നിയമസഭ കയ്യാങ്കളി കേസ്; തുടരന്വേഷണത്തിന് മൂന്ന് ആഴ്ചത്തെ അധികസമയം
നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണം പൂർത്തിയാക്കുവാൻ മൂന്ന് ആഴ്ച കൂടി അധിക സമയം അനുവദിച്ച് കോടതി. അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യത്തെ തുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സമയം നീട്ടി നൽകിയത്. നേരത്തെ അനുവദിച്ചിരുന്ന സമയം സെപ്റ്റംബർ നാലിന് അവസാനിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി മുൻ നിയമസഭ സെക്രട്ടറി ശാരംഗധരൻ, എംഎൽഎമാർ എന്നിവരുൾപ്പെടെ 100 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബി സത്യൻ, കോലിയക്കോട് എൻ കൃഷ്ണൻ നായർ, ജമീല പ്രകാശം, ഇ എസ് ബിജിമോൾ, രാജു എബ്രഹാം, മുല്ലക്കര രത്നാകരൻ, കെ ദാസൻ, കെ രാജു, കെ ബി ഗണേഷ് കുമാർ, എ പി അബ്ദുള്ള കുട്ടി, സി ദിവാകരൻ, കെ പി മോഹനൻ, ഗീത ഗോപി, അനൂപ് ജേക്കബ്, ഡോ. ജയരാജ്, കെ സി ജോസഫ്, സുരേഷ് കുറുപ്പ്, പി സി ജോർജ്, ആർ സെൽവരാജ്, ഉൾപ്പെടെയുള്ളവരുടെ മൊഴിയാണെടുത്തത്. ഇത് കൂടാതെ നിയമസഭ വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷലായിരുന്ന അൻവിൻ ജെ ആന്റണി എന്നിവരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ആയിരുന്നു രണ്ടാംഘട്ട തുടരന്വോഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
2015 മാർച്ച് 13നാണ് ബാർ കോഴകേസിലെ പ്രതിയായ മുൻ ധനകാര്യമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എംഎൽഎമാർ നിയമസഭ തല്ലി തകർത്തത്. 2,20,093 രൂപയുടെ നാശനഷ്ടമായിരുന്നു എംഎൽഎമാർ സർക്കാർ ഖജനാവിന് ഉണ്ടാക്കിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പുറമെ, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ കെ അജിത്, കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.