ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

'ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു' - ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് നടപടി
Updated on
1 min read

ഗവര്‍ണര്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുളള ഹർജിയാണ് ഹൈക്കോടതി തളളിയത്. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.

ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഗവര്‍ണറുടെ നടപടി ഏകാധിപത്യപരവും ഭരണഘടനാ വിരുദ്ധവും ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനവുമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. ആലുവ പൂക്കാട്ടുപടി സ്വദേശി അഡ്വ. പി വി ജീവേഷാണ് ഹര്‍ജി നൽകിയത്.

ബില്ലിൽ തീരുമാനമെടുക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. അംഗീകാരം നൽകുന്നില്ലെങ്കിൽ നിയമസഭയ്ക്ക് തിരിച്ചയക്കുകയോ രാഷ്ട്രപതിക്ക് അയക്കുകയോ വേണമെന്നും ഹര്‍ജിയിൽ വ്യക്തമാക്കിയിരുന്നു.

അനന്തമായി ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ല. ഭരണഘടനയുടെ 111 -ാം അനുച്ഛേദ പ്രകാരം പാർലമെന്റ് പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതിയും 200 -ാം അനുച്ഛേദ പ്രകാരം നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണറും എത്രയും വേഗം തീരുമാനമെടുക്കണമെന്ന് പറയുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഗവർണറുടെ ഭാഗത്ത് നിന്ന് സ്വേഛാപരവും അധാർമികവുമായ നടപടിയാണ് ഉണ്ടാകുന്നതെന്നയിരുന്നു ഹര്‍ജിയിലെ ആരോപണം.

logo
The Fourth
www.thefourthnews.in