ലൈഫ് മിഷൻ കോഴ കേസ്: വിശദമായ ചോദ്യം ചെയ്യൽ ആവശ്യമെന്ന് ഇഡി; ശിവശങ്കറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ടു
വടക്കഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എം ശിവശങ്കറിനെ നാല് ദിവസം കൂടി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇഡിയുടെ ആവശ്യപ്രകാരം കൂടുതൽ ദിവസം കസ്റ്റഡി അനുവദിച്ചത്. നേരത്തെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടെങ്കിലും കേസിൽ ശിവശങ്കറിന് ക്യത്യമായ പങ്കുണ്ടെന്നും അതിനാൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും ഇഡി അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡി നീട്ടിയത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ ഒരു കോടിയോളം രൂപ കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറിലായിരുന്നു പണം. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് അത് ലൈഫ്മിഷന്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച കമ്മീഷനാണ് എന്ന് സ്വപ്‌ന വെളിപ്പെടുത്തുന്നത്. അതിനു പിന്നാലെയാണ് വീണ്ടും വിശദമായ അന്വേഷണത്തിലേക്ക് ഇഡി കടന്നത്.
സർക്കാരിൻ്റെ ഭവന പദ്ധതിയായ ലൈഫ് മിഷനുവേണ്ടി യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ മൊഴി നൽകിയിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ദിവസമായിരുന്നു ചോദ്യം ചെയ്യലിനെത്താന്‍ ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കിയത്. ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.