അട്ടപ്പാടി മധു വധക്കേസ്; പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് കോടതി
അട്ടപ്പാടി മധു വധക്കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർകാട് എസ് സി/എസ് ടി കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി വിചാരണ കോടതി പറഞ്ഞു. ജഡ്ജിയുടെ ഫോട്ടോ ചേർത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ജാമ്യം റദ്ദാക്കിയാൽ വിചാരണ ജഡ്ജി മേൽക്കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്നും അഭിഭാഷകൻ പറഞ്ഞതായി വിധിന്യായത്തിൽ പരാമർശിക്കുന്നു.
കേസിലെ മൂന്ന്, ആറ്, എട്ട്, പത്ത്, പന്ത്രണ്ട് പ്രതികളുടെ അഭിഭാഷകനെതിരെയാണ് വെളിപ്പെടുത്തൽ
ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് കേസിലെ പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് പ്രതിഭാഗം അഭിഭാഷകന്റെ പരാമർശങ്ങൾ കോടതി വെളിപ്പെടുത്തിയത്. കേസിലെ മൂന്ന്, ആറ്, എട്ട്, പത്ത്, പന്ത്രണ്ട് പ്രതികളുടെ അഭിഭാഷകനെതിരെയാണ് വെളിപ്പെടുത്തൽ. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പ്രോസിക്യൂഷന്റെ പരാതിയിലാണ് പന്ത്രണ്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷൻ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടർക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. വിചാരണയ്ക്കിടെ ഇതുവരെ വിസ്തരിച്ച 16 സാക്ഷികളിൽ 13 പേരും കൂറുമാറിയിരുന്നു. മധുവിന്റെ ബന്ധുക്കളും കൂറുമാറിയവരിലുണ്ട്. വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക മധുവിന്റെ കുടുംബം പങ്കുവെച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി അമ്മ മല്ലിയും സഹോദരി സരസുവും മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയില്‍ പരാതിയും നല്‍കിയിരുന്നു. ഇതേതുടർന്ന് പ്രതികളുടെ സുഹൃത്ത് ഷിഫാന്‍ എന്നയാളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.