വരാഹരൂപം പാട്ടിന് വീണ്ടും വിലക്ക്

വരാഹരൂപം പാട്ടിന് വീണ്ടും വിലക്ക്

തൈക്കുടം ബ്രിഡ്ജ് ബാന്‍ഡും പകര്‍പ്പവകാശം കൈവശമുള്ള മാതൃഭൂമി മ്യൂസിക്കുമാണ് കീഴ്ക്കോടതിയെ സമീപിച്ച് ഇൻജംഗ്ഷൻ ഓർഡർ സമ്പാദിച്ചിരുന്നത്
Updated on
1 min read

കാന്താര സിനിമയിലെ 'വരാഹരൂപം' ഗാനവുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. വിഷയത്തിൽ കേരള ഹൈക്കോടതി ഇന്ന് വീണ്ടും ഇടപെട്ടു. കോഴിക്കോട് ജില്ലാ കോടതി നൽകിയ ഇൻജംഗ്ഷൻ ഉത്തരവിനെതിരെ കാന്താര സിനിമയുടെ പ്രൊഡ്യൂസർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഹർജിക്കാരനോട് കീഴ്ക്കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു. സിനിമയുടെ പ്രൊഡ്യൂസറായ ഹൊമ്പാലേ സിനിമാസ് തുടർന്ന് കീഴ്ക്കോടതിയിലെത്തി.

കോഴിക്കോട് കോടതിക്ക് ഇത്തരമൊരാവശ്യം പരിഗണിക്കാനാകില്ലെന്നും തൈക്കുടം ബാൻഡിൻ്റെ പരാതി പകർപ്പവകാശ വിഷയം പരിഗണിക്കുന്ന പ്രത്യേക കോടതി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കോഴിക്കോട് കോടതി ആദ്യം നൽകിയ ഇൻജംഗ്ഷൻ ഉത്തരവ് പിൻവലിച്ച് പ്രത്യേക കോടതി കേസ് പരിഗണിക്കാൻ നിർദേശിച്ചു. ഇതിനെതിരെ തൈക്കുടം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി കോഴിക്കോട് കോടതിയുടെ പുതിയ ഉത്തരവ് സ്‌റ്റേ ചെയ്തു.

തൈക്കുടം ബ്രിഡ്ജിന്റെ 'നവരസം' എന്ന ഗാനം പകര്‍പ്പവകാശം വാങ്ങാതെ കാന്താരയില്‍ ഉപയോഗിച്ചെന്നാണ് കേസ്

പാട്ടിനുമേല്‍ ബൗദ്ധിക അവകാശം ഉന്നയിച്ച തൈക്കുടം ബ്രിഡ്ജ് ബാന്‍ഡും പകര്‍പ്പവകാശം കൈവശമുള്ള മാതൃഭൂമി മ്യൂസിക്കുമാണ് കീഴ്ക്കോടതിയെ സമീപിച്ച് ഇൻജംഗ്ഷൻ ഓർഡർ സമ്പാദിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 28നാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കാന്താരയുടെ നിര്‍മാതാക്കളെയും മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ സ്‌പോട്ടിഫൈ, ഗാന, യൂട്യൂബ് തുടങ്ങിയവയെയും വരാഹരൂപം എന്ന ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയത്. തൈക്കുടം ബ്രിഡ്ജിന്റെ 'നവരസം' എന്ന ഗാനം പകര്‍പ്പവകാശം വാങ്ങാതെ കാന്താരയില്‍ ഉപയോഗിച്ചു എന്നതാണ് കേസ്.

കാന്താര ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കവെയാണ് വിവാദമുയരുന്നത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജിനാണ്.

logo
The Fourth
www.thefourthnews.in