നാല് മാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് കേരളത്തിലേക്ക് കടന്നു; ദമ്പതികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ
തമിഴ്‌നാട്ടില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ നിന്ന് നാല് മാസം പ്രായമുള്ള കുട്ടിയെ തട്ടിയെടുത്ത നാരായണന്‍, ഭാര്യ ശാന്തി എന്നിവരെയാണ് തിരുവനന്തപുരം ചിറയിന്‍കീഴില്‍ വച്ച് അറസ്റ്റ് ചെയ്തത്. കുട്ടിയുമായി ഭിക്ഷയെടുക്കാനാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
പ്രതികള്‍ കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ച തമിഴ്‌നാട് പോലീസ് കേരള പോലീസിന്റെ സഹായം തേടുകയായിരുന്നു
കഴിഞ്ഞ ദിവസമാണ് നാഗര്‍കോവിലെ വടശ്ശേരി ബസ്സ്റ്റാന്‍ഡില്‍ നിന്ന് പ്രതികള്‍ കുട്ടിയെ തട്ടി കൊണ്ടുപോയത്. വള്ളിയൂര്‍, പൂങ്കനഗര്‍ സ്വദേശി മുതുരാജ, ജ്യോതിക ദമ്പതികളുടെ മകന്‍ ഹരിയെയാണ് ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങുമ്പോൾ തട്ടിക്കൊണ്ടു പോയത്. ഇരുവരും ബസ് സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നത്. കുട്ടിയെ കാണാതായതോടെ ഇവര്‍ വടശ്ശേരി പോലീസില്‍ പരാതി നല്‍കി.
പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ച പോലീസ് പ്രതികളെ സിസിടിവി വഴി തിരിച്ചറിയുകയും ചെയ്തു. പ്രതികള്‍ കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ച തമിഴ്‌നാട് പോലീസ് കേരള പോലീസിന്റെ സഹായം തേടുകയായിരുന്നു. പിന്നാലെ കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായാണ് ചിറയന്‍കീഴിലെ വാടക വീട്ടില്‍ വച്ച് പ്രതികളെ പിടികൂടിയത്.
കുട്ടിയെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയാല്‍ പണം ലഭിക്കുമെന്നും അതിനാലാണ് കുട്ടിയെ തട്ടി കൊണ്ട് പോയതെന്നുമാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. പ്രതികള്‍ വര്‍ഷങ്ങളായി ചിറയന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപം കുടകള്‍ നന്നാക്കി കൊടുക്കുന്ന ജോലി ചെയ്തു വന്നിരുന്നതായി പൊലീസ് പറഞ്ഞു. വടശ്ശേരി പൊലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യ്തു.