മാങ്ങാ മോഷണക്കേസ് ഒത്തുതീർപ്പായി; തുടർനടപടി അവസാനിപ്പിക്കാന്‍ കോടതി അനുമതി

മാങ്ങാ മോഷണക്കേസ് ഒത്തുതീർപ്പായി; തുടർനടപടി അവസാനിപ്പിക്കാന്‍ കോടതി അനുമതി

തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു
Updated on
1 min read

കാഞ്ഞിരപ്പള്ളിയില്‍ പോലീസുകാരന്‍ പ്രതിയായ മാങ്ങാ മോഷണക്കേസ് ഒത്തുതീർക്കാന്‍ കോടതിയുടെ അനുമതി. തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. ഐപിസി 379 പ്രകാരം രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും കുറ്റങ്ങളുണ്ടെങ്കിൽ പോലീസിന് അന്വേഷിക്കാമെന്നും വിധിയില്‍ പറയുന്നു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നസീബ് അബ്ദുൽ റസാഖിന്റേതാണ് ഉത്തരവ്.

രണ്ടുദിവസമായി നടന്ന വാദത്തിന് ശേഷമാണ് പരാതിക്കാരൻ ഇല്ലെങ്കിൽ കേസ് ഒത്തുതീർപ്പാക്കാൻ കോടതി ഉത്തരവിട്ടത്. കേസ് ഒത്തുതീർപ്പാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പഴക്കട വ്യാപാരി കോടതിയെ സമീപിച്ചത് ചൊവ്വാഴ്ചയാണ് . തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും അതിനാല്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ താത്പര്യമില്ലെന്നുമായിരുന്നു പരാതിക്കാരന്റെ ഹർജി. ഇതേതുടർന്ന് കോടതിയുടെ നിർദേശപ്രകാരം സമർപ്പിച്ച റിപ്പോർട്ടില്‍ പോലീസ് പ്രതിക്കെതിരെ നിലപാടെടുത്തിരുന്നു. കേസ് ഒത്തുതീർക്കരുതെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. പ്രതി പോലീസുകാരനാണെന്നത് ഗൗരവതരമായ വസ്തുതയാണെന്നും കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ പോലീസ് വ്യക്തമാക്കിയിരുന്നു.

മാങ്ങാ മോഷണക്കേസ് ഒത്തുതീർപ്പായി; തുടർനടപടി അവസാനിപ്പിക്കാന്‍ കോടതി അനുമതി
'മാങ്ങ മോഷണക്കേസില്‍ ഒത്തുതീർപ്പ് വേണ്ട'; പോലീസുകാരനെതിരെ പോലീസ് റിപ്പോർട്ട്

ഇടുക്കി എആർ ക്യാമ്പിലെ സിപിഒ വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ പി വി ഷിഹാബിനെതിരെയാണ് മാങ്ങാ മോഷണത്തിന് കേസെടുത്തിരുന്നത്. കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തെ വഴിവക്കിലുള്ള പഴക്കടയില്‍ നിന്നായിരുന്നു മോഷണം. ഷിഹാബ് സ്കൂട്ടറില്‍ മാങ്ങ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഷിഹാബിനെ സർവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കേസെടുത്തതോടെ ഒളിവില്‍ പോയ പോലീസുകാരനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

logo
The Fourth
www.thefourthnews.in