'അധികാരികളുടെ കണ്ണുതുറപ്പിച്ച ഇടപെടല്‍'; മധു വധക്കേസ് വിധിയില്‍ മാധ്യമങ്ങളെ പ്രശംസിച്ച് കോടതി

'അധികാരികളുടെ കണ്ണുതുറപ്പിച്ച ഇടപെടല്‍'; മധു വധക്കേസ് വിധിയില്‍ മാധ്യമങ്ങളെ പ്രശംസിച്ച് കോടതി

മധുവിന് നീതി നടപ്പാക്കുന്നതിൽ മാധ്യമങ്ങൾ സഹായിച്ചുവെന്ന് കോടതി
Published on

അട്ടപ്പാടി മധു വധക്കേസിൽ നീതി ലഭ്യമാക്കുന്നതിന് വഴിയൊരുക്കിയതിൽ മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിച്ച് കോടതി. മധുവിന് നീതി നടപ്പാക്കുന്നതിൽ മാധ്യമങ്ങൾ സഹായിച്ചുവെന്ന് മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി വിധി പ്രസ്താവത്തിൽ പറയുന്നു. മധുവിന്റെ കേസിന് അർഹിക്കുന്ന പ്രാധാന്യം മാധ്യമങ്ങൾ കൊടുത്തില്ലായിരുന്നുവെങ്കിൽ കേസിന്റെ അവസാനം ഇങ്ങനെ ആകുമായിരുന്നില്ല. മധു കൊല്ലപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തത് ഭരണകൂടത്തിന്റെ നടപടികൾ വേഗത്തിലാക്കിയെന്നും കോടതി വ്യക്തമാക്കി.

കേരളം ഒന്നടങ്കം ഏറ്റെടുത്ത അട്ടപ്പാടി മധു വധക്കേസിൽ അഞ്ചുവർഷങ്ങൾക്കിപ്പുറം ഇന്നാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതിൽ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും മണ്ണാർക്കാട് എസ് സി - എസ് ടി കോടതി വിധിച്ചു. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണമെന്ന് കോടതി. പിഴത്തുകയുടെ പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. ജഡ്ജി കെ എം രതീഷ് കുമാർ അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.

'അധികാരികളുടെ കണ്ണുതുറപ്പിച്ച ഇടപെടല്‍'; മധു വധക്കേസ് വിധിയില്‍ മാധ്യമങ്ങളെ പ്രശംസിച്ച് കോടതി
അഞ്ച് വർഷം നീണ്ട നിയമ പോരാട്ടം; മധു വധക്കേസിലെ പ്രധാന നാള്‍വഴികള്‍

അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധു 2018 ഫെബ്രുവരി 22നാണു കൊല്ലപ്പെടുന്നത്. പട്ടിണി മാറ്റാന്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ചാണ് മധുവിനെ കൊന്നത്. അതിവേഗം പ്രതിപ്പട്ടിക തയ്യാറാക്കിയെങ്കിലും പിന്നീടങ്ങോട്ട് കേസിന്റെ വഴിയില്‍ നിരവധി തടസ്സങ്ങളുണ്ടായി. കേസ് അന്വേഷിച്ച അഗളി പോലീസ് മെയ് 31നാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഏപ്രില്‍ 28നാണ് മണ്ണാർക്കാട് പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്. വാദിഭാഗത്തിന്റെ 127 സാക്ഷികളില്‍ 24 സാക്ഷികളാണ് കേസില്‍ കൂറുമാറിയതെന്നതും ശ്രദ്ധേയമാണ്. വിചാരണാവേളയിലെ തുടര്‍ച്ചയായ കൂറുമാറ്റമെന്ന അനീതിയും മധു കേസിലെ അപൂര്‍വതയായി.

'അധികാരികളുടെ കണ്ണുതുറപ്പിച്ച ഇടപെടല്‍'; മധു വധക്കേസ് വിധിയില്‍ മാധ്യമങ്ങളെ പ്രശംസിച്ച് കോടതി
അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന മധു വീട്ടുകാരില്‍നിന്ന് മാറി വനത്തിലായിരുന്നു കഴിഞ്ഞിരുന്നത്. കവലയിലെ കടയില്‍ നിന്നും വിശപ്പുമാറ്റാന്‍ അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മധുവിനെ മര്‍ദിച്ച് അവശനാക്കിയത്. മധുവിന്റെ കൈകള്‍ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നടത്തിച്ചായിരുന്നു കൊണ്ടുപോയത്. നടക്കുമ്പോഴുടനീളം മര്‍ദിച്ചു. പിന്നീട് പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേയ്ക്കും മധു മരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in