പി പി ദിവ്യയുടെ ജാമ്യഹർജി വ്യാഴാഴ്ച പരിഗണിക്കും; 'ഇരയ്ക്കൊപ്പം പക്ഷേ പ്രതിയെ സംരക്ഷിക്കും', നിലപാട് മാറ്റുമോ സിപിഎമ്മും പോലീസും?
എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുയമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ ഉടൻ നടപടിയില്ല. ദിവ്യയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനായി തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി മാറ്റി.
നവീന്റെ സഹോദരന്റെ പരാതിയിലായിരുന്നു ദിവ്യയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദിവ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
എന്നാല്‍, ഈ നിമിഷം വരെ ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന സർക്കാരോ പോലീസോ തയാറായിട്ടില്ല. വ്യാഴാഴ്ച വരെയാണ് ഇനി ദിവ്യയ്ക്കും പോലീസിനും മുന്നിലുള്ള സമയം. പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുക്കാൻ ഇനിയെങ്കിലും തയാറാകുമോയെന്നതാണ് ചോദ്യം. അതോ ഒളിച്ചുകളി തുടരുമോ!
സിപിഎമ്മും പോലീസും ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു. ഒളിവില്‍ തുടരുന്ന ദിവ്യയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തുന്നില്ലെന്നതാണ് ഉയരുന്ന വിമർശനങ്ങള്‍ക്ക് പിന്നിലെ കാരണം. ഇതിനുപുറമേ വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്ക് മുന്നില്‍ ഹാജരാകാൻ കൂടുതല്‍ സമയവും ദിവ്യയ്ക്ക് അനുവദിച്ചിട്ടുണ്ട്. സർക്കാർ ദിവ്യയെ സംരക്ഷിക്കുന്നുവെന്ന വാദങ്ങള്‍ ശരിവെക്കുന്നതാണ് ഇത്തരം നടപടികള്‍.
നവീന്റെ പത്തനംതിട്ടയിലെ വീട് ഇന്നലെ സന്ദർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സർക്കാരും ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഒപ്പമുണ്ടെന്ന വാഗ്ദാനം നല്‍കിയിരുന്നു. വാഗ്ധാനങ്ങള്‍ പ്രവൃത്തിയിലൂടെ പാലിക്കാൻ സിപിഎമ്മിനോ സർക്കാരിനോ സാധിക്കുന്നില്ലെന്നതും മറ്റൊരു വസ്തുതയായി നിലിനില്‍ക്കുന്നു. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ട് പ്രതിരോധം തീർക്കാമെന്ന നീക്കവും വിജയം കണ്ടിട്ടില്ല.
ദിവ്യയ്ക്കെതിരെ നടപടിയെടുക്കാത്തതില്‍ കണ്ണൂർ, പത്തനംതിട്ട ജില്ലാകമ്മിറ്റികള്‍ തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ഇത്തരം വാദങ്ങളെയെല്ലാം സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നലെ തള്ളി. കണ്ണൂരാണെങ്കിലും പത്തനംതിട്ടയിലാണെങ്കിലും കേരളത്തിലാണെങ്കിലും പാർട്ടി നവീനിന്റെ കുടുംബത്തിനൊപ്പമെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. പാർട്ടിക്കുള്ളില്‍ ഭിന്നതയില്ലെന്ന് തെളിയിക്കാൻ 'പ്രസ്താവന' പ്രഹസനങ്ങളുമുണ്ടായി.
കണ്ണൂർ മുതല്‍ തിരുവനന്തപുരം വരെ വിവിധയിടങ്ങളില്‍ സർക്കാരിനും സിപിഎമ്മിനുമെതിരെ പ്രതിഷേധം ഉയർന്നിട്ടും കാര്യമുണ്ടായിട്ടില്ല. എന്നാല്‍, പ്രതിഷേധങ്ങള്‍ തണുപ്പിക്കാൻ മറ്റ് ചില നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്.
പെട്രോള്‍ പമ്പിന്റെ അനുമതിക്കായി എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ ടി വി പ്രശാന്തനെ ജോലിയില്‍നിന്ന് നീക്കുമന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള നിയോമപദേശം ആരോഗ്യവകുപ്പ് തേടിയിട്ടുണ്ടെന്നും പ്രശാന്തനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും വീണ കൂട്ടിച്ചേർത്തു.
നവീന്‍ ബാബു പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്നതിന് മുന്നോടിയായി കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങിലെത്തിയായിരുന്നു ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എം വൈകിപ്പിച്ചുവെന്നും അവസാനം സ്ഥലംമാറി പോകുന്നതിനു തൊട്ടുമുൻപ് അനുമതി നൽകിയെന്നുമായിരുന്നു പി പി ദിവ്യയുടെ ആരോപണം.
എൻഒസി നൽകിയത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നു പറഞ്ഞ ദിവ്യ, എഡിഎമ്മിന് ഉപഹാരം നൽകുന്ന ചടങ്ങിൽ താനുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിന് പ്രത്യേക കാരണങ്ങളുമുണ്ടെന്നും അത് രണ്ടു ദിവസം കൊണ്ട് നിങ്ങൾ അറിയുമെന്നും പറഞ്ഞിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.
തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ ദിവ്യ താന്‍ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ് ചടങ്ങിന് എത്തിയതെന്ന ആരോപണവും ജാമ്യാപേക്ഷയില്‍ നിഷേധിച്ചു. ജില്ലാ കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.
നവീന്‍ ബാബുവിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കാനും ദിവ്യ തയാറായി. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നുവെന്ന പരാതി നവീന്‍ ബാബുവിനെതിരെ നേരത്തെയും ഉണ്ടായിരുന്നുവെന്നും പ്രശാന്തനു പുറമേ ഗംഗാധരന്‍ എന്നൊരാളും എഡിഎമ്മിനെതിരേ തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും ദിവ്യ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.