാക്കുകളിലൂടെ സമര്‍ത്ഥമായി മൃദു ഹിന്ദുത്വം ഒളിച്ചു കടത്തുകയാണ് എന്നാണ് മന്ത്രി ഉന്നയിക്കുന്ന ആക്ഷേപം. വിശ്വാസത്തെ വോട്ടാക്കി മാറ്റുന്നത് വര്‍ഗീയതയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കുറി തൊടുന്നവര്‍ വിശ്വാസികളാണ്. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും വര്‍ഗീയവാദികളേയല്ല. പക്ഷേ കുറിയോ കാഷായമോ ദൈവ ആരാധനയോ എന്തുമാവട്ടെ, രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗിക്കുമ്പോള്‍ അത് നിഷ്‌കളങ്കമായ വിശ്വാസമല്ല
എംബി രാജേഷ്
കുറി തൊടുന്നവര്‍ വിശ്വാസികളാണ്. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും വര്‍ഗീയവാദികളേയല്ല. പക്ഷേ കുറിയോ കാഷായമോ ദൈവ ആരാധനയോ എന്തുമാവട്ടെ, രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗിക്കുമ്പോള്‍ അത് നിഷ്‌കളങ്കമായ വിശ്വാസമല്ലെന്നും എംബി രാജേഷ് പറയുന്നു. ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശം ഭൂരിപക്ഷത്തിനുമില്ലേ എന്ന ആന്റണിയുടെ ചോദ്യം ദുഷ്ടലാക്കോടെ സംഘപരിവാര്‍ ഇന്ത്യയില്‍ മുഴുവന്‍ ഉയര്‍ത്തുന്നത് എന്നും എംബി രാജേഷ് ചുണ്ടിക്കാട്ടുന്നു. ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും തുല്യനീതിയില്ലെന്ന സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ പ്രചാരണത്തിനാണ് ആന്റണി മൃദുഹിന്ദുത്വത്തിന്റെ അടിയൊപ്പിടുന്നതെന്നും ഇക്കാര്യം യുഡിഎഫിലെ മതനിരപേക്ഷ വാദികള്‍ തിരിച്ചറിയട്ടെ എന്നും മന്ത്രി പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.
കോണ്‍ഗ്രസ് നേരത്തേതന്നെ സ്വീകരിച്ച് വരുന്ന മൃദു ഹിന്ദുത്വനിലപാടിന്റെ പരസ്യപ്രഖ്യാപനം
എംവി ഗോവിന്ദന്‍
നേരത്തെ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ആന്റണിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേരത്തേതന്നെ സ്വീകരിച്ച് വരുന്ന മൃദു ഹിന്ദുത്വനിലപാടിന്റെ പരസ്യപ്രഖ്യാപനമാണ് ആന്റണിയുടെ വാക്കുകളെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. മൃദു ഹിന്ദുത്വനിലപാടിനെ തള്ളുകയല്ല മറിച്ച് അത് സ്വീകരിക്കണമെന്ന് പറയുകയാണ് ആന്റണി ചെയ്തത്. ബിജെപിയെ മൃദു ഹിന്ദുത്വനിലപാടുകൊണ്ട് പ്രതിരോധിക്കാനാകില്ല. . കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വനിലപാട് ബിജെപിയിലേക്ക് ആളുകളെ എത്തിച്ചു നല്‍കുന്ന പാലമായാണ് പ്രവര്‍ത്തിക്കുന്നത്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല. വര്‍ഗീയവാദികള്‍ക്ക് ഒരു വിശ്വാസവുമില്ല. അവര്‍ വിശ്വാസത്തെ വര്‍ഗീയതയ്ക്കുള്ള ഉപകരണമായി ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ആന്റണിയെ തള്ളാതെ പൂര്‍ണ പിന്തുണ നല്‍കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ മുരളീധരന്‍ എംപിയും
അതേസമയം, ആന്റണിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിലും ഭിന്നാഭിപ്രായങ്ങളുണ്ട്. ആന്റണിയെ തള്ളാതെ പൂര്‍ണ പിന്തുണ നല്‍കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ മുരളീധരന്‍ എംപിയും. കാവി മുണ്ട് ഉടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ല. ബിജെപിയിലേക്ക് ആളെക്കൂട്ടുന്ന പരിപാടിയല്ല തങ്ങള്‍ ചെയ്യുന്നത്.' എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനമുണ്ട്. രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളില്‍ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബിജെപിക്ക് വിട്ടു കൊടുക്കുന്നതിന് തുല്യമാണെന്നുമായിരുന്നു മുരളീധരന്റെ നിലപാട്. എന്നാല്‍, ആന്റണിയുടെ പരാമര്‍ശത്തെ തള്ളുകയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെയ്തത്. കോണ്‍ഗ്രസ് സാമുദായിക സംഘടനയല്ല. ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ നിലപാട് സ്വീകരിക്കാന്‍ ആവില്ലെന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം.
ആന്റണിയുടെ പരാമര്‍ശത്തെ തള്ളുകയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു ആന്റണിക്ക് മറുപടി പറഞ്ഞ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. കോണ്‍ഗ്രസ് ഹിന്ദുക്കളെ കൂടി ഉള്‍ക്കൊള്ളണമെന്ന എകെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണ്. ഭരിക്കാന്‍ അവസരം കിട്ടിയപ്പോഴൊക്കെ ഹിന്ദുക്കള്‍ക്ക് ദോഷമുണ്ടാക്കുന്ന നിലപാടാണ് ആന്റണി സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസിനെപ്പോലെ ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച മറ്റൊരു പാര്‍ട്ടിയില്ലെന്നും കെ സുരേന്ദന്‍ കൊച്ചിയില്‍ പ്രതികരിച്ചു.