മഹാരാജാവ് കനിഞ്ഞു നൽകിയ ക്ഷേത്ര പ്രവേശന അനുമതി, ഭദ്രദീപം തെളിയിക്കാൻ 'തമ്പുരാട്ടിമാർ'; ദേവസ്വംബോർഡ് നോട്ടീസ് വിവാദത്തിൽ
സംസ്ഥാന സാംസ്കാരിക-പുരാവസ്തു വകുപ്പും ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന ക്ഷേത്ര പ്രവേശനവിളംബര അനുസ്മരണ ദിനാചരണച്ചടങ്ങിന്റെ നോട്ടീസ് വിവാദത്തിൽ. ചടങ്ങിലേക്ക് ക്ഷണിച്ച് കൊണ്ട് ഡയറക്ടർ ബി. മസൂദനൻ നായരുടെ പേരിൽ പുറത്തിറക്കിയിരിക്കുന്ന നോട്ടീസ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്. നോട്ടീസിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ചില പരാമർശങ്ങളുമാണ് വിമർശനങ്ങൾക്ക് കാരണമായത്. എഴുത്തുകാരൻ അശോകൻ ചെരുവിൽ അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന ചടങ്ങിന്റെ നോട്ടീസ് ആണ് ദേവസ്വം ബോർഡ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 'ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുമനസ്സ് കൊണ്ട് തുല്യം ചാർത്തിയ ക്ഷേത്ര പ്രവേശന വിളംബരദിവസം' എന്ന് പറഞ്ഞാണ് നോട്ടീസ് ആരംഭിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിലാണ് ഈ പരാമർശം നടത്തിയിട്ടുള്ളത് എന്നാണ് പ്രധാന ആക്ഷേപം. തിരുവതാംകൂറിലെ ദളിത് പിന്നാക്ക ജനവിഭാഗങ്ങൾ നിരന്തരം സമരം ചെയ്തും രക്ത സാക്ഷിത്വം വഹിച്ചും നേടിയെടുത്ത ക്ഷേത്ര പ്രവേശ അനുമതിയെ മഹാരാജാവിന്റെ ദയ എന്ന തരത്തിലാണ് നോട്ടീസിൽ കൊടുത്തിട്ടുള്ളതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ചരിത്രം തികച്ചും തെറ്റായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത് എന്നും ഇവർ പറയുന്നു.
ക്ഷേത്ര പ്രവേശന അനുമതിയിൽ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ പങ്കാളിത്തം തിരിച്ചറിഞ്ഞ് കൊണ്ടാണ് സർക്കാർ ക്ഷേത്രപ്രവേശന വിളംബരപുരസ്കാരങ്ങൾ ദളിത് സമൂഹത്തിലെ പ്രതിഭകൾക്ക് നൽകിവരുന്നത്. എന്നാൽ പരിപാടിക്ക് ദീപം തെളിയിക്കാൻ ക്ഷണിച്ചിരിക്കുന്നത് മുൻ രാജ കുടുംബാംഗങ്ങളായ ഗൗരി പാർവതി ഭായി, ഗൗരി ലക്ഷ്മി ഭായി എന്നിവരെയാണ്. ഇരുവരെയും തിരുവിതാംകൂർ രാജ്ഞി'മാരായ രണ്ട് 'ഹെർ ഹൈനസ്' തമ്പുരാട്ടിമാർ എന്നാണ് നോട്ടീസിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 'ജനക്ഷേമകരങ്ങളായ അനേകം പ്രവർത്തനങ്ങൾ കൊണ്ടും ലളിതമധുരമായ സ്വഭാവ വൈശിഷ്ട്യം കൊണ്ടും മഹാജനങ്ങളുടെ സ്നേഹ ബഹുമാനാദികൾക്ക് പാത്രീഭവിച്ച ' രണ്ട് പേർ എന്നാണ് ഇരുവരെയും ക്കുറിച്ച് പറഞ്ഞിരിക്കുന്നത്, - സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. നോട്ടീസിൽ ഉപയോഗിച്ച ഈ ഭാഷയും രാജകുടുംബാംഗങ്ങളെ ദീപം തെളിയിക്കാനായി ക്ഷണിച്ചതിനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്.
നോട്ടീസിൽ ഉപയോഗിച്ചിട്ടുള്ള ഭാഷ അങ്ങേയറ്റം വിനയത്തോടെ ഉപയോഗിച്ചിട്ടുള്ളതാണെന്നും രാജഭക്തി മൂലം ജനാധിപത്യ സംവിധാനത്തെ കളിയാക്കുന്ന പോലെയാണെന്നും ആക്ഷേപമുണ്ട്. ഭരണ ഭാഷയ്ക്ക് വിരുദ്ധമായ പദങ്ങൾ ഉപയോഗിച്ച സാംസ്കാരിക- പുരാവസ്തു ഡയറക്ടറെ തൽസ്ഥാനത്തു നിന്ന് മാറ്റണമെന്നും നിയമമനുശാസിക്കുന്ന ശിക്ഷ നൽകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പരിപാടി റദ്ദാക്കണമെന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു ജനാധിപത്യ ഭരണ സംവിധാനമുള്ള സമൂഹത്തിൽ ഇങ്ങനെ ഒരു വിജ്ഞാപനം ഔദ്യോഗികസ്വഭാവത്തിൽ പുറത്ത് വരുന്നത് അപലപനീയമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. രാജകുടുംബാംഗങ്ങ ളെ തമ്പുരാട്ടിമാർ എന്ന് വിശേഷിപ്പിച്ച് തിരുവിതാംകൂറിലെ പഴയ രാജവംശത്തെ പുന:സ്ഥാപിക്കുവാൻ സർക്കാർ മുതിരുകയാണോ എന്നും സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യമുയരുന്നുണ്ട്.