കെടിയുവില്‍ തര്‍ക്കം രൂക്ഷം; വിസി ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് ഗവേര്‍ണിങ് ബോര്‍ഡ് യോഗം മരവിപ്പിച്ചു

കെടിയുവില്‍ തര്‍ക്കം രൂക്ഷം; വിസി ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് ഗവേര്‍ണിങ് ബോര്‍ഡ് യോഗം മരവിപ്പിച്ചു

സര്‍വകലാശാല ഗവേര്‍ണിങ് ബോര്‍ഡ് യോഗത്തില്‍ വാക്‌പോര്
Updated on
1 min read

സാങ്കേതിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വിസി ഇറക്കിയ ഉത്തരവ് ഗവേര്‍ണിങ് ബോര്‍ഡ് യോഗം മരവിപ്പിച്ചു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് സര്‍വകലാശാല പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കാട്ടി അവതരിപ്പിച്ച പ്രമേയം വിസിയുടെ വിയോജിപ്പോടെയാണ് പാസാക്കിയത്. സര്‍വകലാശാല ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച വിഷയം പഠിക്കാന്‍ മൂന്നംഗ സമിതിയെയും യോഗം ചുമതലപ്പെടുത്തി. എന്നാല്‍ ഉത്തരവ് പിന്‍വലിക്കില്ലെന്ന് വിസി വ്യക്തമാക്കി. തീരുമാനം ചട്ടവിരുദ്ധമാണെന്നും ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും വിസി കൂട്ടിച്ചേര്‍ത്തു.

ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് സര്‍വകലാശാല പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കാട്ടി അവതരിപ്പിച്ച പ്രമേയം വിസിയുടെ വിയോജിപ്പോടെ പാസാക്കി

ഐടി വിഭാഗത്തിന്റെ മേധാവിയായ ബിജു മോന്‍ ടിയെ സ്ഥാനത്ത് നിന്നും മാറ്റി പകരം താല്‍ക്കാലിക ജീവനക്കാരിയെ നിയമിച്ചതിനെതിരെയാണ് ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ് അംഗമായ അസിം റഷീദ് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ യോഗത്തില്‍ പ്രമേയത്തിന് വൈസ് ചാന്‍സിലര്‍ അവതരണാനുമതി നല്‍കാതിരുന്നതോടെ യോഗത്തില്‍ ബഹളമുണ്ടായത്.

സര്‍വകലാശാലയിലെ വ്യക്തി വിവരങ്ങളടക്കം അടങ്ങിയ സര്‍വര്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നത് വിവരങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്ന് ബോര്‍ഡ് അംഗങ്ങള്‍ വാദിച്ചു. ഉത്തരവ് സസ്‌പെന്‍ഡ് ചെയ്യാന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും വൈസ് ചാന്‍സിലര്‍ തായാറായില്ല.

അതേസമയം, കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ച സംഭവത്തിലും അതൃപ്തി തുടരുകയാണ്. ഉപസമതിയെ നിയോഗിച്ച സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്ത വിസി സിസ തോമസ് ഇതിന്റെ മിനുട്‌സില്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തിലെ തീരുമാനങ്ങള്‍ ഔദ്യോഗികമാകണം എങ്കില്‍ വിസി മിനുട്‌സില്‍ ഒപ്പുവയ്ക്കണം. ഉപസമിതിയെ നിയോഗിച്ചത് ചട്ട വിരുദ്ധമാണെന്ന നിലപാടിലാണ് വിസി. ഉപസമിതിയുടെ യോഗം ചേരുന്നത് ഉള്‍പെടെ വിസിയുടെ നടപടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. വിഷയത്തില്‍ സിന്‍ഡിക്കേറ്റിന് എതിരെ വിസി സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

logo
The Fourth
www.thefourthnews.in