ഹമാസ് നേതാവിന്റെ പേരിൽ കേരളത്തിൽ വിവാദം; പ്രതിഷേധിച്ച് ബിജെപി, പ്രതിരോധിച്ച് സോളിഡാരിറ്റി
ഹമാസ് നേതാവ് ഖാലിദ് മിശ്അൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തത് വിവാദമാക്കി ബിജെപി. ഹമാസ് തീവ്രവാദി നേതാക്കൾ ഇന്ത്യയുടെ ഇസ്രയേൽ അനുകൂല നിലപാടിനെതിരെ കേരളത്തിൽ വന്ന് സംസാരിക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
സംഭവം കേരള പോലീസും കേന്ദ്ര ഏജൻസികളും അന്വേഷിക്കണമെന്നാണ് ബിജെപി ആവശ്യം. എന്താണ് കേരളത്തിൽ നടക്കുന്നതെന്ന് ചോദിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി കേരളം ഭീകര കേന്ദ്രമായി മാറുകയാണെന്നും ആരോപിച്ചു.
സയണിസ്റ്റ് - ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി മലപ്പുറത്ത് നടത്തിയ യുവജന പ്രതിരോധം പരിപാടിയിലാണ് ഹമാസ് നേതാവ് ഖാലിദ് മിശ്അൽ ഓൺലൈനിലൂടെ സംസാരിച്ചത്. എന്നാൽ ബിജെപിയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച് സോളിഡാരിറ്റി നേതാക്കൾ രംഗത്തെത്തി. ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനയല്ല ഹമാസ് എന്ന് സോളിഡാരിറ്റി പ്രതികരിച്ചു.
'ഇന്ത്യയുടെ ഭീകരവാദി പട്ടികയിൽ ഉൾപ്പെട്ട ആളല്ല ഖാലിദ് മിശ്അൽ എന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സിടി സുഹൈബ് ദ ഫോർത്തിനോട് പറഞ്ഞു. ഓൺലൈനിൽ പങ്കെടുക്കുന്നത് കൊണ്ട് നിയമപരമായ തടസമില്ലെന്ന നിയമോപദേശവും ലഭിച്ചിരുന്നു'. പലസ്തീൻ ജനതയ്ക്ക് വേണ്ടി ലോകം ഒന്നാകെ തെരുവിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഖാലിദ് മിശ്അൽ ഓൺലൈനിലൂടെ സംസാരിച്ചത്.
സമൂഹ മാധ്യമങ്ങൾ വഴി ഇസ്രയേൽ നടത്തുന്ന നുണപ്രചാരണങ്ങളെ പൊളിച്ച് പലസ്തീൻ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ നൽകണമെന്നും സൈനികമായി ഇസ്രയേൽ പരാജയപ്പെട്ടത് കാരണമാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതെന്നും ഖാലിദ് മിശ്അൽ പറഞ്ഞിരുന്നു. മലപ്പുറം ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. ജമാഅത്ത് ഇസ്ലാമിയുടെ യുവജന സംഘടനയാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്.