കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍

ലോകായുക്ത ഭേദഗതി ബില്ലിൽ സമവായമായില്ല; സഭയിലെടുക്കുന്ന നിലപാട് പരസ്യമാക്കില്ലെന്ന് കാനം

വിയോജിപ്പ് നേരത്തേ തന്നെ തുറന്ന് പറഞ്ഞതാണ്. ബില്‍ സഭയില്‍ വരുമ്പോള്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കും
Updated on
1 min read

ലോകായുക്തയുടെ അധികാര പരിധി നിശ്ചയിക്കുന്നതിനുള്ള ഭേദഗതി ബില്ലിനെതിരെ എതിര്‍പ്പ് അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിയോജിപ്പ് നേരത്തേ തന്നെ തുറന്ന് പറഞ്ഞതാണ്. ബില്ല് ചര്‍ച്ചക്കെടുക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഒത്തുതീര്‍പ്പ് നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. എന്നാല്‍ ഗവര്‍ണര്‍ക്ക് അയച്ച ഓര്‍ഡിനന്‍സ് അതുപോലെ അവതരിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു.

''ബില്‍ സഭയില്‍ വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും, പാര്‍ട്ടി നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കും പരസ്യമായി പറയാനില്ല'' കാനം പറഞ്ഞു. ബില്ല് അവതരിപ്പിക്കുന്ന അന്ന് തന്നെ പാസ്സാവുകയില്ലല്ലോ എന്നും കാനം കൂട്ടിച്ചേര്‍ത്തു. ലോകായുക്ത വിധി നടപ്പാക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍, മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി എന്നിവരില്‍ ഒതുക്കി നിര്‍ത്തുന്നതിനെതിരെ സിപിഐ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വിഷയത്തെക്കുറിച്ച് പഠിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

ലോകായുക്താഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കുമ്പോളാണ് ഭരണപക്ഷത്തില്‍ നിന്ന് തന്നെ ബില്ലിനെ ശക്തമായി പ്രതികൂലിച്ചു കൊണ്ടുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നു വരുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള അഴിമതികളെ മറച്ചു വയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം എന്ന ആക്ഷേപം നിലനില്‍ക്കെയാണ് ബുധനാഴ്ച്ച ലോകായുക്താ ഭേദഗതി ബില്‍ നിയമസഭയില്‍ പരിഗണനയ്ക്ക് എത്തുന്നത്.

''ബില്‍ സഭയില്‍ വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും, പാര്‍ടി നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കും പരസ്യമായി പറയാനില്ല''

നേരത്തെ ഭേദഗതി ഓര്‍ഡിനന്‍സാക്കി ഇറക്കിയിരുന്നെങ്കിലും നിശ്ചിത സമയത്ത് ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് അസാധു ആയിരുന്നു. ഈ സാഹചര്യത്തിലാണ് ലോകായുക്താഭേദഗതി ബില്ലടക്കം പരിഗണിക്കുന്നതിനായി തിങ്കളാഴ്ച്ച മുതല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പ്രതിപക്ഷത്തോടൊപ്പം സിപിഐ കൂടി ബില്ലിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്നോട്ട് വന്നതോടെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ നിയമസഭയില്‍ ഉയരുമെന്ന് വ്യക്തമാണ്.

logo
The Fourth
www.thefourthnews.in